ദുരൂഹതമാറാതെ കൂടത്തായി കൊലപാതകം?

Web Desk
Posted on October 06, 2019, 10:39 am

കോഴിക്കോട്: ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വര്‍ഷംമുൻപാണ് റോയി തോമസിനെ പ്രണയിച്ച് വിവാഹം കഴിച്ച് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ ബന്ധുവായിരുന്ന ജോളി ഒരു വിവാഹത്തിനായി മാത്യുവിന്റെ വീട്ടിലെത്തിയപ്പോഴാണു റോയിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.അധികം വൈകാതെ തന്നെ വിവിധ കാരണങ്ങള്‍ കൊണ്ട് റോയിയുടെ മാതാപിതാക്കളെയും റോയിയെയും കൊലപ്പെടുത്തിയ ജോളി താന്‍ കൂടത്തായിയിലെത്താന്‍ കാരണക്കാരനായ മഞ്ചാടിയില്‍ മാത്യുവിനെയും കൊലപ്പെടുത്തി. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതും പോസ്റ്റ്‌മോര്‍ട്ടത്തിനായി വാശി പിടിച്ചതുമായിരുന്നു മാത്യുവിന്റെ ജീവനെടുക്കാന്‍ കാരണം. അതേസമയം, കൂടെപഠിച്ചിരുന്ന കാലത്ത് സൗമ്യഭാവക്കാരിയായ ജോളിയാണ് കൂടത്തായിയില്‍ ആറ് പേരെ കൊലപ്പെടുത്തിയതെന്ന് ഇനിയും പാലായിലെ പഴയ സഹപാഠികള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. കൊലപതകങ്ങൾക്ക് ശേഷവും ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ജോളിയുടെ നീക്കം. കേസിൽ നിർണായകമായത് രഞ്ജിയുടെ ഇടപെടൽ. ദുരൂഹമരണങ്ങളുടെ പിന്നാലെ പ്രവര്‍ത്തിച്ച ജോളിയ്ക്ക് പിന്നാലെ നീങ്ങിയ രഞ്ജിയും റോജോയും രക്ഷപ്പെട്ടത് തലനാരിഴക്ക്. ജ്യേഷ്ഠഭാര്യയുടെ പല നടപടികളും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഇരുവരും സുഹൃത്തുക്കളായ പലരോടും ചില ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.

റോയിയുടെ മരണശേഷം ജോളിയിലേക്ക് സംശയമുന നീണ്ടതോടെ രഞ്ജിയും റോജോയും പലപ്പോഴും കൂടത്തായിയിലെ തറവാടു വീട്ടിലെത്തിയിരുന്നെങ്കിലും ഒരിക്കല്‍പോലും അവിടെനിന്ന് ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ കൂട്ടാക്കിയിരുന്നില്ല.  അമേരിക്കയില്‍നിന്ന് മൂന്നുതവണ നാട്ടിലെത്തിയപ്പോഴും റോജോ തിരുവമ്ബാടിയിലെ ഭാര്യവീട്ടിലും കോടഞ്ചേരിയിലെ ഹോട്ടലിലും രഞ്ജി താമസിക്കുന്ന എറണാകുളത്തെ വീട്ടിലുമാണ് അന്തിയുറങ്ങിയത്.  പലപ്പോഴും തറവാടു വീട്ടിലെത്തിയ രഞ്ജി, ജോളി തളികയില്‍ വെച്ചുനീട്ടിയ പലഹാരങ്ങളോ ശീതളപാനീയങ്ങളോ രുചിച്ചുപോലും നോക്കിയില്ല. മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് പരാതി നൽകി അന്വേഷണം ചൂടുപിടിച്ചതോടെയാണ് മരണങ്ങളുടെ ചുരുളഴിയുന്നത്. കൂടത്തായിയിലെ സമാനമായ ആറ് മരണങ്ങളിലും ദുരൂഹത ആരോപിച്ച് പരാതി ലഭിച്ചതോടെ പോലീസ് സംഘം കുടുംബത്തെ കുറിച്ച് നാട്ടില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ജോളി എന്‍ഐടിയിലെ അധ്യാപികയാണെന്ന വിവരം നാട്ടുകാരില്‍ നിന്നും മറ്റും അറിഞ്ഞത്. എന്നാല്‍ എന്‍ഐടിയില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു അധ്യാപിക തന്നെ ഇല്ലെന്ന് മനസിലായി. ഇതോടെയാണ് ജോളിയെ കാര്യമായി നിരീക്ഷിക്കാന്‍ അന്വേഷണ സംഘം തീരുമാനിക്കുന്നത്.

