ദുരൂഹതയുണര്‍ത്തി ജോളിയുടെ മൊഴി: ഗര്‍ഭച്ഛിദ്രം നടത്തിയത് മറ്റെന്തെങ്കിലും മറയ്ക്കാനോ?

Web Desk
Posted on October 08, 2019, 8:36 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയെ തള്ളി രണ്ടാം ഭര്‍ത്താവ് ഷാജുവും ഷാജുവിന്റെ പിതാവ് സക്കറിയയും രംഗത്ത്. രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നു ജോളിയുടെ ലക്ഷ്യമെന്നും ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാനില്ല. ഇനിയും വെളിപ്പെടുത്താനുണ്ട്. കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് ജോലിയുണ്ടെന്ന് ജോളി കള്ളം പറഞ്ഞത്. എല്ലാ ദിവസവും വീട്ടില്‍ നിന്നും പോകാന്‍ ജോലിയുണ്ടെന്ന് പറഞ്ഞു. ജോളിയുടെ അമിതമായ ഫോണ്‍ ഉപയോഗം സംശയം സൃഷ്ടിച്ചിരുന്നു. പക്ഷെ അതെക്കുറിച്ച് പരിമിതമായി മാത്രമേ ചോദിച്ചിരുന്നുള്ളൂവെന്നും ഷാജു പറഞ്ഞു. ഇനി പൊതുസമൂഹത്തിന്റെ മുമ്പില്‍ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നിയമപരമായി വേര്‍പിരിയാന്‍ ശ്രമിക്കുമെന്നും ഷാജു പറഞ്ഞു. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ, ജോളി നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ല. യാതൊരു നിയമസഹായവും ജോളിക്ക് കൊടുക്കില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന് മുന്‍കയ്യെടുത്തത് ജോളിയാണെന്നും ആദ്യ ഭാര്യ സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോളി തന്നെ ഫോണില്‍ വിളിച്ച് തുടങ്ങിയെന്നും ഷാജു പറഞ്ഞു. ജോളി തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ് സക്കറിയയും പറഞ്ഞു. ഷാജുവിന്റെ അമ്മയെയും ഇതിലേക്ക് വലിച്ചിഴക്കാനാണ് ജോളി ശ്രമിക്കുന്നത്. ജോളി ഒറ്റക്കല്ല ഇതൊക്കെ ചെയ്തതെന്ന് വ്യക്തമല്ലേയെന്നും സക്കറിയ ചോദിച്ചു. ജോളി തങ്ങളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് സക്കറിയ വെളിപ്പെടുത്തി. കുട്ടിക്ക് കൊടുക്കാനെന്ന വ്യാജേന ജോളി ഭക്ഷണവുമായി വീട്ടിലെത്തിയിരുന്നു. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ജോളി ശ്രമിച്ചിരുന്നതെന്നും ഷാജുവിന്റെ പിതാവ് പറഞ്ഞു. അതേസമയം രണ്ടാം വിവാഹത്തിന് മുന്‍കയ്യെടുത്തത് സിലിയുടെ സഹോദരനാണെന്ന ഷാജുവിന്റെ വാദം കുടുംബം നിഷേധിച്ചു. ഷാജുവിന്റെ രണ്ടാം വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സിലിയുടെ കുടുംബം പറഞ്ഞു. വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്; ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും മൊഴി

കൂടത്തായി കൊലപാത പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. കുടുംബത്തിലെ പെണ്‍കുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി മൊഴി നല്‍കി. കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജോളി ഗര്‍ഭച്ഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഇതിനിടെ കൂടത്തായി കൊലപാതക പരമ്പര സംബന്ധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി. ജോളിയുടെ ഫോണ്‍ രേഖകളും പരിശോധിക്കുകയാണ്. അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകരെയും ചോദ്യം ചെയ്തു തുടങ്ങി. അന്വേഷണം തുടങ്ങിയ ശേഷം കൂടുതല്‍ വിളിച്ചത് ബി എസ് എന്‍. എല്‍ ജീവനക്കാരനെയെന്നും പൊലീസിന് വിവരം ലഭിച്ചു. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കി എന്ന പരാതിയിലും അന്വേഷണം ശക്തമായി. കൂടത്തായി വില്ലേജ് ഓഫീസില്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടാതെ ജോളി ഉണ്ടാക്കിയ ഒസ്യത്തില്‍ പതിച്ച തന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് എന്‍. ഐ. ടി ജീവനക്കാരന്‍ മഹേഷ് രംഗത്ത് വന്നു. സി. പി. എം പ്രാദേശിക നേതാവാണ് ഇതിന് പിന്നിലെന്നും മഹേഷ് ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പേര് കളങ്കപ്പെടുത്തിയെന്ന് കാട്ടി ലോക്കല്‍ സെക്രട്ടറി മനോജിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി പി ഐ എം ജില്ലാ കമ്മറ്റി പുറത്താക്കി. വ്യാജമായി ഒസ്യത്തുണ്ടാക്കിയെന്ന പരാതിയില്‍ ലാന്‍ഡ് റവന്യൂ ഡെപ്യുട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം കൂടത്തായി വില്ലേജ് ഓഫീസ് പരിശോധിച്ചു. ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന രാമകൃഷ്ണന്റെ മരണം സംബന്ധിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. രാമകൃഷ്ണനെയും ജോളിയെയും ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഷാജു

കൂടത്തായി കൊലപാതക പരമ്പരയില്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. പുറത്തുവരുന്നത് തെറ്റായ വാര്‍ത്തയാണ്. തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തന്നെ കുരുക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. റോയിയുടെ ബന്ധുക്കള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ അത് കുരുക്കാനുള്ള ശ്രമമായാണ് കരുതുന്നത്. ജോളിയുടെ കൂടെ ഒരു പ്രതി കൂടി വേണം എന്ന നിലയിലായിരിക്കും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേസുകളില്‍ കൂടുതല്‍ അന്വേഷണം നടക്കാനുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകള്‍ മരിച്ച സമയത്ത് സംശയങ്ങള്‍ ഒന്നും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് മൃതദഹേം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട എന്ന തീരുമാനമെടുത്തത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഷാജു വ്യക്തമാക്കി. എസ് പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെയാണ് ഷാജുവിന്റെ പ്രതികരണം. കൂടത്തായിയിലെ കുറ്റകൃത്യത്തിന് കൂട്ടു നിന്നതായി ഷാജു മൊഴി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഭാര്യയുടേയും കുഞ്ഞിന്റേയും മരണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഷാജു പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, അന്വേഷണത്തോട് ഷാജു സഹകരിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊഴി വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച അന്വേഷണസംഘം വിളിച്ചു വരുത്തിയത് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഒരവസരം കൂടി നല്‍കാനാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നും ഷാജു വ്യക്തമാക്കി.