കൂമന്‍ കാവില്‍ രവി ബസിറങ്ങി

Web Desk
Posted on July 14, 2019, 6:41 am

വിജയ് സി എച്ച്

കൂമന്‍കാവ് ബസ്റ്റോപ്പില്‍ രവി ഇറങ്ങി. ആറൂട്ടിലെ അവസാനസ്റ്റോപ്പ്. ഒരു ആശ്രമത്തില്‍ നിന്നുതുടങ്ങിയ യാത്ര ഇവിടെയാണ് അവസാനിച്ചത്.
തന്റെ ജീവിത സാഹചര്യങ്ങളില്‍ വിരക്തി തോന്നി, നാട്ടിലെ ഓണേഴ്‌സ് ഡിഗ്രിയും, ഗോളോര്‍ജ്ജതന്ത്ര പഠനത്തെ ഉപനിഷത്തുക്കളില്‍ ഒളിഞ്ഞു കിടക്കുന്ന വിജ്ഞാനം ഉപയോഗിച്ചു സ്പഷ്ടമാക്കുന്ന പ്രബന്ധത്തിനു ഒരു അമേരിക്കന്‍ യൂനിവേഴ്‌സിറ്റി വാഗ്ദാനം ചെയ്ത ഫെലോഷിപ്പും ഉപേക്ഷിച്ചു, പ്രണയിനി പത്മയേയും വിട്ടു, ഖസാക്കില്‍ പോയി സ്വയം ശുദ്ധീകരിക്കാന്‍.
കുതിരാനിലെ കുരുക്കു കഴിഞ്ഞു ഞങ്ങള്‍ കിണാശ്ശേരിയില്‍ എത്തുമ്പോള്‍, ഞാനൊരു മൂന്നു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്തുകാണും. രവി ഇറങ്ങിയ കൂമന്‍കാവ് ബസ്റ്റോപ്പ് ഖസാക്കിലാണ്, കിണാശ്ശേരിയിലില്ല. ഇതിഹാസത്തിലെ കൂമന്‍കാവ് തിരക്കി, കിണാശ്ശേരിയിലെത്തുന്നവര്‍ അനേകമാണത്രെ! ഈ വിവരത്തിനു ഞാന്‍, കിണാശ്ശേരി പാതയോരത്തു പന്തലിട്ടു നില്‍ക്കുന്ന പേരാലിന്‍ ചുവട്ടില്‍ കായ്കനി വില്‍ക്കുന്ന ഒരു സ്‌പെഷ്യല്‍ സ്റ്റാളുകാരന് കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തോടാണ്ഞാന്‍ കനാല്‍പാലം ബസ്റ്റോപ്പ് അന്വേഷിച്ചത്.

രവിക്ക് കൂമന്‍കാവും പരിസരവും, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവുകളും ഏറുമാടങ്ങളും പരിചിതമായിരുന്നു. തുമ്പികളായ് വരുന്ന ചിതലിമല ആത്മാക്കളേയും, അശാന്തരായ ഇഫിരീത്തുകളേയും തിരിച്ചറിയാമായിരുന്നു. പാമ്പിന്‍ പുറ്റുകള്‍പോലും സാധാരണമായ കാഴ്ച്ച. എന്നാല്‍, കനാല്‍പാലം തന്നെ ഞങ്ങള്‍ ആദ്യം കാണുകയായിരുന്നു. ഉള്ളോട്ട് ഇനിയും പോയാലാണ് തസ്രാക്ക്. രവിക്ക് അനുഭവപ്പെടാത്ത ഒരു ആകുലത സ്വാഭാവികമായും അവിടെ ഞങ്ങളെ ഗ്രസിച്ചിരുന്നു.

