വളയിട്ട കൈകൾ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ചക്രം തിരിക്കുന്നുവെന്ന പ്രത്യേകത അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേറിട്ട സംഭവമായി മാറി. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ധനം, ക്ഷേമം, വികസനം, വിദ്യാഭ്യാസം, ആരോഗ്യം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തുടങ്ങി എല്ലാ സ്ഥാനങ്ങളിലും വനിതകളാണ്.
ബ്ലോക്ക് പ്രസിഡന്റ് റഷീദ സലിം, വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല കൃഷണൻകുട്ടി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സെലിൻ ജോൺ, ആരോഗ്യ — വിദ്യാഭ്യാസ കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ജയകുമാർ എന്നിവർ ഭരണ നേതൃത്വം വഹിക്കുമ്പോൾ ജെസിമോൾ ജോസ്, റെയ്ചൽ ബേബി എന്നീ വനിതാ അംഗങ്ങളും കൂടെയുണ്ട്.
1995 മുതൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സ്ത്രീയും പുരുഷനും മാറി മാറി ഭരണത്തിന് ചുക്കാൻ പിടിച്ചെങ്കിലും ഈ വേളയിലാണ് അധികാര സ്ഥാനങ്ങളെല്ലാം വനിതകൾ കയ്യടക്കിയത്. പുരുഷൻമാർക്ക് ഈ അപൂർവ സൗഭാഗ്യം ലഭിച്ചിട്ടുമില്ല. ഈ ഭരണസമതിയുടെ കാലാവധി സെപ്തംബറോടെ തീരും. എൽഡിഎഫ് ഭരണ നേതൃത്വത്തിലുള്ള ഭരണസമതിയിൽ സിപിഎമ്മിലെ റഷീദ സലിം പ്രസിഡൻറും സിപിഐയിലെ ശാന്തമ്മ പയസ് വൈസ് പ്രസിഡന്റുമാണ്. 14 അംഗ സമതിയിൽ എൽഡിഎഫിന് 9 മെംബറൻമാരും യുഡിഎഫിന് 5 മെംബർമാരുണ്ട്.
മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുബോൾ കോതമംഗലം ബ്ലോക്കു പഞ്ചായത്തിന്റെ അധികാരസ്ഥാനങ്ങളിൽ വനിതകളെത്തിയത് നീണ്ട നാളത്തെ അവഗണനയിൽ നിന്നും മോചിതയായതിന്റെ തെളിവാണ്. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമതിയെന്നതും ശ്രദ്ധേയമാണ്. 1857 മാർച്ച് 8 ന് ന്യൂയോർക്കിൽ വനിതകൾ തങ്ങൾക്കു ലഭിക്കുന്ന കുറഞ്ഞ വേതനവും ദീർഘസമയ ജോലിയും എന്ന സമീപനം അനുവദിക്കുകയില്ലെന്നവകാശപ്പെട്ട് നടത്തിയ സമരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന പ്രഖ്യാപനത്തിനു കാരണമായത്.
റഷ്യ, ജർമ്മനി, സ്വിറ്റ്സർലന്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരം വ്യാപിച്ചു. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്ന നയം വനിതാ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. തുടർന്ന് 1975 ൽ ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.