Thursday
23 May 2019

‘ഗംഗയില്‍ എത്ര കുളിച്ചാലും ജനങ്ങളോട് ചെയ്തതിന് മുക്തിയില്ല’

By: Web Desk | Monday 25 February 2019 10:27 PM IST


kodiyeri

വണ്ടിപ്പെരിയാര്‍: ആയിരം തവണ ഗംഗയില്‍ കുളിച്ചാലും കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ ജനങ്ങളോട് ചെയ്ത് പാപത്തില്‍ നിന്നും മോഡിക്ക് മോചനം ലഭിക്കില്ലെന്നും അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുന്ന ശിക്ഷ ഏറ്റു വാങ്ങാന്‍ ഒരുങ്ങിക്കൊള്ളാനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ കേരളസംരക്ഷണ യാത്ര ഇടുക്കി ജില്ലയില്‍ പ്രവേശിച്ചു. ജാഥാ ക്യാപ്റ്റനായ കോടിയരി ബാലകൃഷ്ണനെ ജില്ലാ അതിര്‍ത്തിയായ 35-ാം മൈലില്‍ വച്ച് സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

കേരളസംരക്ഷണ യാത്രയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പീരുമേട് നിയോജക മണ്ഡലത്തിലെ വണ്ടിപ്പെരിയാറില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ ഘടനയെയും ജുഡീഷ്യറിയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചും
അവഗണിച്ചുമുള്ള ഭരണമാണ് മോഡി നടത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ പറ്റാത്ത
അവസ്ഥയാണ് രാജ്യത്തുള്ളത്.വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആര്‍എസ്എസിന്റെ ചട്ടുകമായി മാറിയ മോഡിയുടെ പിന്തുണയാണ് മതന്യൂനപക്ഷങ്ങളെയും ദളിതരെയും വേട്ടയാടാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ധൈര്യം നല്‍കുന്നത്. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ അവസ്ഥ മോഡിയാക്കിയിരിക്കുന്നത്. കര്‍ഷകരെയും തൊഴിലാളികളെയും യുവജനങ്ങളെയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പാടേ മറന്ന മോഡി പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നായി കുത്തക
മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തു കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ വിമാന താവളങ്ങളാണ് ഏറ്റവും ഒടുവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമ്പാനിമാരും ആദാനിമാരും കൊഴുത്തു വളര്‍ന്നപ്പോള്‍ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും ജീവിക്കാന്‍ ഭിക്ഷാടനത്തിന് ഇറങ്ങേണ്ട ഗതികേടിലായിരിക്കുകയണെന്നും കോടിയേരി പറഞ്ഞു. ആയിരം ദിനങ്ങള്‍ക്കൊണ്ട് 1500 പദ്ധതികള്‍ക്ക് തുടക്കമിട്ട് വികസന മുന്നേറ്റത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. വികസനത്തിനൊപ്പം സാമൂഹ്യനീതിയും സ്ത്രീസുരക്ഷയും ഉറപ്പാക്കിയുള്ള ഭരണമാണ് കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്. സാമൂഹ്യ നീതി എങ്ങിനെയാണ് ഫലപ്രദമായി നടപ്പാക്കേണ്ടതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചു തന്നിരിക്കുകയാണ്. സാമൂഹ്യ പെന്‍ഷനുകള്‍ ഉയര്‍ത്തിയതും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നടപടികള്‍ സ്വീകരിച്ചതും ഇതിന്റെ ഉദാഹരണങ്ങളാണ്.

പിഎസ്‌സി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. സ്ത്രീകള്‍ക്ക് വരുമാനവും സുരക്ഷയും ഉറപ്പാക്കാന്‍ സാധിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും കോടിയേരി പറഞ്ഞു. വണ്ടിപ്പെരിയാറില്‍ നടന്ന സമ്മേളനത്തില്‍ എല്‍ഡിഎഫ് പീരുമേട് മണ്ഡലം കണ്‍വീനര്‍ ജോസ് ഫിലിപ്പ് അധ്യക്ഷനായിരുന്നു. മന്ത്രി എം എം മണി, അഡ്വ.ജോയ്‌സ് ജോര്‍ജ് എം പി, ഇ എസ് ബിജിമോള്‍ എം എല്‍ എ, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Related News