പ്രതീക്ഷയുണര്‍ത്തുന്ന കൊറിയന്‍ ഉച്ചകോടി വിജയം

Web Desk
Posted on April 27, 2018, 10:24 pm
ഏഴുപതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ള കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് അയവുവരുന്നതും അവിടെ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതും ഈ ഭൂഖണ്ഡത്തിലെ സുപ്രധാന രാഷ്ട്രീയ സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്കും നിര്‍ണ്ണായകമാകും

ത്തര-ദക്ഷിണ കൊറിയന്‍ നേതാക്കളുടെ ഉച്ചകോടി ഉപഭൂഖണ്ഡത്തിനും ലോകത്തിനും വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ആറുപതിറ്റാണ്ടിലധികമായി സംഘര്‍ഷനിര്‍ഭരമായിരുന്ന ഉപഭൂഖണ്ഡത്തില്‍ സമാധാനം വാഗ്ദാനം ചെയ്യുന്ന ഉച്ചകോടിയാണ് സമാപിച്ചത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനും ദക്ഷിണകൊറിയന്‍ നേതാവ് മുണ്‍ ജേ ഇനുമായി നടന്ന കൂടിക്കാഴ്ച ആണവ നിരായുധീകരണത്തിലേക്കും സമാധാന ഉടമ്പടിയിലേക്കും സൈനിക പരസ്പര വിശ്വാസം പുനസ്ഥാപിക്കുന്നതിലേക്കും നയിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഉച്ചകോടിതല കൂടിക്കാഴ്ചകളും ജനങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധവും കൈമാറ്റവും ഉച്ചകോടി ധാരണകളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ചൈനയും ജപ്പാനും അടക്കം മേഖലയിലുടനീളം ഗവണ്‍മെന്റുകള്‍ക്കും ജനങ്ങള്‍ക്കും ഏറെ ആശ്വാസകരമാണെന്ന കാര്യത്തില്‍ ഇരുപക്ഷമുണ്ടാവില്ല. ഉത്തരകൊറിയ അതിന്റെ അണുവായുധപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വിദ്വേഷഭരിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടുമെന്നും ബന്ധങ്ങള്‍ സാധാരണ നിലയില്‍ പുനഃസ്ഥാപിക്കുമെന്നുമാണ് അവര്‍ ഒപ്പുവച്ച പ്രഖ്യാപനം വ്യക്തമാക്കുന്നത്. ലോകത്തെയാകെ ആശങ്കയിലാക്കിയിരുന്ന ആണവ, മിസൈല്‍ പരീക്ഷണങ്ങളും വര്‍ദ്ധിത യുഎസ് സൈനിക സാന്നിദ്ധ്യവും സൃഷ്ടിച്ച സംഘര്‍ഷ അന്തരീക്ഷത്തിനാണ് ഉച്ചകോടി അയവു വരുത്തിയിരിക്കുന്നത്. ലോകം മുഴുവന്‍ ആശ്വാസത്തോടെ നോക്കുന്ന ഉച്ചകോടിയുടെ ഫലങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും യുഎസ് സൈനിക, ഭരണതലങ്ങളിലും എന്തുപ്രതികരണം സൃഷ്ടിക്കുമെന്നത് രാഷ്ട്രീയവൃത്തങ്ങളില്‍ അനല്‍പ്പമായ ആകാംക്ഷയുണര്‍ത്തുന്നുണ്ട്. ഇരുകൊറിയകളുടെയും അപ്രതീക്ഷിത നീക്കം ഉപഭൂഖണ്ഡത്തില്‍ യുഎസിന്റെ പങ്കിന് അനല്‍പമായ ക്ഷതം ഏല്‍പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നലത്തെ ഉച്ചകോടിയുടെ വിജയം ആഴ്ചകള്‍ക്കുള്ളില്‍ നടന്നേക്കാവുന്ന ട്രംപ്-ഉന്‍ ഉച്ചകോടിയുടെ രാഷ്ട്രീയ പ്രാധാന്യത്തിന് ഗണ്യമായി മങ്ങലേല്‍പിച്ചതായാണ് നിരീക്ഷകമതം.
ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിയോടെ സമകാലിക ചരിത്രത്തിലെ ഏറ്റവും നീണ്ട സംഘര്‍ഷാന്തരീക്ഷത്തിനാണ് സമാപനമാകുന്നത്. രണ്ടാംലോകമഹായുദ്ധത്തില്‍ ജപ്പാന്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരതകള്‍ക്ക് ഒരുപോലെ ഇരയായ ജനതകളാണ് ദക്ഷിണ ഉത്തര കൊറിയകളുടേത്. കൊറിയന്‍ രാഷ്ട്രവും ജനതയും വിഭജിക്കപ്പെട്ടതുതന്നെ രണ്ടാംലോകമഹായുദ്ധത്തിന്റെ ദുരന്തഫലമാണ്. ഉത്തരകൊറിയയും കിം ഇല്‍ സുങ്ങിന്റെ നേതൃത്വത്തില്‍ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും സൈന്യവും നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പ് ആ മേഖലയില്‍ ജാപ്പനീസ് അധിനിവേശത്തിന് വിരാമമിട്ടു. കമ്മ്യൂണിസ്റ്റ് വിപ്ലവശക്തിയുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിനാണ് ഉപഭൂഖണ്ഡത്തില്‍ യുഎസ് ഇടപെട്ടത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കന്‍ മേഖലകള്‍ കയ്യടക്കുന്നതില്‍ വിജയിച്ച യുഎസ് തങ്ങളുടെ ചരടുവലിക്ക് അനുസൃതമായി നൃത്തം ചെയ്യുന്ന പാവഭരണകൂടത്തെ അവിടെ അവരോധിക്കുകയായിരുന്നു. ഒരുഭാഷയും ഒരു സംസ്‌കാരവും ഒരു ചരിത്രവും ഒരു പാരമ്പര്യവുമുള്ള ജനതയെയാണ് കമ്മ്യൂണിസ്റ്റ് ഭീകരതയുടെ മറവില്‍ യുഎസ് സാമ്രാജ്യത്വം വിഭജിച്ചത്. അത് കഴിഞ്ഞ ഏഴുപതിറ്റാണ്ടിലധികമായി യുഎസ് സൈനികസാന്നിദ്ധ്യം നിലനിര്‍ത്താനും മേഖലയെയാകെ യുദ്ധത്തിന്റെ കരിനിഴലില്‍ നിലനിര്‍ത്താനും ഇടയാക്കി. സ്വതന്ത്രമായി നിലപാട് സ്വീകരിക്കാന്‍ ദക്ഷിണകൊറിയയെ യുഎസ് നാളിതുവരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ വിജയകരമായി സമാപിച്ച ഉച്ചകോടി യുഎസ് നുകത്തില്‍ നിന്നുള്ള ദക്ഷിണകൊറിയന്‍ ജനതയുടെ വിമോചനത്തിന്റെ പ്രഖ്യാപനമെന്ന് വേണം വിലയിരുത്തപ്പെടേണ്ടത്. അത് ലോകത്തെ അണുവായുധ ഭീഷണിയില്‍ നിന്നും യുദ്ധത്തിന്റെ ഭീകരതയില്‍ നിന്നും വിമോചിപ്പിക്കുന്നതിനുള്ള സുപ്രധാന കാല്‍വയ്പായി ചരിത്രം വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറിയന്‍ ഉച്ചകോടി വിജയം ലോകമെമ്പാടും സമാധാനകാംക്ഷികള്‍ സ്വാഗതം ചെയ്യുമ്പോഴും യുഎസിന്റെ സമീപനം എന്തായിരിക്കുമെന്നത് എല്ലാവരെയും ഉത്കണ്ഠാഭരിതരാക്കുന്നു. തന്റെ കാല്‍ക്കീഴില്‍ നിന്നും പരവതാനി വലിച്ചുനീക്കുന്ന നടപടിയായി ഉച്ചകോടിയെ ട്രംപ് നോക്കിക്കാണാനുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. അങ്ങനെ വന്നാല്‍ നിര്‍ദ്ദിഷ്ട ട്രംപ്-ഉന്‍ ഉച്ചകോടി എന്തുപ്രതികരണമായിരിക്കും സൃഷ്ടിക്കുക എന്ന് കാത്തിരുന്നുകാണേണ്ടതുണ്ട്. ലോകത്തെവിടെയും യുദ്ധം തുടര്‍ന്നുകൊണ്ടുപോവുകയാണ് യുഎസ് മൂലധനശക്തികളുടെ നിലനില്‍പ്പിന്റെ ബലതന്ത്രം. യുഎസ് ആയുധവ്യവസായ സമുച്ചയങ്ങള്‍ നിലനില്‍ക്കുന്നതും ലാഭം കൊയ്യുന്നതും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റേയും അന്തരീക്ഷത്തിലാണ്. അത്തരം ഒരവസരമാണ് അവര്‍ക്ക് കൊറിയന്‍ ഉച്ചകോടി വിജയം ഫലത്തില്‍ നിഷേധിക്കുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം സംഘര്‍ഷത്തിന് അയവുവന്നതുകൊണ്ടോ സമാധാനം പുനസ്ഥാപിക്കുന്നതുകൊണ്ടോ ലോകസമാധാനം കൈവരിക്കാനാവില്ല. പശ്ചിമേഷ്യയില്‍ രണ്ട് പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സംഘര്‍ഷത്തിന്റെ അന്തരീക്ഷം കൂടുതല്‍ പിരിമുറുക്കത്തിലേക്ക് നീങ്ങുന്നതും ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. തന്റെ മുന്‍ഗാമികള്‍ ഇറാനുമായുണ്ടാക്കിയ ധാരണകള്‍ അട്ടിമറിക്കാനും മേഖലയെയാകെ അശാന്തിയുടെ ദിനങ്ങളിലേക്ക് തള്ളിനീക്കാനുമാണ് ട്രമ്പ് ശ്രമം തുടര്‍ന്നുവരുന്നത്. യുഎസ് മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതും യുഎസ് സാമ്രാജ്യത്വത്തിന്റെ പങ്ക് പരിമിതമാക്കുന്നതുമായ കൊറിയന്‍ ഉച്ചകോടിയെ മുഖവിലയ്‌ക്കെടുക്കാന്‍ ട്രമ്പ് ഭരണകൂടം തയ്യാറായേക്കില്ല. കൊറിയന്‍ ഉപഭൂഖണ്ഡത്തിലും ഏഷ്യയിലും ആഗോളതലത്തിലും സമാധാന പുനസ്ഥാപനത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഉച്ചകോടിയുടെ ധാരണകള്‍ പ്രാവര്‍ത്തികമാക്കി യു എസ് കുതന്ത്രങ്ങള്‍ക്ക് തടയിടാന്‍ ചൈനയും ജപ്പാനും റഷ്യയുമടക്കമുള്ള അയല്‍രാഷ്ട്രശക്തികളുടെ സജീവ പങ്കാളിത്തത്തിനേ കഴിയൂ. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാന മുന്‍കൈക്ക് സര്‍വ്വാത്മനാ പിന്തുണ നല്‍കണമെന്നാണ് സമാധാനകാംക്ഷികളായ ഇന്ത്യക്കാരുടെ പൊതുതാല്‍പര്യം.