കൊല്ലത്ത് നിന്ന് കാണാതായ വീട്ടമ്മയെ വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നാടിനെയാകെ ഞെട്ടിച്ചിരുന്നു. തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യാണ് കൊല്ലപ്പെട്ടത്. കേസിൽ സുചിത്രയുടെ സുഹൃത്തും സംഗീത അധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിലിപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. സുചിത്ര കൊല്ലപ്പെടുമ്പോൾ ഗർഭിണിയായിരുന്നു വെന്നാണ് വിവരം. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാൾ സുചിത്രയ്ക്കു നൽകാനുണ്ടായിരുന്നു എന്നാണു സൂചന.
സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകൾ, ഗർഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാർച്ച് 17 മുതലാണ് സുചിത്രയെ കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് സുചിത്രയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേർന്നുള്ള പാടത്ത് കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാൽ കുഴി ചെറുതായതിനാൽ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.
കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനർ ആയ യുവതി മുൻപ് രണ്ടു തവണ വിവാഹിതയായിരുന്നു. ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രശാന്ത് അടുപ്പത്തിലായത്. മാർച്ച് 17 ന് പതിവ് പോലെ വീട്ടിൽ നിന്നും ജോലിയ്ക്കായി ഇറങ്ങിയ സുചിത്ര അന്നേ ദിവസം തന്നെ തന്റെ ഭർത്താവിന്റെ അച്ഛന് സുഖമില്ലെന്നും ആലപ്പുഴയിൽ പോകണമെന്നും പറഞ്ഞ് അവധിയെടുത്തിരുന്നു. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാർലറിന്റെ പള്ളമുക്കിലുള്ള ട്രെയിനിംഗ് അക്കാദമിയിലേയ്ക്കാണ് പോയിരുന്നത്. 18 ന് വീണ്ടും ഉടമയ്ക്ക് മെയിൽ വഴി തനിക്ക് അഞ്ചു ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. എന്നാൽ പിന്നീട് ഒരു വിവരവും ഇല്ലായിരുവെന്നാണ് പാർലർ ഉടമ പൊലീസിന് മൊഴി നൽകിയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
English Summary: kollam sujitra murder case update
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.