Web Desk

ന്യൂഡല്‍ഹി

November 07, 2020, 10:24 pm

കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണം: ഗംഭീര്‍

Janayugom Online

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലിയെ പുറത്താക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. തുടർച്ചയായ 13–ാം സീസണിലും റോയൽ ചലഞ്ചേഴ്സ് കിരീടമില്ലാതെ മടങ്ങിയ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന.

എട്ട് വര്‍ഷം വലിയൊരു കാലയളവാണ്. ഇതിനിടയില്‍ ഒരു ടീമിന് ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു പരാജയമാണ്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം നായകന്‍ എന്ന നിലയില്‍ കോലി ഏറ്റെടുക്കണം. നെഞ്ചിൽ കൈവച്ച് ‍ഞാനാണ് ഉത്തരവാദിയെന്ന് പറയാൻ കോലിക്ക് കഴിയണം’ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടു തവണ കിരീടത്തിലേക്ക് നയിച്ച നായകനായ ഗംഭീർ പറഞ്ഞു. 2012, 2014 വർഷങ്ങളിലാണ് ഗംഭീറിനു കീഴിൽ കൊൽക്കത്ത കിരീടം ചൂടിയത്. ഐപിഎലിൽ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ സ്ഥിരം വിമർശകനായ ഗംഭീർ, ക്യാപ്റ്റനെന്ന നിലയിൽ പരാജയപ്പെട്ട വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനോട് കിങ്സ് ഇലവൻ പഞ്ചാബ് ചെയ്തതെന്തെന്ന് ഉദാഹരണമായി എടുത്തുകാട്ടി.

രവിചന്ദ്രൻ അശ്വിന് സംഭവിച്ചത് എന്താണെന്ന് എല്ലാവർക്കുമറിയാം. രണ്ടു വർഷം ടീമിനെ (കിങ്സ് ഇലവൻ പഞ്ചാബിനെ) നയിച്ചിട്ടും ഫലമില്ലാതെ പോയതോടെ അ­വർ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റി’ – ഗംഭീർ ചൂണ്ടിക്കാട്ടി. ഇത്തവണ ഐപിഎല്‍ ഫെെനല്‍ കാണാതെയാണ് കോലിയും സംഘവും പുറത്തായത്. എലിമിനേറ്ററില്‍ സണ്‍റെെസേഴ്‌സ് ഹെെദരബാദിനോട് തോല്‍വി വഴങ്ങുകയായിരുന്നു. ആറ് വിക്കറ്റിനാണ് ഹെെദരാബാദ് ആര്‍സിബിയെ തോല്‍പ്പിച്ചത്. നായകന്‍ കോലി ആര്‍സിബിക്ക് വേണ്ടി കഴിഞ്ഞദിവസം നേടിയത് വെറും ആറ് റണ്‍സ് മാത്രമാണ്.