അതേസമയം, പോലീസ് ചോദ്യം ചെയ്യുന്നതുവരെ ജോളി കോഴിക്കോട് എന്‍ഐടിയില്‍ ലക്ചററാണെന്നാണു താന്‍ വിശ്വസിച്ചിരുന്നതെന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവും മൊഴി നല്‍കി. നാട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ജോളി പറഞ്ഞിരുന്നതും ഇതേ കള്ളമായിരുന്നു. എന്‍ഐടിയിലെ വിസിറ്റിങ് പ്രൊഫസറാണെന്ന് കാണിക്കാന്‍ വ്യാജ തിരിച്ചറിയല്‍കാര്‍ഡും ഇവരുടെ പക്കലുണ്ടായിരുന്നു. രാവിലെ കാറുമെടുത്ത് വീട്ടില്‍നിന്ന് ജോളി പോകുന്നത് എന്‍ഐടിയിലേക്കാണെന്ന് എല്ലാവരും കരുതി. ഒടുവില്‍ കുരുക്ക് വീണപ്പോള്‍ എന്തിന് കള്ളം പറഞ്ഞുവെന്ന ചോദ്യത്തിന് നാട്ടുകാരുടെ മുന്നില്‍ ഗമ കാണിക്കാനാണെന്നായിരുന്നു മറുപടി. ബി ടെക്കുകാരിയാണെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, തന്റെ യോഗ്യത ബി.കോം ആണെന്ന് ജോളി പോലീസിന് മൊഴിനല്‍കി. ജോളി കള്ളംപറയുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്‍ഐടിയില്‍ ബിബിഎ ലക്ചററാണെന്നാണു പറഞ്ഞത്. പിഎച്ച്ഡി ചെയ്യുന്നതുകൊണ്ട് അവധിയിലാണെങ്കിലും ഓഫീസില്‍ പോകാതിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ ഓഫീസ് ജോലിയാണെന്നും പറഞ്ഞിരുന്നു. ഒരുതവണ എന്‍ഐടിയുടെ ഗേറ്റുകടന്ന് കാറുമായി പോകുന്നതും കണ്ടു. ഒരിക്കല്‍ എംകോമിന്റെയും നെറ്റ് യോഗ്യത നേടിയതിന്റെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നു. അതുകൊണ്ട് സംശയിച്ചിരുന്നേയില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാല്‍ ജോലിയുടെ കാര്യം കൂടുതല്‍ അന്വേഷിച്ചുമില്ലെന്ന് ഷാജുവിന്റെ മൊഴിയില്‍ പറയുന്നു.

എന്നാല്‍, ആദ്യം പറഞ്ഞ കാര്യങ്ങളൊക്കെ കള്ളമായിരുന്നില്ലേ എന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഒരു ബ്യൂട്ടി ഷോപ്പില്‍ ഇരിക്കാറുണ്ടെന്നാണ് ജോളി പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നു പോലീസ് പറയുന്നുണ്ടെന്നും ജോളി പറഞ്ഞിരുന്നു. അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ലെന്നും ഷാജുവിന്റെ മൊഴിയിലുണ്ട്.തന്റെ ആദ്യഭാര്യ സിലിക്ക് അപസ്മാരമുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവര്‍ക്കു ചിക്കന്‍ പോക്‌സുള്ളതിനാല്‍ മകള്‍ക്കും പലതരം രോഗങ്ങളുള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ രണ്ടുപേരുടെയും മരണത്തില്‍ സംശയങ്ങളുണ്ടായിരുന്നില്ല. റോയിയുടെ സഹോദരനും സഹോദരിക്കുമൊക്കെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള തന്റെ വിവാഹത്തിനു താത്പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളില്‍ ചിലരായിരുന്നു. ഈ കേസില്‍ പോലീസ് മൊഴിയെടുക്കാന്‍ വന്നപ്പോഴാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നതും മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും ഒക്കെയുള്ള കാര്യം അറിയുന്നത്ഷാജു പറഞ്ഞു.

ഇപ്പോഴിതാ കൂടത്തായി കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സൂചന നൽകുന്നത്. കൊലപാതക പരമ്പരക്ക്  ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് മുഖ്യപ്രതി ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 11 പേര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലുമാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്യാത്തവരും നിരീക്ഷണത്തിലുണ്ട്. അതേസമയം, മൊഴിയിലെ വാസ്തവത്തെക്കുറിച്ച് അറിയാന്‍ ജോളിയുടെ ഫോണ്‍ രേഖകള്‍ പൊലീസ് ശേഖരിച്ചു. തെളിവ് ശേഖരിക്കാന്‍ പൊന്നാമറ്റത്തെ ടോം തോമസിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട് പൂട്ടി സീല്‍വച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാസപരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് വടകര റൂറല്‍ എസ്പി കണ്ണൂര്‍ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.ബന്ധുക്കളായ ആറ് പേരുടെ ദുരൂഹ മരണത്തില്‍ ജോളി അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കുന്നതിനും പുനര്‍വിവാഹിതയാകുന്നതിനുമായി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് ആറുപേരെയും ജോളി കൊലപ്പെടുത്തിയത്.