ആരാധകനുളള കോലിയുടെ മറുപടി വിവാദത്തില്‍

Web Desk
Posted on November 07, 2018, 10:18 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ ഇഷ്ടമല്ലെന്നു പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്ക് നായകന്‍ വിരാട് കോലി കൊടുത്ത മറുപടി വൈറലാവുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരേക്കാള്‍ താന്‍ കാണാനാഗ്രഹിക്കുന്നത് ഓസ്‌ട്രേലിയന്‍, ഇംഗ്ലണ്ട് താരങ്ങളുടെ ബാറ്റിങ്ങാണെന്നും പറഞ്ഞ ആരാധകനാണ് കോലിയുടെ വിവാദ മറുപടി. ക്രിക്കറ്റ് പ്രേമിക്ക് നായകന്‍ വിരാട് കോലി കൊടുത്ത മറുപടി ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് താങ്കള്‍ ജീവിക്കുന്നതാകും നല്ലതെന്നായിരുന്നു .

വിരാട് ഓവര്‍ റേറ്റഡ് ബാറ്റ്‌സ്മാനാണ്, അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ അത്ര വലിയ പ്രത്യേകതകളൊന്നും കാണാനില്ല. ഞാന്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംഗിനേക്കാള്‍ കൂടുതല്‍ ഓസീസ്, ഇംഗ്ലീഷ് താരങ്ങളുടെ ബാറ്റിങ് കാണാനാണ് ആഗ്രഹിക്കുന്നത്. ഇങ്ങനെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെ പോസ്റ്റ്. അതിന് കോലിയുടെ മറുപടി; എന്നെ താങ്കള്‍ ഇഷ്ടപ്പെടാതിരിക്കുന്നത് തന്നെ ബാധിക്കുന്ന കാര്യമല്ല, എന്തിനാണ് നിങ്ങള്‍ ഈ രാജ്യത്ത് ജീവിച്ചുകൊണ്ട് മറ്റുരാജ്യങ്ങളെ സ്‌നേഹിക്കുന്നത്, താങ്കള്‍ മറ്റെവിടെയെങ്കിലും പോകുന്നതാകും നല്ലത്. നായകന്റെ മറുപടി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.