സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് കൊല്ലത്തു നാളെ തുടക്കം

Web Desk
Posted on May 17, 2018, 11:16 pm

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ നാളെ തുടക്കം. ജില്ലാതല ആഘോഷവും ഇതോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള നവകേരളം-2018 പ്രദര്‍ശന മേളയും വൈകുന്നേരം അഞ്ചിന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. 25 വരെയാണ് പ്രദര്‍ശനം.
സാംസ്‌കാരികോത്സവത്തിന്റെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം മന്ത്രി കെ രാജു നിര്‍വഹിക്കും. എം മുകേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലൈഫ് മിഷന്‍ വീടുകളുടെയും ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച് നല്‍കുന്ന വീടുകളുടേയും താക്കോല്‍ദാനം, ജില്ലയുടെ പുതിയ ദ്വിഭാഷ വെബ്സൈറ്റിന്റെ ഉദ്ഘാടനം എന്നിവയും നടക്കും.
മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, കെ സോമപ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
എംഎല്‍എമാരായ മുല്ലക്കര രത്നാകരന്‍, കെ ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി അയിഷാ പോറ്റി, ജി എസ് ജയലാല്‍, എം നൗഷാദ്, എന്‍ വിജയന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ എന്‍ ബാലഗോപാല്‍, അഡ്വ. എന്‍ അനിരുദ്ധന്‍, അഡ്വ. കെ എന്‍ മോഹന്‍ലാല്‍, അഡ്വ. എംഎച്ച് ഷാരിയര്‍, സാബു ചക്കുവള്ളി, എ ഷാജു, ആര്‍ കെ ശശിധരന്‍പിള്ള, വേങ്ങയില്‍ ഷംസ്, അഡ്വ. സഞ്ജീവ് സോമരാജന്‍, അഡ്വ. ബിന്ദു കൃഷ്ണ, എം അന്‍സറുദീന്‍, ബെന്നി കക്കാട്, ചിരട്ടക്കോണം സുരേഷ്, അഡ്വ. ഫിലിപ് കെ തോമസ്, ജി ഗോപിനാഥ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ്, മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് നന്ദിയും പറയും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗായിക അനിത ഷെയ്ക്കിന്റെ സംഗീത പരിപാടി നടക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നവകേരളം-2018 പ്രദര്‍ശനത്തില്‍ സര്‍ക്കാരിന്റെ നാലു മിഷനുകളുടെയും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 120 ഓളം സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഫിഷറീസ്, ടൂറിസം, വ്യവസായം, കൃഷി, മൃസംരക്ഷണം, പട്ടികജാതി/പട്ടികവര്‍ഗ വികസനം, വനം, സാമൂഹ്യനീതി, പൊതുമരാമത്ത്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, തുറമുഖ വികസനം, വിദ്യാഭ്യാസം, പോലീസ്, ഫയര്‍ ആന്റ് റക്സ്യൂ, കരകൗശലം, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് തുടങ്ങിയ വകുപ്പുകളുടെയും, തീരദേശ വികസന കോര്‍പ്പറേഷന്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, നിര്‍മിതി കേന്ദ്രം, കെഎസ്ഇബി, ഐ ടി മിഷന്‍, കൊല്ലം കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും കുടുംബശ്രീയുടെ ഉല്‍പ്പന്ന വിപണന മേളയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.
കുടുംബശ്രീ, സാഫ്, തീരദേശ വികസന കോര്‍പ്പറേഷന്‍, ജയില്‍ വകുപ്പ്, കെപ്കോ എന്നിവയുടെ ഭക്ഷണ വിഭവങ്ങളടങ്ങിയ ഫുഡ്കോര്‍ട്ടും നവകേരളം-2018ലുണ്ട്.