ദൈവത്തിന്റെ പേര് പറഞ്ഞതില്‍ ഒരു കേസും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; മോഡി പറയുന്നത് പച്ചക്കള്ളം

Web Desk

കണ്ണൂര്‍

Posted on April 19, 2019, 2:42 pm

കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് മനസ്സിലാക്കിയ മോഡിക്ക് സമനിലതെറ്റിയിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പച്ച കള്ളമാണ് വിളിച്ചു പറഞ്ഞത്. കേരളത്തെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെത്. ദൈവത്തിന്റെ പേര് പറഞ്ഞതില്‍ ഒരു കേസും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അക്രമം കാണിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ആര്‍ എസ് എസ് കൂട്ടക്കൊല ചെയ്താലും കേസെടുക്കാത്തത് പോലെ കേരളത്തില്‍ നടക്കില്ല. അത് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പച്ചക്കള്ളവുമായി രംഗത്തെത്തിയത്. 12 കൊല്ലമായി സുപ്രീം കോടതിയില്‍ നടന്നുവരുന്ന കേസാണ്. എന്നാല്‍ ഈ കാലയളവില്‍ വിഷയത്തില്‍ മോദിയും ബി ജെ പിയും മൗനം പാലിക്കുകയാണ് ചെയ്തത്.

സുപ്രീം കോടതി വിധി എന്തായാലും അത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കും. പ്രളയത്തിന് കാരണം സര്‍ക്കാരാണെന്നാണ് പഴി ചാരുന്നത്. എന്നാല്‍ കേരള ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തന്നെ അമിതമായ മഴയാണ് പ്രളയത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് 2 വോട്ട് അധികം കിട്ടുന്നതിന് ഇത്തരം കള്ള പ്രചാരവേല നടത്തുന്നത് ഒരു പ്രധാനമന്ത്രിക്ക് യോജിക്കുന്നതല്ല. ആര്‍ എസ് എസുകാരന്റെ പ്രചാരവേലയായിട്ടാണ് തോന്നുന്നത്. പ്രളയകാലത്ത് കേരളത്തെ സഹായിക്കാത്ത വിദേശ സഹായം വാങ്ങാന്‍ അനുവദിക്കാത്ത പ്രധാന മന്ത്രിയാണ് മോദി. കേരളത്തിലെ മുഖ്യമന്ത്രി ലാവ് ലിന്‍ കേസിന്റെ നിഴലിലാണെന്നും മറ്റ് മന്ത്രിമാരും അഴിമതി കേസില്‍ പെട്ടിട്ടുണ്ടെന്നും മോദി ഇന്നലെ പറഞ്ഞത് അദ്ദേഹത്തിന്റെ സമനില തെറ്റിയത് കൊണ്ടാണ്. ഒരു കേസില്‍ പോലും മുഖ്യമന്ത്രി പ്രതി സ്ഥാനത്തില്ല.

അതേ സമയം കേന്ദ്ര സര്‍ക്കാര്‍ അഴിമതിയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച അഴിമതി നടത്തി കൊണ്ടിരിക്കുകയാണ്. റാഫേല്‍ കുംഭകോണത്തില്‍ പ്രധാന മന്ത്രി തന്നെപ്പെട്ടിരിക്കുകയാണ്. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. അഞ്ച് വര്‍ഷത്തെ ബി ജെ പി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അമര്‍ഷമുള്ളത് കേരളത്തിലെ ജനങ്ങള്‍ക്കാണ്. അതു കൊണ്ട് മോദിയും അമിത് ഷായും കേരളത്തില്‍ എത്ര തവണ പറന്ന് വന്നിട്ടും കാര്യമില്ല. ബി ജെ പി യുടെ വോട്ട് ബി ജെ പി ക്ക് തന്നെ ചെയ്യിക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.