Janayugom Online
komalapuram spinning mill janayugom

കോമളപുരം കേരള സ്പിന്നേഴ്‌സിന്റെ രണ്ടാം ഘട്ട വികസനം ഉടന്‍

Web Desk
Posted on July 22, 2018, 10:56 pm

ആര്‍ ബാലചന്ദ്രന്‍
ആലപ്പുഴ: കോമളപുരം കേരള സ്പിന്നേഴ്‌സിന്റെ രണ്ടാം ഘട്ട വികസനം ഓണത്തിന് ശേഷം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് അനുവദിച്ച 16 കോടി 30 ലക്ഷം രൂപ പൂര്‍ണമായും ലഭിക്കാതെ പോയതും തൊഴിലാളികളുടെ നിയമനപ്രശ്‌നവും കാരണം വര്‍ഷങ്ങളായി സ്ഥാപനം പ്രവര്‍ത്തന രഹിതമായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് വര്‍ഷത്തിന് ശേഷം ശനിയാഴ്ച 10 കോടി 34 ലക്ഷം കൂടി അനുവദിച്ചു.
തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് എഐടിയുസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിധി ഇവര്‍ക്ക് അനുകൂലമായതോടെയാണ് സര്‍ക്കാര്‍ പണം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ തൊഴിലാളി നേതാക്കളുടെ യോഗവും ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക് വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ആകെ 103 തൊഴിലാളികളാണ് ഫാക്ടറിയിലുള്ളത്. രണ്ടാം ഘട്ടം വികസനം പൂര്‍ത്തിയാകുമ്പോള്‍ 376 ജീവനക്കാരായി വര്‍ദ്ധിക്കും. 273 തൊഴിലാളികളെ പുതിയതായി നിയമിക്കും. മുന്‍തൊഴിലാളികളായ 34 പേരെ നിയമിച്ചതിനുശേഷമായിരിക്കും ബാക്കിയുള്ളവര്‍ക്ക് നിയമനം നല്‍കുക. ഇതിനുപുറമേ മാനേജീരിയല്‍ സ്റ്റാഫായി 16 പേരെയും നിയമിക്കും.എട്ടു വര്‍ഷം മുമ്പ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ തയ്യാറാക്കിയ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ നിന്നായിരിക്കും 233 പുതിയ തൊഴിലാളികളെ നിയമിക്കുക.
ഉദ്യോഗാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് പുതിയ നിയമനത്തിന് പ്രായപരിധി പ്രാവര്‍ത്തികമാക്കേണ്ട എന്നാണ് തീരുമാനിച്ചിട്ടുള്ളത്. സംവരണ തത്വങ്ങളെല്ലാം പാലിച്ചുകൊണ്ടായിരിക്കും നിയമനം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലിസ്റ്റിലെ 273 പേര്‍ക്ക് നിയമന അഡൈ്വസ് മെമ്മോ നല്‍കും. 10 ദിവസത്തിനുള്ളില്‍ അവര്‍ ജോലിയില്‍ പ്രവേശിക്കണം. അല്ലാത്തപക്ഷം നിയമന ലിസ്റ്റിലെ മുന്‍ഗണന അനുസരിച്ച് മുന്നോട്ടുപോകും. അങ്ങനെ മൊത്തം 273 പേര്‍.ആറ് മാസത്തെ ട്രെയിനിംഗ് പിരീഡാണ് ഉള്ളത്. നിശ്ചിത ഉല്‍പ്പാദനക്ഷമത കൈവരിക്കുന്ന മുറയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കും. അത്യാധുനിക യന്ത്രങ്ങള്‍ക്ക് ആനുപാതികമായ ഉല്‍പ്പാദനക്ഷമത എല്ലാ തൊഴിലാളികളും കൈവരിക്കേണ്ടതാണ്.
2018–19 ല്‍ കേരള സ്പിന്നേഴ്‌സ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമായി മാറുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കമ്പനി ലാഭത്തിലാകുന്നതോടെ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളും പരിഷ്‌കരിക്കുന്നത് മാനേജ്‌മെന്റ് പരിഗണിക്കും. ഇതോടൊപ്പം കമ്പനിയുടെ വിപുലീകരണത്തിനുള്ള നടപടികളും സ്വീകരിക്കും. 30 പുത്തന്‍ ജറ്റ്‌ലൂമുകളും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന വര്‍ഷം സ്ഥാപിച്ചിരുന്നു. ഈ തറികള്‍ സര്‍വീസ് ചെയ്ത് ഡിസംബര്‍ മാസത്തിനു മുമ്പ് പ്രവര്‍ത്തനക്ഷമമാക്കും. ഇതോടെ സ്പിന്നിംഗ് മില്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ലായി രൂപാന്തരപ്പെടും. ഇപ്പോഴുള്ള സംവിധാനത്തിന്റെ ഒരു പോരായ്മ കോണ്‍ വൈന്റിംഗ് വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയാണ്. ഇത് ആധുനീകരിക്കുന്നതിന് 13 കോടി രൂപയെങ്കിലും ചെലവുവരും. ഇതിന് ആവശ്യമായ വായ്പ ബാങ്കില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള പരിശ്രമം ആരംഭിക്കും. കമ്പനി ലാഭത്തില്‍ ആകുകയാണെങ്കില്‍ ഈ ലക്ഷ്യം നേടുന്നതിന് പ്രയാസം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.