തസ്രാക്കിലേക്കു പോകാന്‍ കനാല്‍പാലം ബസ്റ്റോപ്പില്‍ നിന്ന് ഇടത്തോട്ടാണ് ഞാന്‍ കാര്‍ തിരിച്ചത്.തൃശ്ശൂര്‍-പാലക്കാട് ഹൈവെയില്‍ നിന്നു തുടങ്ങിയ ഈറോഡ്, കനാല്‍പാലവും പിന്നിട്ട് പെരുവമ്പ് വഴി ചിറ്റൂരിലേക്ക് പോകുന്നു. മലമ്പുഴ ഡാമില്‍നിന്ന് വരുന്ന കനാലിന്റെ അരികിലൂടെയുള്ള നടപ്പാത ഇപ്പോള്‍ ഒരു ടാറിട്ട റോഡായി മാറിയിട്ടുണ്ട്. എതിര്‍ദിശയില്‍ നിന്ന് വാഹനമൊന്നും വന്നില്ലെങ്കില്‍ റോഡിന്റെ അവകാശം നമുക്കുമാത്രം! വഴിയമ്പലവും കനാല്‍പാലം ഗെയ്റ്റും കടന്ന് ഞങ്ങള്‍ കുറച്ച് ദൂരം നീങ്ങിക്കഴിഞ്ഞു. ഇരുവശത്തു നിന്നും വഴിയിലേക്ക് ചാഞ്ഞ് കിടന്നിരുന്ന മിഥുനമാസത്തിലെ ചെടികള്‍, ഈ നിരത്തിന്റെ ചാരുത അല്‍പ്പം വര്‍ദ്ധിപ്പിച്ചതുപോലെ.

kooman kavu
പൂപ്പലോടിയ ഇലക്ട്രിക് പോസ്റ്റുകളിലുരക്കാതെ, പച്ചപ്പിനെ തുളച്ചു വഴി കണ്ടുപിടിച്ച്, ഹോണ്‍ഡ ഓടുന്നത് മിക്കവാറും ഫസ്റ്റ് ഗിയറില്‍തന്നെയാണ്. ജിപിഎസ് ഉപയോഗിച്ചുള്ള റൂട്ട് ഗൈഡന്‍സ് മകള്‍ പറഞ്ഞു കൊണ്ടിരുന്നതിനാല്‍ ശരിയായ ദിശയില്‍തന്നെയാണ് സഞ്ചാരമെന്ന് ഉറപ്പ്വരുത്താനായി. സുന്ദരനായൊരു മുയല്‍ റോഡു മുറിച്ചോടി പൊന്തക്കാട്ടില്‍ മറഞ്ഞു. പാതയില്‍ ‘മേഘങ്ങളുടെനിഴലുകള്‍ പാണ്ടിപ്പയ്ക്കളെപ്പോലെ മേഞ്ഞു മേഞ്ഞു പോകുന്നു.’ ഇന്‍സ്‌പെക്ടറും രവിയും കഥകള്‍ പറഞ്ഞു നന്നാറി സര്‍ബത്ത് കുടിച്ച സ്ഥലമോ, അലിയാരുടെ ചായക്കടയോ, കുപ്പുവിന്റെ കള്ളുഷാപ്പോ ആ വഴിയില്‍ ഞങ്ങള്‍ കണ്ടില്ല. വാസ്തവത്തില്‍, സാഹിത്യ തീര്‍ത്ഥയാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആ പ്രദേശത്ത് ഒന്നുംതന്നെ ഒരുക്കിയതായി കാണാനായില്ല. ഓണമുണ്ണാന്‍ ഊക്കോടെ വളരുന്ന നെല്ലിന്റെ ശ്യാമളത മനോഹരമായി പരന്നുകിടക്കുന്നു. കുന്നിന്‍ ചരിവുകള്‍ അത്ര ദൂരെയല്ലാതെ എല്ലായിടത്തും. പാലക്കാടന്‍ പ്രവശ്യയുടെ പൊതുസൗന്ദര്യമാണെങ്കിലും, ഓജസ്സുള്ള കരിമ്പനകള്‍ അങ്ങിങ്ങായി കാണാന്‍ തുടങ്ങിയപ്പോള്‍, ഒറ്റപ്പെട്ടു നില്‍ക്കുന്ന ഗ്രാമാന്തരീക്ഷം ഞങ്ങളെ അല്‍പ്പം അലോസരപ്പെടുത്താതിരുന്നില്ല.

