എങ്ങുമെത്താതെ കോട്ടയം-കുമരകം-ചേർത്തല റോഡ് നവീകരണം: സിപിഐ ബഹുജന പ്രക്ഷോഭം 3ന്

സ്വന്തം ലേഖിക
Posted on December 02, 2019, 11:31 am

കോട്ടയം: കോട്ടയം : കുമരകം റോഡ് നവീകരണം വൈകുന്നതിനെതിരെ പ്രതിഷേധവുമായി സിപിഐ. കോട്ടയം കുമരകം റോഡ് വികസനം പ്രതിസന്ധിയിലായതോടെ പ്രദേശത്തിന്റെ ടൂറിസത്തിനും, വ്യാപാരമേഖലയ്ക്കും അടക്കം വലിയ തിരിച്ചടിയാണുണ്ടാവുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 120 കോടി രൂപ റോഡ് വികസനത്തിനായി അനുവദിച്ചെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയിരുന്നില്ല.

വീതി ഏറെ കുറഞ്ഞ കുമരകം റോഡിൽ ദിവസേന അപകടങ്ങൾ പെരുകി വരുന്നതിനൊപ്പം ഗതാഗതക്കുരുക്കും രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സി. പി. ഐ. രംഗത്തെത്തിയിരിക്കുന്നത്. റോഡ് വികസനത്തിനും ഇടുങ്ങിയ പാലങ്ങൾ ഉൾപ്പെടെ പുനർനിർമ്മിക്കുന്നതിലും മെല്ലെപ്പോക്ക് നയമാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് സി. പി. ഐ നേതൃത്വം ആരോപിക്കുന്നു. നിരവധി സ്ഥാപനങ്ങളും, വിവിധ സംഘടനകളും അടക്കം പ്രദേശവാസികൾ ഒന്നാകെ സി. പി. ഐയുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
കോട്ടയം കുമരകം റോഡ് വികസനത്തിനായി എല്ലാവർഷവും ബജറ്റിൽ തുക മാറ്റിവയ്ക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിലും 120 കോടി രൂപ മാറ്റിവയ്ക്കപ്പെട്ടിരുന്നു. പക്ഷേ, റോഡിന്റെ വീതി കൂട്ടാനോ അപകടാവസ്ഥ പരിഹരിക്കാനോ ഇതുവരെയായും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

കോട്ടയം ജില്ലയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ ടൂറിസം മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള കുമരകത്തേക്ക് എത്തിപ്പെടാൻ കടമ്പകളേറെയുണ്ട്. വീതി ഏറെ കുറഞ്ഞ് അപകടാവസ്ഥയിലുള്ള കോണത്താറ്റ് പാലം കടന്നുകിട്ടാൻ തന്നെ പലപ്പോഴും ഏറെ നേരം കാത്തുകിടക്കേണ്ടിവരും. കുമരകത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും തീരെ വീതികുറഞ്ഞ അപകടാവസ്ഥയിലായ കോണത്താറ്റ് പാലമാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള പാലത്തിൽ വാഹനം കയറിയാൽ പിന്നെ കാൽനടയാത്രപോലും അസാധ്യമാണ്. ഒരു വശത്തുനിന്നുള്ള വാഹനങ്ങൾ മറുകരയെത്തിയ ശേഷം വേണം എതിർദിശയിലെ വാഹനങ്ങൾക്ക് പാലം കടക്കാൻ. ഇതോടെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളും. വിനോദ സഞ്ചാരികൾ മാത്രമല്ല, ആലപ്പുഴ, ചേർത്തല ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങൾ വരെ ഈ ഗതാഗതക്കുരുക്കിൽ അകപ്പെടും.

ഇടുങ്ങിയ പാലം വേഗത കുറച്ച് പോവുക എന്ന മുന്നറിയിപ്പ് ബോർഡിലൊതുക്കിയിരിക്കുകയാണ് പാലത്തിന്റെ നവീകരണം. പാലത്തിന്റെ കൈവരിയാണെങ്കിൽ നേരത്തേ തകർന്നു. ഇതിനു പകരം സംവിധാനമെന്ന നിലയ്ക്ക് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. കുമരകത്തെ റിസോർട്ടുകളിലേയ്ക്ക് പോകാൻ ടൂറിസ്റ്റുകൾ അടക്കം ആശ്രയിക്കുന്ന പാലമാണിത്. റോഡിലെ കുപ്പിക്കഴുത്തു പോലുള്ള, എഴുപത് വർഷത്തിലേറെ പഴക്കമുള്ള ഈ പാലം മാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പാലത്തിനടിയിലെ കരിങ്കൽ കെട്ടുകൾ തകർന്ന നിലയിലാണ്. ഏതുനിമിഷവും വലിയ അപകടം സംഭവിക്കാവുന്ന അവസ്ഥയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
ഇത് കൂടാതെ കുമരകം ബോട്ടുജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതും അടുത്തിടെയാണ്. പാലത്തിന്റെ സംരക്ഷണഭിത്തിയുടെ കരിങ്കൽ കെട്ടാണ് തകർന്നു നിലം പൊത്തിയത്. ഇതോടെ പാലം അപകടാവസ്ഥ നേരിടുകയാണ്. കുമരകം ചേർത്തല ഭാഗത്തേക്കുള്ള റോഡിന്റെ വടക്കുഭാഗത്തെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുവീണത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്ന്നുപോകുന്ന സംഭവത്തെക്കുറിച്ച് ഏറെ പരാതികൾ ഉയർന്നിട്ടും അധികൃതർ നിരുത്തരവാദിത്വ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. ബോട്ടു ജെട്ടി, ശ്രീകുമാരമംഗലം അമ്പലം, സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന ഈ പാലം അടിയന്തരമായി നന്നാക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.

