ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു: വിഷത്തിന്റെ വീര്യം പരീക്ഷിച്ചത് വളർത്തു നായയിൽ

Web Desk
Posted on November 23, 2019, 9:47 pm

കട്ടപ്പന: കൊലപാതക പരമ്പരകള്‍ക്കായി തയാറെടുക്കാന്‍ ജോളി പരീക്ഷണങ്ങള്‍ നടത്തിയത് നായയില്‍. നായക്ക് വിഷം നല്‍കി പരീക്ഷണം നടത്തിയ ശേഷമാണ് ജോളി മനുഷ്യകൊലപാതകങ്ങളിലേക്ക് കടന്നത്. കൂടത്തായി കേസില്‍ ജോളിയുടെ കൂടുതല്‍ ക്രൂരതകള്‍ ഇതോടെ പുറത്തുവരുകയാണ്. വാഴവരയിലെ പഴയകുടുംബ വീട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെ വിഷം നല്‍കി കൊന്ന ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കാര്‍ഷിക ആവശ്യത്തിനായി ജോളിയുടെ പിതാവ് വാങ്ങിവച്ചിരുന്ന വിഷം കൈക്കലാക്കിയ ജോളി ഇത് ആദ്യം വീട്ടിലെ വളര്‍ത്തുനായയില്‍ പരീക്ഷിക്കുകയായിരുന്നു. ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ വിഷമായിരുന്നു നായക്ക് നല്‍കിയത്. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്ന് ആര്‍ക്കും മനസിലായില്ല. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാന്‍ ജോളി തീരുമാനിച്ചത്.

നായ താനേ ചത്തതാണെന്നാണ് അന്ന് എല്ലാവരും കരുതിയിരുന്നത്. ഇതാണ് കൊലപാതക പരമ്പരകള്‍ക്ക് ജോളിക്ക് ധൈര്യം നല്‍കിയത്. ഇന്നലെ കട്ടപ്പനയിലെത്തിയ ജോളിയെ അന്വേഷണ സംഘം വാഴവരയിലെ പഴയകുടുംബവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പേരാമ്പ്രയില്‍ നിന്നും ഇന്നലെ രാവിലെ 6. 45 ഓടെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ജോളിയെ ഒന്‍പതോടെ കനത്ത സുരക്ഷയില്‍ വാഴവരയിലുള്ള പഴയ കുടുംബവീട്ടിലെത്തിക്കുകയായിരുന്നു. സിഐ കെ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കട്ടപ്പനയില്‍ എത്തിയത്.

വാഴവരയിലെ അയല്‍വാസികളില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം 11. 30 ഓടെ അന്വേഷണ സംഘം ജോളിയെ കട്ടപ്പന വലിയകണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു. ജോളിയെ കട്ടപ്പനയിലെത്തിച്ചതറിഞ്ഞ് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പൊലീസ് ജീപ്പിലേക്ക് ജോളിയെ കയറ്റിയപ്പോള്‍ കൂക്കിവിളിച്ചു. വലിയകണ്ടത്തെ വീടിനു മുന്നിലും നാട്ടുകാരും അയല്‍വാസികളും തിങ്ങി നിറഞ്ഞിരുന്നു. ജോളിയുടെ പിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സഹോദരനെയും ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. പിതാവിന് ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ജോളിയുടെ സാന്നിധ്യത്തിലല്ല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജോളിയെ സ്റ്റേഷനിലേക്ക് മടക്കിയ ശേഷമായിരുന്നു നടപടി. നെടുങ്കണ്ടത്തെ പ്രീഡിഗ്രി പഠനശേഷം ജോളിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൂടത്തായി കൊലപാതക കേസില്‍ നിര്‍ണായക വിവരങ്ങളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.