Friday
22 Feb 2019

തെലുങ്കാനയില്‍ ബസ് അപകടത്തില്‍ 55 പേര്‍ മരിച്ചു

By: Web Desk | Tuesday 11 September 2018 1:51 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 55 പേര്‍ മരിച്ചു. അപകട സമയത്ത് ബസില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു.
മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിവര്‍പേട്ട് ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് താഴ്‌വരയിലേക്ക് മറിയുകയായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസാണ് അപകടത്തില്‍ പെട്ടത്. ഇവിടത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണ് മരിച്ചത്.

ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ബസിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 28 യാത്രക്കാര്‍ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ബസിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.