Thursday
21 Feb 2019

കൊല്‍ക്കത്ത എസ്ബിഐ ഓഫീസില്‍ അഗ്നിബാധ

By: Web Desk | Thursday 19 October 2017 7:34 PM IST

കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഗോള മാര്‍ക്കറ്റ് ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം.
കൊമേഴ്‌സ്യല്‍ കെട്ടിടത്തിന്റെ 16ാം നിലയിലാണ് വ്യാഴാഴ്ച വന്‍ തീപിടിത്തമുണ്ടായത്.
എസ്ബിഐയുടെ ജീവന്‍ സുധാ കെട്ടിടത്തിലെ സെര്‍വര്‍ റൂമില്‍ നിന്നുമാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും തീപിടുത്തത്തില്‍നശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കാര്യമാക്കേണ്ടെന്നും അതിന്‍രെ പകര്‍പ്പുകള്‍ മുംബൈ ഓഫീസിലും കൊല്‍ക്കത്തയിലെ പ്രാദേശിക ഓഫീസുകളിലും സൂക്ഷിച്ചിട്ടുണ്ടെന്ന് എസ്ബിഐ ജനറല്‍ മാനേജര്‍ വെങ്കിടേഷ് ഭരദ്വാജ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് ആരും ഓഫീസിനുള്ളില്‍ പെട്ടുപോയിരുന്നില്ലെന്നും അവധിയായിരുന്നതിനാല്‍ ആരും ഉള്ളതായി അറിവ് ലഭിച്ചിരുന്നില്ലെന്നും എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജര്‍ പി. എസ്. സെന്‍ഗുപ്ത പറഞ്ഞു. അഗ്നിബാധ ഉണ്ടായ വാര്‍ത്ത അറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ എത്തിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജവഹര്‍ലാല്‍ നെഹ്രു റോഡില്‍ 19 നിലകളുള്ള കെട്ടിടത്തില്‍ എസ്ബിഐ, എല്‍ഐസി, തുടങ്ങിയ മറ്റു ഓഫീസുകളുമുണ്ട്.
തീ ഉച്ചയോടെ നിയന്ത്രണ വിധേയമായതായി ഡെപ്യൂട്ടി ഫയര്‍ ഡയറക്ടര്‍ സമീര്‍ ചൗധരി പറഞ്ഞു. അതേസമയം തീപിടിച്ചതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.