കൂടത്തായി കൊലപാതകം സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍

Web Desk
Posted on October 08, 2019, 8:33 pm

താമരശ്ശേരി (കോഴിക്കോട്): കൂടത്തായി കൂട്ടകൊലപാതകത്തിലെ ദുരൂഹതകള്‍ മറനീക്കി ഓരോ ദിവസവും പുറത്ത് വരുമ്പോഴും സിനിമ കഥയെ വെല്ലുന്ന രീതിയിലാണ് ആറ് കൊലപാതകങ്ങളും നടത്തിയിരിക്കുന്നത് എന്ന് തോന്നുക സ്വഭാവികം. ഒന്നിന് പുറകെ ഒന്നായാണ് 17 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കുടുംബത്തിലെ ആറു പേരെ നിഷ്‌കരുണം ഒരു സ്ത്രീ കൊന്നു തള്ളിയിരിക്കുന്നത്. പതിനേഴ് വര്‍ഷവും ഒരാള്‍ക്കും ഒരു സംശയവും ഉണ്ടാകാത്ത രീതിയിലാണ് ഓരോ കൊലപാതകവും നടത്തിയിട്ടുള്ളത്. സ്വത്ത് മോഹം എന്നതിലപ്പുറം മറ്റെന്തൊക്കെയോ മറച്ചു വെക്കാനാണ് ഈ കൊലകള്‍ നടത്തിയത്.

സമൂഹത്തില്‍ എല്ലാവരോടും മാന്യമായ ഇടപെടല്‍ ഒരു പ്രശസ്ത കുടുംബം എന്നത് ഒക്കെ ആര്‍ക്കും ഒരു സംശയം ഉണ്ടാക്കാതെ കൃത്യമായ തിരക്കഥയിലൂടെ കൊലപാതകങ്ങള്‍ നടത്താന്‍ പ്രതിക്ക് സഹായകമായി. കട്ടപ്പനയില്‍ നിന്നും ഏകദേശം 21 വര്‍ഷം മുമ്പ് റോയിയെ വിവാഹം ചെയ്തു കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിയ ജോളി 2002 മുതല്‍ ഭര്‍ത്താവിന്റെ അമ്മ, അച്ഛന്‍, അമ്മാവന്‍, ഭര്‍ത്താവ്, ഇപ്പോള്‍ നിലവിലുള്ള ഭര്‍ത്താവിന്റെ ആദ്യ ഭാര്യ, മകള്‍ എന്നിവരെയാണ് ഭക്ഷണത്തില്‍ സയനൈഡ് എന്ന മാരകവിഷം ചേര്‍ത്ത് നല്‍കി കൊലപെടുത്തിയത്. ആദ്യ ഭര്‍ത്താവിന്റെ അനിയന്‍ റോജോക്ക് തോന്നിയ ചില സംശയങ്ങളുടെ ഭാഗമായി പോലീസില്‍ നല്‍കിയ പരാതിയിലുള്ള രണ്ട് മാസത്തെ സമഗ്ര അന്വേഷണത്തിന്റെ ഒടുവിലാണ് ജോളിയെയും മറ്റു രണ്ടു പ്രതികളേയും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടയില്‍ െ്രെകംബ്രാഞ്ച് 212 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

ജോളി താമസിച്ച വീട്ടില്‍ പരിശോധന നടത്തുകയും ഏറ്റവുമൊടുവില്‍ ആറു മൃതദേഹവും അടക്കം ചെയ്ത കല്ലറ തുറന്നും പരിശോധന നടത്തിയുമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക ശൃംഖലയുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിച്ചെടുത്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടത് നിസാരമാക്കിയതാണ് പ്രതിക്ക് മറ്റു കൊലപാതകങ്ങള്‍ നടത്താന്‍ സഹായകരമായത്. ചാത്തമംഗലം എന്‍ ഐടിയിലാണ് ജോലിയെന്ന് പറഞ്ഞു വീട്ടുകാരെയും നാട്ടുകാരേയും പറഞ്ഞു പറ്റിക്കാനും ജോളിക്ക് സാധിച്ചു. കഴിഞ്ഞ ശനിയാഴ്ച മൂന്ന് പേരെ അറസ്റ്റ് രേഖപെടുത്തിയതിന് ശേഷം പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ പലരും പല നിര്‍ണായക വെളിപെടുത്തലും ഓരോ ദിവസങ്ങളില്‍ നടത്തിയതും ശ്രദ്ധേയമാണ്. ഒസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ടും വില്ലേജ് ഓഫീസിലും, പഞ്ചായത്ത് ഓഫീസിലും നടന്ന ഇടപെടലുകളും അതിനു പ്രതിയെ സഹായിച്ചവരേയും പോലീസ് നീരീക്ഷിക്കുന്നുണ്ട്. കൂടാതെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും െ്രെകംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളില്‍ ഡിഎന്‍എപരിശോധന നടത്താനും, മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിനായിട്ടുള്ള വിദഗ്ദ്ധ പരിശോധന അമേരിക്കയിലാണ് നടത്തുക, റിമാന്‍ഡ് ചെയ്ത പ്രതികളെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കേസില്‍ മാപ്പുസാക്ഷിയാക്കാനുംഅതിന്റെ ഭാഗമായി വീണ്ടും ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനും സാധ്യത ഉണ്ട്. ചാത്തമംഗലത്തെ മറ്റൊരു മരണവുമായി ജോളിക്ക് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.