ഏഴ് വയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇനി നിര്‍ണായകമാവുക വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലവും. ഇവ ലഭ്യമാകുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ ദുരൂഹത ആരോപിച്ചതോടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴികള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുകയാണ് പൊലീസ്. വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയും കുടവട്ടൂര്‍ നന്ദനത്തില്‍ സി.പ്രദീപ് — ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം പള്ളിമണ്‍ ആറ്റില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണു കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു കുട്ടിയെ.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദേവനന്ദയുടെ അമ്മ ധന്യയും ബന്ധുക്കളും. വീട്ടുകാര്‍ക്കൊപ്പമല്ലാതെ വീടിന് പുറത്തേക്ക് പോകാത്ത ദേവനന്ദ 400 മീറ്റര്‍ എങ്ങനെ പോയെന്ന ചോദ്യമുയര്‍ത്തുകയാണ് ഇവര്‍. മാത്രവുമല്ല മൃതദേഹത്തിനരികില്‍ നിന്ന് ഷാള്‍കിട്ടിയതിനും ഇവര്‍ സംശയമുന്നയിക്കുന്നു. കളിച്ചുകെണ്ടിരുന്ന കുഞ്ഞ് തന്റെ അടുത്തുവരുമ്പോള്‍ ഷാള്‍ ധരിച്ചിരുന്നില്ലെന്നും അകത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രം ധരിക്കുന്ന ഷാള്‍ എടുത്തു ദേവനന്ദപുറത്ത് പോകില്ലെന്നും അമ്മ ധന്യ ഉറച്ച് പറയുന്നു.
ആദ്യം ദിനം തന്നെ ദേവനന്ദ എവിടെ ഉണ്ടാകാമെന്ന സൂചന തന്നത് പൊലീസ് നായ റീനയായിരുന്നു. കൊല്ലം സിറ്റിപൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് ആണ് റീന. ദേവനന്ദയുടെ ഒരു വസ്ത്രത്തില്‍ നിന്ന് മണം പിടിച്ച റീന വീടിന്റെ പിന്‍വാതിലിലൂടെ പുറത്തിറങ്ങി. അതിര്‍ത്തി കടന്ന് 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലെത്തുകയും അവിടുന്ന് കറങ്ങി വീടിന്റെ മുന്നിലെത്തി നിന്നു. ആള്‍താമസം ഇല്ലാത്ത ഈ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറ്റിന്റെ തീരത്തുകൂടി നാനൂറ് മീറ്ററോളം അകലെയുള്ള താത്കാലിക നടപ്പാലം വരെയെത്തി. പിന്നീട് നടപ്പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറുകയായിരുന്നു. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിന് മുന്നിലെത്തി. അവിടെ നിന്നു വീണ്ടും മുന്നോട്ടു നീങ്ങി. ഇവയെല്ലാം കൃത്യമായ വഴികളാണെന്നു തെളിയിക്കുന്നതരത്തില്‍ തലേദിവസം മുങ്ങല്‍ വിദഗ്ദരുള്‍പ്പെടെ പരിശോധിച്ച നടപ്പാലത്തിന് സമീപം തന്നെയായിരുന്നു ദേവനന്ദയുടെ മൃതദേഹം കിടന്നിരുന്നത്.
English Summary: Kollam devanandha case followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.