Wednesday
20 Mar 2019

സ്മരണകള്‍ ഇരമ്പുന്ന കന്‍റോണ്‍മെന്‍റ്

By: Web Desk | Saturday 24 March 2018 11:11 AM IST


പി എസ് സുരേഷ്

എത്രയെത്ര സമരങ്ങളുടെ കഥകളാണ് കൊല്ലം കന്റോണ്‍മെന്റ് മൈതാനിക്ക് പറയാനുള്ളത്. ധീരദേശാഭിമാനി വേലുത്തമ്പി ദളവയ്‌ക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ ആക്രമണം കേന്ദ്രീകരിച്ചത് ഈ കന്റോണ്‍മെന്റ് മൈതാനത്താണ്. തീപാറുന്ന നിരവധി സമരങ്ങള്‍ക്ക് പില്‍ക്കാലത്ത് ഇവിടം വേദിയായി. 1938ലെ (1114 ചിങ്ങം) വെടിവയ്പ് നടന്നതും ഇവിടെ തന്നെ. നാല് പേരാണ് അന്ന് രക്തസാക്ഷിത്വം വഹിച്ചത്. ആശ്രാമം ലക്ഷ്മണന്‍, അയത്തില്‍ ബാലകൃഷ്ണപിള്ള, കൊല്ലൂര്‍വിള മൈതീന്‍കുഞ്ഞ്, കുരീപ്പുഴ കൊച്ചുകുഞ്ഞ്. ഔദ്യോഗിക കണക്കനുസരിച്ച് നാല് പേര്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. അങ്ങനെ എട്ട് പേര്‍ക്ക് വെടിയേറ്റുവെന്നാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം എത്രയെന്ന് ഇന്നും വ്യക്തതയില്ല. അന്ന് മരിച്ചുവരുടെയാരുടേയും മൃതദേഹം വീട്ടുകാരെ കാണിച്ചില്ല. പൊലീസ് തന്നെ മറവ് ചെയ്യുകയായിരുന്നു. മൃതദേഹം ആവശ്യപ്പെടാന്‍ വീട്ടുകാര്‍ക്ക് അവകാശമില്ലാത്ത സംഭീതമായ അവസ്ഥയായിരുന്നു.
സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അന്ന് യോഗം നടന്നപ്പോള്‍ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറ് മൂലം കുറേ പൊലീസുകാര്‍ക്കും പരിക്കേറ്റു. ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് സമരക്കാര്‍ കത്തിച്ചുവെന്നാണ് ആരോപണം. അതിന്റെ പേരില്‍ 28 പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളാരും ചില്ലറക്കാരായിരുന്നില്ല. സി കേശവന്‍, കുമ്പളത്ത് ശങ്കുപ്പിള്ള, കേരളകൗമുദി സുകുമാരന്‍, തൊഴിലാളി നേതാക്കളായ കെ സി ഗോവിന്ദന്‍, എം ജി കോശി, പി ജി വര്‍ഗീസ് തുടങ്ങിയവര്‍ പ്രതിപട്ടികയിലുണ്ടായിരുന്നു.
ഉത്തരവാദഭരണ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമായിരുന്നു അന്ന് കൊല്ലത്ത് അരങ്ങേറിയത്. നിയമലംഘന യോഗം രാജ്യവ്യാപകമായി നടത്തണമെന്ന സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ തീരുമാനം അനുസരിച്ചായിരുന്നു ഈ യോഗം നടന്നത്. യോഗത്തെ നേരിടാന്‍ വമ്പിച്ച സന്നാഹമാണ് അന്ന് പൊലീസ് സ്വീകരിച്ചത്. തലേദിവസം തന്നെ കന്റോണ്‍മെന്റ് മൈതാനത്ത് വന്‍തോതില്‍ പട്ടാളക്കാരെയും പൊലീസുകാരെയും വിന്യസിച്ചു. അവര്‍ റൂട്ട്മാര്‍ച്ച് നടത്തി. നിയമലംഘനം നടത്തിയാല്‍ വെടിവയ്ക്കുമെന്ന പ്രഖ്യാപനമായിരുന്നു ആ മാര്‍ച്ച്. തോക്കിന്റെയും ലാത്തിയുടെയും അഭൂതപൂര്‍വായ പ്രദര്‍ശനം. ജനങ്ങളെ ഭയപ്പെടുത്താനായിരുന്നു ഇതെല്ലാം. ആരും വെളിയിലിറങ്ങരുതെന്ന സര്‍ക്കാരിന്റെ ഭീഷണിയായിരുന്നു ഇതിന്റെ പിന്നില്‍.
