കൂടത്തായി: സിലിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍, ഷാജു കുടുങ്ങിയേക്കും

Web Desk
Posted on October 12, 2019, 4:18 pm

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്. കൂടത്തായിലെ സിലിയുടെ മരണത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍.

വടകര കോസ്റ്റല്‍ സിഐയ്ക്ക് നല്‍കിയ മൊഴിയിലാണു ഷാജുവിനെ കുറിച്ച് സിജോ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കൂടത്തായില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ഷാജുവിന്റെ അറിവും പിന്തുണയും ലഭിച്ചുവെന്ന മുഖപ്രതി ജോളിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് സിജോയുടെ മൊഴി.

ജോളിയാണു സിലി കുഴഞ്ഞു വീണെന്ന് ഫോണില്‍ വിളിച്ചതും വേഗത്തില്‍ താമരശ്ശേരിയിലെത്താനും പറഞ്ഞത്. പെട്ടന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടത് കസേരയില്‍ തളര്‍ന്നു കിടക്കുന്ന സിലിയെയാണ്. ഈസമയം കൂസലില്ലാതെ ജോളിയും ഷാജുവും സമീപത്തുണ്ടായിരുന്നുവെന്നും ഏറെ നിര്‍ബന്ധിച്ച് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിലിയുടെ മരണം സംഭവിച്ചിരുന്നുവെന്നും സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി.

അതേസമയം ഷാജു വീണ്ടും വിവാഹം കഴിക്കുന്നതില്‍ കുടുംബത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്നും ജോളിയുമായുള്ള വിവാഹച്ചടങ്ങില്‍ പങ്കെടുത്തില്ലെന്നും സിജോ പറഞ്ഞു. ജോളി സിലിക്ക് ഗുളികയില്‍ വിഷം ചേര്‍ത്ത് നല്‍കിയതില്‍ ഷാജുവിന് മുഖ്യ പങ്കുണ്ടെന്നും സിജോ അന്വേഷണസംഘത്തിനു മൊഴി നല്‍കി.