ആ മൂന്ന് കൊലപാതകങ്ങള്‍ പുറത്താകാതിരിക്കാന്‍ മറ്റൊരു കൊലപാതകം കൂടി… ജോളിയുടെ പുതിയ മൊഴി പുറത്ത്…

Web Desk
Posted on November 08, 2019, 11:35 am

കോഴിക്കോട്. കൂടത്തായി കൂട്ട കൊലപാതക കേസിൽ ജോളി വീണ്ടും കുരുക്കിലേക്ക്. കൂടത്തായി മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയത് പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാനാണെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യശ്രമത്തില്‍ തന്നെ മാത്യു മഞ്ചാടിയിലിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി വകവരുത്തിയതെന്നും ജോളി മൊഴി നല്‍കി.

തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തിയത് ഇതിനാലാണെന്ന് ജോളി സമ്മതിച്ചു. കൊയിലാണ്ടി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജോലി മൊഴി നൽകിയത്.

റോയ് തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നത് മാത്യുവായിരുന്നു. റോയിയുടെ സഹോദരന്‍ റോ‍ജോയെക്കൂടി സമ്മതിപ്പിച്ച് എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് മാത്യുവാണ്. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയി മരിച്ചതെന്ന് ഉറപ്പായതോടെ മാത്യുവിന്റെ സംശയമുന തനിക്ക് നേരെ തിരിഞ്ഞതായി ജോളി പറഞ്ഞു. അങ്ങനെയാണ് മാത്യുവിനെ വകവരുത്താന്‍ തീരുമാനിച്ചത്.

മാത്യുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കള്‍ക്കൊപ്പം കട്ടപ്പനയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. വിമുക്തഭടനെന്ന നിലയില്‍ കിട്ടിയിരുന്ന മദ്യം തനിക്കും പലതവണ മാത്യു കൈമാറിയിരുന്നു. റോയിയെ കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ച സയനൈഡിന്റെ ബാക്കിയാണ് മാത്യുവിനെ ഇല്ലാതാക്കാനും ഉപയോഗിച്ചത്. കൊലപാതകത്തെക്കുറിച്ച് എം.എസ് മാത്യുവിനോട് പോലും പറഞ്ഞിരുന്നില്ലെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണെന്നും ജോളി അന്വേഷണസംഘത്തോട് വ്യക്തമാക്കി.