കോടികളുടെ വികസനപദ്ധതിയുമായി കോട്ടയം ജനറല്‍ ആശുപത്രി വികസനക്കുതിപ്പില്‍. പത്ത് നിലകളിലായി ഉയരുന്ന പുതിയ കെട്ടിടവും സ്പെഷ്യാലിറ്റി യൂണിറ്റുകളും സ്ട്രോക്ക് ട്രോമ കെയര്‍ ഐസിയുവുകളും അടക്കം മികച്ച നിലവാരത്തിലേക്കെത്താനുള്ള കുതിപ്പിലാണ് ജനറല്‍ ആശുപത്രി.
ആശുപത്രിയില്‍ സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനത്തോടുകൂടിയ കോവിഡ് ഇന്റെൻസിവ് കെയർ വാർഡ് ആരംഭിക്കുന്നതിന്റെയും 250 കെവിഎ ജനറേറ്റർ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 57 ലക്ഷം രൂപയും ജില്ല പഞ്ചായത്തിൽനിന്ന് 20ലക്ഷം രൂപയും ഉപയോഗിച്ചാണ് സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനം ഒരുക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിൽ ഏറ്റവും മികച്ച കോവിഡ് ചികിത്സ സംവിധാനം ഉള്ള ആശുപത്രിയായി കോട്ടയം ജനറൽ ആശുപത്രി മാറും. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിപ്രകാരം 30 ലക്ഷം രൂപ ചിലവിട്ട് 250 കെവിഎ ജനറേറ്റർ സ്ഥാപിക്കുന്നതോടുകൂടി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് വൈദ്യുതി ലഭ്യത പൂർണമായും ഉറപ്പുവരുത്താൻ കഴിയും.
കൂടാതെ സ്ട്രോക് ഐസിയുവിന്റെ ഉദ്ഘാടനം നാളെ നടക്കും. മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. പക്ഷാഘാതം തുടങ്ങി നാലര മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ തലച്ചോറിലെ രക്തക്കട്ട അലിയിച്ച് കളയുന്ന ഈ ചികിത്സകൊണ്ട് രോഗമുക്തിക്കുള്ള സാധ്യത വളരെ കൂടുതലാണ്. 30 ലക്ഷം രൂപ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുപയോഗിച്ചാണ് സ്ട്രോക്ക് ഐസിയു സ്ഥാപിച്ചിരിക്കുന്നത്.
ഇതിന് പുറമെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 കോടി രൂപയാണ് ആശുപത്രി വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് പത്ത് നിലകളിലായി പുതിയ കെട്ടിടം പൂര്‍ത്തിയാക്കും. 10 നിലയിൽ 270000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇതിനായി നിലവിലെ 7, 8, 9, 10, 11 വാര്‍ഡുകള്‍ പൊളിച്ചുനീക്കും. ഈ കെട്ടിടം പൂർത്തിയാക്കുന്നതോടെ കോട്ടയം മെഡിക്കൽ കോളജിന് സമാനമായി അത്യാധൂനിക സജ്ജീകരണങ്ങളോടെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയാകും. ഒപ്പം കാർഡിയോളജി, ഓങ്കോളജി, ട്രോമകെയർ യൂണിറ്റ് ഉൾപ്പെടെ പുതിയ വിഭാഗങ്ങളും പുതിയ കെട്ടിടം നിർമ്മിക്കുന്നതിലൂടെ സാധ്യമാവും.
നിലവില്‍ 374 കിടക്കകളുള്ള ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 750 ആയി വര്‍ദ്ധിപ്പിക്കാനും കഴിയും. 219.9 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ അനുമതി ലഭിച്ച മുറയ്ക്കാണ് 106 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കുവാൻ കഴിയുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം പി കെ ആനന്ദക്കുട്ടൻ പറഞ്ഞു.
ഇതിനെല്ലാം പുറമെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആശുപത്രിയില്‍ നടക്കുന്നുണ്ട്. രണ്ടര കോടി രൂപ ചിലവിട്ട് അത്യാഹിത വിഭാഗം, ഒപി വിഭാഗം എന്നിവ നവീകരിച്ചിരുന്നു. ഇനി ഒന്നര കോടിയോളം രൂപ മുടക്കി ഗര്‍ഭിണികളുടെയും കുട്ടികളുടെയും വിഭാഗം നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാവുന്നതോടെ മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ആശുപത്രി ഉയരും.
English summary; Kottayam General Hospital in development development online
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.