kooman kavu
അപരിചിതമായ വഴിയരികിലേക്കിറങ്ങി തലയെടുപ്പുള്ള കരിമ്പനകളുടെ സൗന്ദര്യം കാമറയില്‍ പകര്‍ത്തുന്ന തിരക്കില്‍, ‘മണ്‍കട്ടകള്‍ക്കിടയില്‍ പാമ്പുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന്’ ഞാന്‍ ഓര്‍ത്തതേയില്ല. കരിമ്പനപ്പൊത്തുകളില്‍നിന്ന് പത്തിവിടര്‍ത്തിയാടുന്ന കരിനാഗങ്ങളും അവയുടെ പ്രണയമര്‍മ്മരങ്ങളും ഇവിടങ്ങളിലൊക്കെ പതിവാണെന്നും ചിന്തയിലെത്തിയില്ല. നീലാകാശവും വെള്ളിമേഘങ്ങളും കാവ്യാത്മകം. മഴ ചെറുതായൊന്നു ചാറി. രണ്ടു മിനിറ്റു മാത്രമേ വൈപ്പര്‍ ഇട്ടുള്ളൂ. ഈ വീഥിയിലെവിടെയോവച്ച് ഞങ്ങള്‍ വീണ്ടും തസ്രാക്കുവിട്ട് ഖസാക്കില്‍ ചെന്നെത്തി. തസ്രാക്കും ഖസാക്കും തമ്മിലുള്ള സാമ്യവും, രവിയും വിജയനും തമ്മിലുള്ള ഭിന്നതയും കൂടിയും കുറഞ്ഞുമിരിക്കുന്ന ഒരു മാസ്മരഭൂമികയില്‍.
‘തലയില്‍ തട്ടനിടാതെ, നീലഞരമ്പോടിയ കൈകളില്‍ കരിവളയിട്ട്’ മനോഹരിയായ മൈമുന ഇവിടെ രവിക്കും വിജയനും, പത്മയുടെ പകരക്കാരിയായിരുന്നു. ഇന്ന്, ഇത് വിജയന്റെ സ്മാരകഭൂമി!

kooman kavu

സഹോദരി ശാന്തക്ക് തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ ജോലികിട്ടിയപ്പോള്‍, വാടകക്കെടുത്ത ഞാറ്റുപുരയില്‍ അവരുടെ കുടുംബത്തോടൊപ്പം താമസിക്കാന്‍, തൊഴില്‍ നഷ്ടപ്പെട്ടു വെറുതെ വീട്ടിലിരുന്നിരുന്ന വിജയനും എത്തിയിരുന്നു. ശാന്തയുടെ ശിക്ഷക ജോലിതന്നെയാണ് ഖസാക്കിലെത്തിയ രവിയും ഏറ്റെടുത്തു ചെയ്തത്. തസ്രാക്കിലെ വിജയന്റെ അനുഭവമാണ് ഖസാക്കിലെ രവിയുടേത്. നിഗൂഢ സ്വഭാവമാണ് ഖസാക്കിന്. യഥാര്‍ത്ഥത്തില്‍, സ്വത്വം തേടിയാണ് രവി ഇവിടെ എത്തിയത്. അതോടെ മലയാള സാഹിത്യചരിത്രത്തിലെ എക്കാലത്തെയും അത്ഭുതമായ ഖസാക്കിന്റെ ഇതിഹാസം പിറവിയെടുത്തു. ഇത് അതുവരെയുണ്ടായിരുന്ന മലയാള സാഹിത്യസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. പ്രമേയവും അതു പറഞ്ഞ രീതിയുമാണ് ഒരു സാഹിത്യസൃഷ്ടിയുടെ ഉല്‍കൃഷ്ടങ്ങളെങ്കില്‍, ഇതിഹാസത്തിന് മലയാളഭാഷയില്‍ സമാനതകളില്ല. മുന്നെ കേട്ടിട്ടില്ലാത്തതൊന്ന്, മുന്നെ കേട്ടിട്ടില്ലാത്തൊരുഭാഷയില്‍, ഏറ്റവും ലളിതമായ രീതിയില്‍ ഇതിഹാസത്തെ ഇങ്ങനെ നിര്‍വചിക്കാം.

