ഇന്ത്യന്‍ ആധിപത്യം

Web Desk
Posted on October 05, 2018, 10:50 pm

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സമഗ്ര ആധിപത്യം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 649 ന് ഒമ്പത് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങില്‍ വിന്‍ഡീസിന് 94 റണ്‍സിന് ആറുവിക്കറ്റുകള്‍ നഷ്ടമായി.

രണ്ടാം ദിനം നാലിന് 364 എന്ന നിലയില്‍ മത്സരം പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വിരാട് കോലിയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ചുറി നേടി. കോലി 139 റണ്‍സ് നേടി പുറത്തായപ്പോള്‍ ജഡേജ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ജഡേജയുടെ ടെസ്റ്റ് കരിയറിലെ ആദ്യസെഞ്ചുറിയാണിത്. 84 പന്തില്‍ നിന്നും 92 റണ്‍സ് നേടി തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും മികച്ച പ്രകടനം നടത്തി. എട്ട് ഫോറും നാല് സിക്‌സും റിഷഭ് പറത്തി. രണ്ടാംദിനത്തിലെ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അടിച്ചുകൂട്ടിയത് 142 റണ്‍സായിരുന്നു.
ജഡേജയെ ഒപ്പംചേര്‍ത്ത് കൂട്ടുകെട്ടുണ്ടാക്കിയ കോലി 184 പന്തിലാണ് 100 റണ്‍സ് നേടിയത്. എന്നാല്‍ 124 ാം ഓവറില്‍ ലെവിസ് കൂട്ടുകെട്ട് പൊളിച്ചു. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് നായകന്റെ ഇന്നിങ്‌സ്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ചാണ് ജഡേജ തന്റെ കന്നി സെഞ്ച്വറി കണ്ടെത്തിയത്. 132 പന്തില്‍ 5 വീതം ബൗണ്ടറികളും സിക്‌സറുകളുമടക്കം ജഡേജ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ആദ്യ ദിനത്തില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ തകര്‍പ്പന്‍ സെഞ്ചുറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 86 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും മികച്ച പിന്തുണ നല്‍കി. വെസ്റ്റിന്‍ഡീസിന് വേണ്ടി ദേവേന്ദ്ര ബിഷൂ നാല് വിക്കറ്റും ലെവിസ് രണ്ടും ചേസ് ‚ഗബ്രിയേല്‍, ബ്രാത്വയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ (2) ഷാമി വിക്കറ്റിന് മുന്നില്‍ കുരുക്കി. സ്‌കോര്‍ ഏഴില്‍ നില്‍ക്കേ കീറണ്‍ പവലിനെ എല്‍ബിയില്‍ കുരുക്കി ഷാമി രണ്ടാം വിക്കറ്റും സ്വന്തമാക്കി.

തുടര്‍ന്ന് ഷായ് ഹോപും ഷിംറോണ്‍ ഹിറ്റ്‌മെയറും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധികനേരം നീണ്ടില്ല. ഷായ് ഹോപിന്റെ വിക്കറ്റ് അശ്വിന്‍ പിഴുതപ്പോള്‍ അനാവശ്യ റണ്ണൗട്ടിലൂടെ ഹിറ്റ്‌മെയര്‍ പുറത്താവുകയായിരുന്നു. 12 റണ്‍സെടുത്ത ആംബ്രിസിനെ ജഡേജയും 10 റണ്‍സെടുത്ത ഷെയ്ന്‍ ഡോറിച്ചിനെ കുല്‍ദീപ് യാദവും മടക്കിയയച്ചു. 27 റണ്‍സുമായി റോസ്റ്റന്‍ ചേസും 15 റണ്‍സുമായി കീമോ പോളുമാണ് ക്രീസില്‍.