സിലിയുടെയും മകള്‍ അല്‍ഫൈന്റെയും മരണത്തില്‍ ഷാജുവിന്റെ പങ്കെന്ത്? പോലീസിന്റ ചോദ്യംചെയ്യല്‍ നിര്‍ണ്ണായകം

Web Desk
Posted on October 13, 2019, 5:22 pm

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനോട് നാളെ വടകരയിലെ എസ്.പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. കൂടത്തായിയിലെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാജുവില്‍നിന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ആദ്യഭാര്യ സിലിയുടെയും മകള്‍ അല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഷാജുവില്‍നിന്ന ചോദിച്ചറിയും. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാവും അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍.

മുന്‍പ് പലതവണ ഷാജുവിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ജോളിയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാജുവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്വേഷണ സംഘം ശ്രമിക്കും.

അതേസമയം സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയാണെന്ന് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കൂടത്തായില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ഷാജുവിന്റെ അറിവും പിന്തുണയും ലഭിച്ചുവെന്ന മുഖപ്രതി ജോളിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലായിരുന്നു സിജോയുടെ മൊഴി. എന്തായാലും ഷാജുവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം മനസ്സിലാക്കിയെടുക്കും.