kooman kavu

ഒരൊറ്റ ഇതിവൃത്തമല്ല, നൂറുകണക്കിനു കഥാപാത്രങ്ങളുടെ ജീവിതവുമായുള്ള ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരയാണ് ഈ ഇതിഹാസം. ഐക്യരൂപമില്ലാത്ത ശ്ലഥചിത്രങ്ങള്‍!
ഞാറ്റുപുരയിലും, തസ്രാക്കിലെ നാട്ടുമ്പറമ്പിലും, മൈലാഞ്ചി ചെടികള്‍ വളരുന്ന പാടവരമ്പത്തും, കാളവണ്ടികള്‍ അരിച്ചു നീങ്ങുന്ന ഇടവഴികളിലും വിജയന്‍ കണ്ടതും കാണാതെ അറിഞ്ഞതുമാണ് ആധാരഭൂതമായ ദ്രവ്യമെങ്കിലും, മിത്തും, ഫോക്കും, സങ്കല്‍പ്പവും, വൈരുദ്ധ്യവും, വിചിത്രഭാവനയും, ഗൂഢാര്‍ത്ഥങ്ങളുമെല്ലാം വേണ്ടുവോളമുണ്ട് ഇതിഹാസത്തില്‍. എന്നാല്‍, കാല്‍പനികതയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും ഇടയില്‍ വിജയന്റെ അതിസൂക്ഷ്മമായ പോക്കുവരവ് അറിയണമെങ്കില്‍വായനക്കാരനും ഇതിഹാസസ്രഷ്ടാവിന്റെയത്ര ക്രാഫ്റ്റ്മാന്‍ഷിപ്പ് കാലിബര്‍ ഉണ്ടായിരിക്കണം. വിജയന്റെ പ്ലോട്ടുകളില്‍ സഹജമായികാണുന്ന ‘മിസ്റ്റിക്കല്‍ ചാം’ മനം കവരുന്ന സവിശേഷത, അദ്ദേഹത്തിന്റെ ഈ വൈദഗ്ദ്ധ്യത്തില്‍ നിന്ന് ജന്മം കൊണ്ടതാണ്.

kooman kavu
കേരളത്തിലെ ഏറ്റവും പ്രിയമേറിയ ലിറ്റററി ട്രാവല്‍ ഡെസ്റ്റിനേഷനാണ് ഇന്ന് തസ്രാക്ക് എന്നറിഞ്ഞപ്പോഴാണ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെങ്കിലും, അവിടെ ഒരു ഹൈടെക് ഞാറ്റുപുരയല്ല പ്രതീക്ഷിച്ചിരുന്നത്! ഞാറിന്‍കെട്ടുകളും, വയ്‌ക്കോല്‍കൂനകളും, നെല്‍ചാക്കുകളും, അരിവാളും, കൈക്കോട്ടും, നിലംതല്ലിയും മറ്റുമൊക്കെയുള്ള ഒരു കളപ്പുരയായിരുന്നു മനസ്സില്‍. ഏറെ തിരഞ്ഞതിന് ശേഷമാണ് കുറച്ച് മുറങ്ങള്‍ മാത്രം ഞാറ്റുപുരയുടെ പിന്‍ഭാഗത്ത്, വെളിയില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ടത്. ഞാറ്റുപുരയുടെ ആകെയുള്ള തിരുശേഷിപ്പുകള്‍!

kooman kavu
കെട്ടിടത്തിന്റെ കോലായയും, തിണ്ണയും, ചായിപ്പുമൊക്കെ പഴയതുപോലെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, ഞാറ്റുപുരക്കകത്ത് ഞങ്ങള്‍ കണ്ടത്, ലാപ്‌ടോപ്പും, പ്രോജക്ടറും, ഹോംതീയറ്റര്‍ സ്‌ക്രീനും, സര്‍വൈലന്‍സ് കാമറകളും, ഇഇഠഢ യും, എയര്‍കണ്ടീഷനറുമൊക്കെയാണ്. പ്രതീകാത്മകമായെങ്കിലും കാര്‍ഷികോപകരണങ്ങള്‍ ഞാറ്റുപുരയിലും പരിസരത്തും ഇല്ലാതെ പോയതിലെന്തോ അനൗചിത്യംതോന്നി. തേവാരത്തു ശിവരാമന്‍ നായരില്‍നിന്നും വിജയന്റെ സഹോദരി വാടകക്കെടുത്ത ഞാറ്റുപുര ഇങ്ങിനെയായിരുന്നില്ലല്ലൊ! നവീകരണമാകാം, പക്ഷെയത് പൂര്‍വ്വ കാലത്തെ ചുരണ്ടിക്കളഞ്ഞിട്ടാവരുത്.

