Web Desk

വടകര

February 03, 2020, 1:39 pm

കൂടത്തായി കൊലപാതകം : മാത്യു മഞ്ചാടിയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു

Janayugom Online

കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യാ സഹോദരൻ മാത്യു മഞ്ചാടിയിൽ വധക്കേസിലാണ് തിങ്കളാഴ്ച രാവിലെ താമരശ്ശേരി മുൻസിഫ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 2016 പേജുകളുണ്ട്. കേസിൽ ആകെ 178 സാക്ഷികളുണ്ട്.
മറ്റു മൂന്നു കേസുകളിലെയും പോലെ ജോളിയമ്മയെന്ന ജോളി തന്നെയാണ് മാത്യു മഞ്ചാടിയിൽ കേസിലും ഒന്നാംപ്രതി. 2014 ഫെബ്രുവരി 24‑നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരൻ മാത്യു മഞ്ചാടിയിൽ മരിച്ചത്. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം.
കൂടാതെ, റോയിയുടെ സ്വത്ത് ഇനി ജോളിക്ക് നൽകരുതെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറൽ എസ്. പി കെ. ജി സൈമൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാത്യുവിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തിൽ സയനൈഡ് കലർത്തി കുടിക്കാൻ നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. ശേഷം, കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലർത്തി നൽകുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
കൊയിലാണ്ടി സി. ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. റോയ് തോമസ്, സിലി, ആൽഫൈൻ കേസുകളിൽ പോലീസ് ഇതിനകം കുറ്റപത്രം സമർപ്പിച്ചിരുന്നു. കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്. പി കെ. ജി സൈമൺ പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോവുന്ന സാഹചര്യത്തിലാണ് നാലാമത്തെ കുറ്റപത്രവും സമർപ്പിച്ചിരിക്കുന്നത്.

Eng­lish sum­ma­ry: koo­dathayi mur­der case sub­mit Math­ew Man­chadi­il charge sheet

you may also like this video