അധ്യാപികയാണെന്ന് ജോളി കള്ളം പറഞ്ഞു: മതപാഠം പഠിപ്പിക്കാന്‍ പോലും അവരുണ്ടായിരുന്നില്ലെന്ന് പള്ളി വികാരി

Web Desk
Posted on October 08, 2019, 9:39 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജയിലിലായ ജോളി എന്‍. ഐ. ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ ജോസഫ്. പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതില്‍ കവിഞ്ഞ് പ്രാധാന്യമുള്ള തസ്തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്‍. ഐ. ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണമായതോടെ റോജോ നടത്തിയ അന്വേഷണത്തില്‍ അവര്‍ അദ്ധ്യാപികയല്ലെന്ന് മനസിലായി. റോജോ അത് എന്നോട് പറഞ്ഞിരുന്നു. എങ്കിലും അവര്‍ സ്ഥിരമായി എന്‍. ഐ. ടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്. എന്‍. ഐ. ടിയില്‍ വെച്ച് അവരെ കണ്ടവരുമുണ്ട്. അതിനാല്‍ തന്നെ അവിടെ അനദ്ധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്നതാവാം എന്നായിരുന്നു സംശയം.

രണ്ട് വര്‍ഷത്തോളമായി ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. മതപാഠം പഠിപ്പിക്കാന്‍ പോലും അവരുണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവര്‍ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതല്‍ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവര്‍ വഹിച്ചിരുന്നില്ലെന്നും വികാരി വ്യക്തമാക്കി. പ്രീ മാര്യേജ് കൗണ്‍സിലിംഗ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇവര്‍ എന്നതൊക്കെ തെറ്റായ കാര്യമാണ്. അത് രൂപത നേരിട്ട് നടത്തുന്ന കോഴ്‌സാണ്. മിനിമം പിജി എങ്കിലും ഉള്ളവര്‍ക്കേ അവിടെ കോഴ്‌സ് പഠിപ്പിക്കാന്‍ തിരഞ്ഞെടുക്കാറുള്ളൂ. അതിലൊന്നും ഒരിക്കലും അവര്‍ ഉണ്ടായിരുന്നില്ലെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

കൂടത്തായി കൊലപാതകം: ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും

കൂടത്തായി കൊലപാതകങ്ങള്‍ സംബന്ധിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമെന്ന് സൂചന. ഷാജു മാപ്പ് സാക്ഷിയായാല്‍ അത് ജോളിക്കെതിരായ ശക്തമായ തെളിവാകുമെന്ന് വിലയിരുത്തിയാണ് ഈ സാഹചര്യം പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജോളിയുടെ കുറ്റസമ്മത മൊഴിയില്‍ മാത്രമാണ് ഷാജുവിന്റെ പേരുള്ളത്. സിലിയുടെയും ആല്‍ഫൈന്റെയും മരണം കൊലപാതകമാണെന്ന് താന്‍ ഷാജുവിനോട് പറഞ്ഞിരുന്നു എന്നാണ് മൊഴി. ഷാജുവിനെതിരെ സാഹചര്യത്തെളിവോ ദൃക്‌സാക്ഷി മൊഴിയോ ഇല്ലെന്നതും ഈ മാപ്പുസാക്ഷിയെന്ന സാഹചര്യത്തിന് ബലമേകുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ചിരുന്ന ഷാജുവിനെ രാത്രിയോടെ വിട്ടയച്ചു. തുടര്‍ ചോദ്യം ചെയ്യലിനായിരുന്നു ഷാജുവിനെ വിളിപ്പിച്ചത്. മണിക്കൂറുകളോളം നീണ്ട് നിന്ന ചോദ്യം ചെയ്യല്‍ നടപടികളില്‍ ഷാജു നിരവധി നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷാജുവിന്റെ മൊഴികള്‍ പോലീസ് പരിശോധിക്കുകയാണ്, എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റു നടപടി. കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുള്ളതായുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വടകര റൂറല്‍ എസ്. പി കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമെങ്കില്‍ വിദേശത്തെ ലാബുകളുടെ സഹായം തേടും. സംഭവത്തില്‍ ഇനിയും നിരവധി പേര്‍ക്ക് പങ്കുണ്ടാവാമെന്നും ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുകയാണെന്നും വടകര റൂറല്‍ എസ് പി പ്രതികരിച്ചു. പ്രദേശം വിട്ട് പോവരുതെന്നും ഷാജുവിനോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.