kooman kavu

അറബിക്കുളത്തിലേക്കുള്ള ടൈല്‍ വിരിച്ച നടപ്പാതയിപ്പോള്‍ കഥാപാത്രങ്ങളുടേയും കഥാസന്ദര്‍ഭങ്ങളുടേയും ഒരു കലാശാലയാണ്. ശില്‍പവനവും, ഫോട്ടോഗാലറിയും, കാര്‍ട്ടൂണ്‍ ഗാലറിയും, ലൈവ് തീയറ്ററും ചേലൊത്ത് നിര്‍മിച്ചതിന്റെ കൂട്ടത്തില്‍, ഞാറ്റുപുരയുടെ മൗലികതയും കുറച്ചൊക്കെ പരിഗണിക്കാമായിരുന്നു.
‘രവിയുടെപണിക്കാരി ആബിദ വന്ന് തുണി മുക്കിതുടക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇവിടെ നിന്ന് ഞാറിന്റേയും ചളിയുടേയും മണം ആദ്യമായകന്നത്.’ വിജയന്റെ നോവലില്‍ ഞാറ്റുപുരയെ വിശേഷിപ്പിച്ചതിങ്ങനെയാണ്! അത് ആരും മറന്നുകാണില്ല.
തുമ്പിയും, പാമ്പും, മയിലും, ഓന്തും, ചിലന്തിയും, മാധവന്‍നായരും മുതല്‍ അള്ളാപ്പിച്ചവരെയുള്ള കഥാപാത്രങ്ങള്‍ താന്താങ്ങളുടെ കല്ലില്‍ കൊത്തിവെച്ച രൂപത്തില്‍നിന്ന്, ഖസാക്കില്‍ ഏറ്റവും ഒടുവിലെത്തിയ അതിഥികളെ കിഴക്കെ അതിര്‍ത്തിയില്‍ നിന്ന് ഊഷ്മളമായി ഉറ്റുനോക്കിയപ്പോള്‍, ഞങ്ങളും അല്‍പ്പ സമയം അവരുടെ സാമ്രാജ്യത്തിലെ ആരൊക്കെയൊ ആയിത്തീര്‍ന്നു.

‘ബാല്യമോ യൗവനമോ വാര്‍ദ്ധക്യമോ മുഖത്തുതെളിയാത്ത’ അപ്പുക്കിളിയുടേയും, ദീനംവന്ന്, ആദ്യം മകന്‍ കുഞ്ഞുനൂറിനേയും, പിന്നീട് മകള്‍ ചാന്തുമുത്തുവിനേയും നഷ്ടമായ ചാന്തുമ്മയുടേയും ശോകങ്ങള്‍ മനസ്സിലെവിടയൊ തളംകെട്ടിനിന്നു. അവരോട് എന്തെങ്കിലും സാന്ത്വനവാക്കുകള്‍ പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
മൈമൂന ‘അങ്ങിനെയൊക്കെ’ ആയിരുന്നുവെങ്കിലും, അവളുടെശില്‍പം തേടി കണ്ണുകള്‍ അവിടെയെല്ലാം അലയാതിരുന്നില്ല. അവള്‍, ‘ആ ഉടലിന്റെ ധാരാളിത്തത്തിന് പൊന്ന് വേണ്ടെന്ന് കണ്ടവരെല്ലാവരും പറഞ്ഞ ‘ഖസാക്കിലെ യാഗാശ്വം.’

