Thursday
23 May 2019

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ പിളര്‍ത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്: കോടിയേരി

By: Web Desk | Monday 25 February 2019 6:50 PM IST


കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ പിളര്‍ത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് എന്ന് കോടിയേരി. കേരളാ കോണ്‍ഗ്രിന്റെ വിലപേശല്‍ ശക്തി കുറയ്ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ചെന്നിത്തല പി ജെ ജോസഫിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയാണെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ എന്നും പിളര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് പിളരുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും കോണ്‍ഗ്രസിനാണ്.

പി ജെ ജോസഫ് എല്‍ഡിഎഫില്‍ മാന്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നേതാവാണ്. നിലവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശക്തി ജോസഫിനുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണി എന്നും സാമുദായിക സംഘടനകളുമായി സൗഹൃദ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റൊന്നുമില്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു ഇതെന്നും കോടിയേരി പറഞ്ഞു.

ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് കൊണ്ടു വരുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഇത്തരത്തില്‍ ഒരു നിയമവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനെല്ലാം രാജ്യത്തെ നിയമങ്ങളും സഭക്കുള്ളിലെ നിയമങ്ങളുമുണ്ട്. നിയമ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വെബ്‌സൈറ്റിലിട്ട കുറിപ്പാണ് ചിലര്‍ കുപ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇത് സര്‍ക്കാര്‍ നയമല്ല. സാമുദായിക സംഘടനകളുമായി സിപിഎം എന്നും സൗഹൃദ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് 91 മുതല്‍ സ്വീകരിച്ചു വരുന്ന നിലപാടാണ് ഇപ്പോഴും തുടരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി മാനിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. വിശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെ കുഴപ്പത്തിലാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. അതിന് അവര്‍ എന്‍എസ്എസിനെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിന്റെ പേരില്‍ കോടതി വിധി തള്ളിപ്പറയാന്‍ സര്‍ക്കാരിനാവില്ലെന്നും കോടിയേരി പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Related News