October 6, 2022 Thursday

കൊല്ലത്ത്‌ നിന്നും കാണാതായി പാലക്കാട്‌ കൊല്ലപ്പെട്ട ബ്യൂട്ടീഷൻ സുചിത്രയുടെ മരണം: നിർണ്ണായക വെളിപ്പെടുത്തലുകൾ

Janayugom Webdesk
കൊല്ലം
May 1, 2020 10:51 am

ഒന്നര മാസം മുമ്പ് കൊല്ലത്തുനിന്ന് കാണാതായ മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്രയെ (42) കൊലപ്പെടുത്തിയ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) റിമാൻഡ് ചെയ്‌തു. പാലക്കാട് മണലിയിലെ വാടകവീടിനു സമീപം കുഴിച്ചിട്ട മൃതദേഹം കണ്ടെത്താൻ അവിടെ കൊണ്ടുപോയ പ്രശാന്തിനെ ഇന്നലെ പുലർച്ചെ 2.45 ഓടെയാണ് കൊല്ലത്ത് തിരികെയെത്തിച്ചത്. മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിന്റെ പള്ളിമുക്കിലുള്ള ബ്യൂട്ടീഷന്‍ പഠിപ്പിക്കുന്ന സെന്ററിലെ ട്രെയിനറായ സുചിത്രയ്ക്ക് കുടുംബ സുഹൃത്തിന്റെ ഭര്‍ത്താവ് സംഗീത അധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തുമായുള്ള അടുപ്പം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലൊന്നും കൊലപാതക വിവരം പറയാതിരുന്ന പ്രതിയെ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ്. ബ്യൂട്ടിഷന്‍ ട്രെയിനറായ സുചിത്ര യുവാവിനടുത്തേയ്ക്ക് എത്തുകയും പിന്നീട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുചിത്ര ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് താൻ കൊലചെയ്തതെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു. സുചിത്ര കൊല്ലപ്പെടുമ്പോൾ ഗർഭിണിയായിരുന്നു വെന്നാണ് വിവരം. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാൾ സുചിത്രയ്ക്കു നൽകാനുണ്ടായിരുന്നു എന്നാണു സൂചന. സുചിത്രയ്ക്ക് 42 വയസ്സായിരുന്നു. രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാല്‍ രണ്ടും അലസി പിരിഞ്ഞു. ഇതും പ്രതിക്ക് ഇവരോട് അടുക്കാനൊരു കാരണമായി. ഇതിനിടെ സുചിത്രക്കു പ്രശാന്തിന്റെ വീട്ടില്‍ വരണമെന്ന ആഗ്രഹം പ്രശാന്തിനോട് പറയുകയും തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പ്രശാന്ത് പറഞ്ഞയയ്ക്കുകയുമായിരുന്നു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്. അവിടെ വച്ചാണ് സുചിത്രയും പ്രശാന്തും തമ്മിൽ വാക്കു തർക്കമുണ്ടാകുന്നതും കൊലപാതകം നടക്കുന്നതും. പ്രശാന്തിൽ നിന്ന്‌ തനിയ്ക്കൊരു കുട്ടിയെ വേണമെന്ന നിർബ്ബന്ധമാണ്‌ വാക്കുതർക്കത്തിനിടയാക്കിയത്‌. തുടർന്ന്‌ പ്രതി പ്രശാന്ത്‌ സുചിത്രയെ മർദ്ദിക്കുകയും കട്ടിലിന്‌ സമീപമുള്ള മേശമേൽ ഇരുന്ന എമർജൻസി ലാംബിന്റെ കേബിൾ ഉപയോഗിച്ച്‌ കഴുത്തുമുറുക്കി സുചിത്രയെ വകവരുത്തുകയുമായിരുന്നു.

സുചിത്രയുടെ കുടുംബമാണ് ഇവരെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്.. മാര്‍ച്ച് 17 ന് പതിവ് പോലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി ഇറങ്ങിയ സുചിത്ര അന്നേ ദിവസം തന്നെ തന്റെ ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നും ആലപ്പുഴ പോകണമെന്നും പറഞ്ഞ് അവധിയെടുത്തിരുന്നു. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളമുക്കിലുള്ള ട്രെയിനിംഗ് അക്കാദമിയിലേയ്ക്കാണ് പോയിരുന്നത്. ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നും ആലപ്പുഴ പോകണം എന്നുള്ള കാര്യവും മെയില്‍ വഴിയാണ് അറിയിച്ചതെന്നും 18 ന് വീണ്ടും തനിക്ക് അഞ്ച് ദിവസത്തെ അവധി കൂടി വേണമെന്നാവശ്യപ്പെട്ട് മെയില്‍ അയച്ചിരുന്നുവെന്നും സ്ഥാപന ഉടമ പറയുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവുമില്ലായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

മാര്‍ച്ച്‌ 20 നാണ് കൊലപാതകം നടത്തിയത്. ഒരു ദിവസം മൃതദേഹത്തോടൊപ്പം കഴിച്ചു കൂട്ടി. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

Eng­lish Sum­ma­ry: kol­lam beau­ti­cian sujithra mur­der followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.