ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു

ചാത്തന്നൂര്‍: നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനായ രോഗി മരിച്ചു. ഡോക്റ്ററുടെ അനാസ്ഥ എന്നാരോപിച്ച് പരവൂര്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്കി. നെടുങ്ങോലം ഒഴുകുപാറ താഴതില്‍ ആനന്ദവിലാസത്തില്‍ മോഹന്‍ ദാസാണ് (60) മരിച്ചത്. രണ്ട് മാസം മുമ്പ് ഹെര്‍ണിയയ്ക്ക് ഓപ്പറേഷന് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് നീര്‍ക്കെട്ട് ഉണ്ടാകുകയും ഇത് രണ്ടാഴ്ച കൂടുമ്പോള്‍ ആശുപത്രിയിലെത്തി സിറിഞ്ച് ഉപയോഗിച്ച് കുത്തിയെടുത്ത് മാറ്റിക്കൊണ്ടിരിക്കയായിരുന്നു. കഴിഞ്ഞ 10ന് അസുഖം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.തുടര്‍ന്ന് വെള്ളിയാഴ്ച വെളുപ്പിന് മൂന്നരയൊടെ മുറിവില്‍ നിന്നും ബ്ലീഡിങ്ങ് ഉണ്ടായി. കൊല്ലം അയത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ബ്ലഡ് വരുത്തി മോഹന്‍ദാസിനു നല്കി. തുടര്‍ന്ന് വീണ്ടും ഓപ്പറേഷന് നടത്തി. ഓപ്പറേഷന് ചെയ്ത ഭാഗത്ത് രക്തം കട്ടപിടിച്ച് കിടക്കുന്നതായി സ്കാനിങ്ങില്‍ തെളിഞ്ഞു. ഇതെ തുടര്‍ന്ന് വീണ്ടും ഓപ്പറേഷന് നടത്തി. ഇന്നലെ വൈകിട്ടോടെ മോഹന്‍ദാസിന്റെ നില ഗുരുതരമാകുകയും വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും രോഗി മരിച്ചു.