കൂടത്തായി കൊലപാതക കേസിൽ ഷാജുവിനെയും ജോളിയെയും ഇന്ന് ചോദ്യം ചെയ്യും

Web Desk
Posted on November 07, 2019, 8:41 am

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ ഷാജുവിനെയും ജോളിയെയും ഇന്ന് ചോദ്യം ചെയ്യും. മാത്യു മഞ്ചാടിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക.

മാത്യുവിന്റെ വീട്, കൂടത്തായിയിലെ പൊന്നാമറ്റം വീട് എന്നിവിടങ്ങളിൽ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സിലി കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള പ്രജു കുമാറിനെയും ഇന്ന് ചോദ്യം ചെയ്യും. ആൽഫെയ്ൻ വധക്കസിൽ രണ്ടാം പ്രതി മാത്യുവിന്റെ അറസ്റ്റും ഇന്ന് രേഖപെടുത്തും.

അതേസമയം റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ ഭർത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതേ കേസിൽ നേരത്തെ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരൻ സിജോയുടേയും രഹസ്യമൊഴികൾ രേഖപ്പെടുത്തിയിരുന്നു.