ബീച്ച് ശുചീകരിച്ചു

Web Desk
Posted on October 05, 2017, 8:58 pm

കൊല്ലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൊല്ലം സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ കൊല്ലം ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍, എന്‍സിസി കേഡറ്റുകള്‍ എന്നിവരോടൊപ്പം സായുധ ക്യാമ്പ്, കൊല്ലം സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനെയും പ്രതിനിധീകരിച്ചു വന്ന പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ എസ് അജിതാ ബേഗം ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിക്ക് സ്റ്റുഡന്റ്‌സ് പൊലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ എ അശോകന്‍, എസിപി (അഡ്മിനിസ്‌ട്രേഷന്‍) എന്‍ രാജന്‍, കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യുറോ എസിപി സതീഷ് കുമാര്‍, ബ്രിഗേഡിയര്‍ ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ ഈ ശുചീകരണ പ്രവര്‍ത്തനം ഇതര വിഭാഗങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തിലാണ് നടത്തിയത്.