ജനങ്ങള്‍ ഈ ഭീഷണികളൊന്നും വകവച്ചില്ല. സ്വാതന്ത്ര്യസമരം എന്ന വികാരം അത്രമാത്രം ജനങ്ങളില്‍ ആവാഹിച്ചിരുന്നു. തലേദിവസം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തേവള്ളിയിലുള്ള ടിഎം വര്‍ഗീസിന്റെയും ബാരിസ്റ്റര്‍ ജി പി പിള്ളയുടെയും വസതിയില്‍ ക്യാമ്പ് ചെയ്തു. പിറ്റേദിവസത്തെ സമരപരിപാടികള്‍ അവര്‍ തീരുമാനിച്ചു. എം ജി കോശി, പി ജി വര്‍ഗീസ്, കെ സുകുമാരന്‍ എന്നിവര്‍ നിയമലംഘനപ്രസംഗം നടത്തണമെന്ന് നിശ്ചയിച്ചു. എന്തുവന്നാലും പ്രകടനവും യോഗവും നടത്തണമെന്ന് നേതാക്കള്‍ തീരുമാനിച്ചു. പിറ്റേദിവസം നഗരത്തിലെങ്ങും സംഭീതമായ അവസ്ഥയായിരുന്നു. എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന പ്രതീതി. സംഘട്ടനവും വെടിയ്പും ഉണ്ടാകുമെന്ന പ്രചരണം ശക്തമായി. എന്നിട്ടും പട്ടണത്തില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞു. എന്തുവന്നാലും പിന്നോട്ടില്ലെന്ന ചിന്തയാണ് ജനങ്ങളെ ഭരിച്ചത്.
ജാഥയില്‍ പങ്കെടുക്കാനായി 40 പേരെ മാത്രമേ തെരഞ്ഞെടുത്തുള്ളുവെന്നാണ് കുമ്പളത്തിന്റെ ആത്മകഥയില്‍ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളത്. ക്യാപ്ടന്‍മാരായി തെരഞ്ഞെടുത്ത കുമ്പളത്തിന്റെയും സി കേശവന്റെയും നേതൃത്വത്തില്‍ രണ്ട് വരി ജാഥ മുന്നോട്ടുനീങ്ങി. ചിന്നക്കടയിലെത്തിയപ്പോഴേയ്ക്ക് വമ്പിച്ച ജനക്കൂട്ടം ജാഥയെ അനുഗമിച്ചു. റയില്‍വേസ്റ്റേഷന് അടുത്തെത്തിയപ്പോള്‍ മുന്നോട്ടുപോകാനാകാത്തവിധത്തിലുളള തിക്കും തിരക്കുമായി. ഇതിനിടയില്‍ അധികാരികള്‍ നേതാക്കളെ കണ്ട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. പിരിഞ്ഞുപോയില്ലെങ്കില്‍ വെടിവയ്പ് ഉണ്ടാകുമെന്നും അനിഷ്ടസംഭവങ്ങള്‍ ഉറപ്പാണെന്നും അവര്‍ ഉപദേശിച്ചു. എന്നാല്‍ നേതാക്കള്‍ പിന്തിരിഞ്ഞില്ല. എന്തും വന്നുകൊള്ളട്ടെ തങ്ങള്‍ മുന്നോട്ടുതന്നെയാണെന്ന് അവര്‍ അറിയിച്ചു. മൈതാനത്ത് ക്യാമ്പ് ചെയ്തിരുന്ന പട്ടാളക്കാര്‍ തോക്ക് ഉയര്‍ത്തിപ്പിടിച്ച് ജാഥയുടെ മുന്നിലേയ്ക്ക് ലക്ഷ്യമാക്കി മാര്‍ച്ച് ആരംഭിച്ചു. ജാഥയ്ക്ക് കടന്നുപോകാനുള്ള സ്ഥലം അപ്പോള്‍ റോഡിലില്ല. എന്തുവന്നാലും പട്ടാളത്തിന്റെ മാര്‍ച്ച് മുന്നോട്ടുനീങ്ങുമെന്നും സംഘട്ടനമുണ്ടാകുമെന്നും ഉറപ്പിച്ച നിമിഷങ്ങളായിരുന്നു. എന്തുകൊണ്ടോ പെട്ടെന്ന് പട്ടാളം പിന്തിരിഞ്ഞു. അവര്‍ മൈതാനത്തേക്ക് തന്നെ മടങ്ങിപ്പോയി. പ്രകടനം മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് മുന്നില്‍ കയറി തടഞ്ഞു. പ്രസംഗത്തിന് നിശ്ചയിച്ച മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു എങ്കിലും അവര്‍ കഴിയാവുന്ന ഉച്ചത്തില്‍ പ്രസംഗിച്ചു. ഇതിനിടയില്‍ കല്ലേറുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പൊലികാര്‍പ്പ് പൊലീസ് മര്‍ദ്ദനമേറ്റ് നിലംപതിച്ചു. ജനക്കൂട്ടവും പൊലീസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് വെടിവെയ്പ് ആരംഭിച്ചു. നിരവധി പേര്‍ നിലംപതിച്ചു. ഇതിനിടയില്‍ തിരുവനന്തപുരത്ത് നിന്ന് വന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആരോ കത്തിച്ചു. കത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ പിണിയാളുകളായിരുന്നുവെന്ന് വ്യക്തമാണ്. ധീരതയുടെ നിമിഷങ്ങളായിരുന്നു അവിടെ കണ്ടത്. പൊലീസിന്റെ തോക്കിന് നേരെ ഷര്‍ട്ടൂരി നെഞ്ച് വിരിച്ച് കാണിച്ച ചെറുപ്പക്കാരനെപ്പറ്റി ദൃക്‌സാക്ഷിയായിരുന്ന ട്രേഡ് യൂണിയന്‍ നേതാവ് പരേതനായ സി എം മൈതീന്‍കുഞ്ഞ് വിവരിച്ചിട്ടുണ്ട് (കൊല്ലത്തിന്റെ ആധുനികചരിത്രം- വി ലക്ഷ്മണന്‍).
എണ്‍പത് വര്‍ഷം മുമ്പ് നടന്ന ഈ സമരം പില്‍ക്കാല സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് അളവറ്റ വീര്യം പകര്‍ന്നുനല്‍കി.