Web Desk

സോള്‍

December 11, 2020, 5:05 pm

കിം കി ഡുക്ക് അന്തരിച്ചു

Janayugom Online

വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് ലാത്വിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നടന്നുവരാറുള്ള ഐഎഫ്എഫ്കെയിലെ നിറസാന്നിദ്ധ്യമായിരുന്നു കിം കി ഡുക്ക്.

റിഗയ്ക്കടുത്തുള്ള കടൽതീരത്ത് വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി ഡുക്ക് ലാത്വിയയിലെത്തിയത്. ഇദ്ദേഹത്തിന്റെ മരണം റിഗ ആർട്ട്ഡോക്ഫെസ്റ്റ് ഡയറക്ടർ വിറ്റാലീസ് മാന്‍സ്‌കിസ് ലാത്വിയൻ മാധ്യമമായ ഡെൽഫി ന്യൂസിനോട് സ്ഥിരീകരിച്ചു.
1960 ഡിസംബർ 20‑ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതൽ 93 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995‑ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് വഴിത്തിരിവായി മാറി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ക്രോക്കോഡിൽ എന്ന അദ്ദേഹത്തിന്റെ കന്നിച്ചിത്രം ഏറെ നിരൂപക പ്രശംസ നേടി. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് നിറഞ്ഞ സദസ് ലഭിച്ചിരുന്നു.
സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിംഗ്, സമരിറ്റൻ ഗേൾ, ദ ബോ, ത്രീ അയേണ്‍, ദ ഐൽ, ബാഡ് ഗൈ, ദ കോസ്റ്റ് ഗാര്‍ഡ്, അഡ്രസ്സ് അണ്‍നോണ്‍, ഡ്രീം, പിയെത്ത, മോബിയസ് തുടങ്ങിയ നിരവധി പ്രശസ്ത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കാൻ, ബെർലിൻ, വെനീസ് ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടെ ഒട്ടനവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും കിം കി ഡുക് നേടിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Kim Ki Duk Passed Away

You may like this video also