kooman kavu
ഇന്നത്തെപോലെ സ്ത്രീപക്ഷവാദം എന്ന പദം നാഴികക്കു നാല്‍പ്പതുവട്ടം പുരുഷന്മാന്‍ ആക്രോശിക്കാതിരുന്നൊരു കാലത്ത്, ജീവിതം തനിക്കു നല്‍കിയ വിണ്ടുകീറിയ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ പതറാതെ നിന്ന മൈമുനയെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് ഉത്തമം എന്നാണെങ്കില്‍ പറയട്ടെ, രവി എന്ന പേര് ഉരുവിടുന്നത് ആദ്യമേ നിര്‍ത്തണമായിരുന്നു. കൃശഗാത്രനെങ്കിലും കരുത്തുള്ള ആ ധിക്കാരിക്കു നാം കൊടുക്കുന്ന ആനുകൂല്യത്തിന്റെ ചെറിയ ഒരംശമെങ്കിലും, വശംവദയാകേണ്ടിവന്ന മൈമൂനക്ക് അനുവദിച്ചുകൂടേ?
കൂമന്‍കാവിലെ രാഗരൂപിണി, കോയമ്പത്തൂരില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നത്, അന്വേഷണം ബാക്കിനില്‍ക്കെ, എന്റെ ഒരുകേട്ടറിവാണ്. ഞങ്ങള്‍ അന്വേഷിക്കും, ഞങ്ങള്‍ അവിടേയും ചെല്ലും. അവര്‍ക്കിപ്പോള്‍ മരിച്ചുപോയ എന്റെ മാതാവിന്റെയത്ര പ്രായംകാണുമല്ലൊ. എന്തൊക്കെആയാലും, കഥാപാത്രങ്ങളുടെ സാര്‍വ്വലൗകികത എന്നതൊന്നല്ലേ വിജയന്റെ പുസ്തകത്തെ ഒരു ബെസ്റ്റ് സെല്ലിങ് ഇതിഹാസമാക്കിയത്, അമ്പതു വര്‍ഷത്തിനകം പത്തറപതുതവണ അച്ചടിക്കാന്‍ അവസരമുണ്ടാക്കിയത്!
ഗഹനമായതെല്ലാം നിസ്സാരമായി ചെയ്യുന്ന നൈസാമലിയെപ്പോലെ പാതിരായ്ക്ക് വേണ്ട, പാനീസ് വിളക്കും വേണ്ട, പകല്‍വെളിച്ചത്തില്‍ തന്നെ, എല്ലാം നനച്ചു അറബിക്കുളത്തില്‍ ഒന്നുമുങ്ങിക്കുളിച്ചാലോ, മനസ്സു മന്ത്രിച്ചു! മൈമുന നനഞ്ഞു കയറിനിന്ന ആ പടവില്‍ അല്‍പ്പനേരം ഇരിക്കണം. ഇപ്പോള്‍തയ്യാറെടുപ്പില്ല, അടുത്തവരവിലാവാം.…ഞങ്ങള്‍ ഇവിടെ ഇനിയുംവരും.…വരണം!

kooman kavu
ഒരു പുസ്തകത്തിന്റെ പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഈ ഊരില്‍ ഓരോ വരവിലുമുണ്ടാകും ഒരോന്നറിയാന്‍. നിമഗ്‌നമായി നിരവധി തവണ വായിച്ചാലും ഗ്രഹിക്കാനാവത്തവയാണ് വിജയന്റെ ബിംബങ്ങള്‍!
ഒരു ജീവിതം ജീവിച്ച്, സന്ദിഗ്ദ്ധമായതിനെല്ലാം സമാധാനം ലഭിച്ച്, ഇവിടെ നിന്നുള്ളതില്‍ നിന്നെല്ലാം മുക്തിയും നേടി, എന്നന്നേക്കുമായി മറ്റൊരു ലോകത്തേക്ക് പോകാന്‍ ഒരു വിഷസര്‍പ്പത്തിന്റെ സഹായം കാംക്ഷിക്കുന്ന രവിയുടെ പരമാനന്ദാവസ്ഥയില്‍ നമുക്കിതുവരേയും എത്താനായില്ലല്ലൊ!
മഴപെയ്യുന്നു.
മഴമാത്രമേയുള്ളൂ.
കാലവര്‍ഷത്തിന്റെ വെളുത്ത മഴ.
മഴ ഉറങ്ങി.
മഴ ചെറുതായി.
രവി ചാഞ്ഞുകിടന്നു.
കൂമന്‍കാവിലെ മണ്‍കട്ടകള്‍ കാലുകൊണ്ട് നമുക്കുമൊന്നു ഇളക്കി നോക്കേണ്ടേ?

kooman kavu

ചിത്രീകരണം: സലിം ബാബു