കോട്ടയത്തുനിന്ന് കുമരകംവഴി ആലപ്പുഴ, ചേർത്തല, വൈക്കം പ്രദേശങ്ങളിലേക്ക് ഏറെ വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന പാലം ആയതുകൊണ്ട് തന്നെ ഇവിടെയും അപകടസാധ്യത ഏറെയാണ്. പാലത്തിന്റെ മറുകരയുള്ള കരിങ്കൽ നിർമിത സംരക്ഷണഭിത്തിയും തകർന്നു നിൽക്കുകയാണ്. മാത്രവുമല്ല, പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റും അടർന്നു നിലംപൊത്തി തുടങ്ങിയിട്ടുണ്ട്.

പാലങ്ങളുടെ പുനർ നിർമ്മാണം ആവശ്യപ്പെടുമ്പോഴെല്ലാം അധികൃതർ പറയുന്നത് റോഡ് വികസത്തോടൊപ്പം പാലം നിർമ്മാണം എന്നതാണ്. എന്നാൽ, റോഡ് വികസനം പറഞ്ഞ് തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഭൂമി ഏറ്റെടുക്കൽ പോലും ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. കോട്ടയം കുമരകം റോഡ് വീതി കൂട്ടുന്നതിനായുള്ള സ്ഥലമെടുപ്പ് ജോലി നിലവലിൽ ഇല്ലിക്കൽ കവല വരെ മാത്രമാണ് എത്തിയത്. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ മാത്രമേ കോണത്താറ്റ് പാലം വീതികൂട്ടാനാകൂ എന്നതാണ് നിലപാട്. ഇല്ലിക്കൽ മുതൽ കുമരകം വരെയുള്ള സ്ഥലമെടുപ്പ് ജോലികൾ എന്ന് പൂർത്തിയാകുമെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം നൽകാൻ ബന്ധപ്പെട്ടവർക്കാർക്കും കഴിയുന്നില്ല. എന്നാൽ കോണത്താറ്റ് പാലം വീതി കൂട്ടി പണിയാൻ നിലവിൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്നതാണ് വസ്തുത. പാലത്തിന്റെ ഇരു വശത്തുമായി പുറമ്പോക്ക് ഭൂമി നിലവിലുണ്ട്.

കോട്ടയം-കുമരകം-ചേർത്തല റോഡ് നിർമ്മാണം ടൂറിസം ഹൈവേ എന്ന നിലയിലായിരുന്നു മുമ്പ് വിഭാവനം ചെയ്തിരുന്നത്. ദേശീയപാതയും സംസ്ഥാനപാതയും യോജിപ്പിക്കുകകൂടി ചെയ്യുന്നതാണ് ചേർത്തല‑കോടിമത ടൂറിസം ഹൈവേ. തണ്ണീർമുക്കം, കുമരകം, കവണാർ എന്നിവയെല്ലാം ബന്ധിപ്പിച്ച് കോട്ടയം കോടിമതയിൽ അവസാനിക്കും വിധമാണ് വർഷങ്ങൾക്ക് മുമ്പ് പദ്ധതി തയ്യാറാക്കിയത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസെർച്ച് സെന്റർ (നാറ്റ്പാക്) പഠനം നടത്തി ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കി. 45 മീറ്റർ വീതിയിൽ ബൈപ്പാസ് നിർമ്മാണമാണ് അന്ന് ലക്ഷ്യമിട്ടത്. ദേശീയപാതയും സംസ്ഥാനപാതയും തമ്മിൽ പെട്ടെന്ന് ബന്ധപ്പടാൻ സൗകര്യം, കുട്ടനാട്-കുമരകം ഹരിത ടൂറിസം വികസനം, സാമ്പത്തികനേട്ടം എന്നിവയെല്ലാം അന്ന് പഠനത്തിന് വിധേയമാക്കിയിരുന്നു.
നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2002‑ൽ ഹൈവേ നിർമാണത്തിന് 187 കോടി രൂപയാണ് ചിവല് പ്രതീക്ഷിച്ചത്. കോട്ടയം മുതൽ വെച്ചൂർവരെ 19.514 കിലോമീറ്റർ ഒന്നാംഘട്ടമായും 9.372 കിലമീറ്റർ രണ്ടാംഘട്ടമായും നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകുന്നതിനുൾപ്പെടെയുള്ള ചെലവായിരുന്നു 187 കോടി രൂപ. എന്നാൽ, തണ്ണീർമുക്കം ബണ്ടിലെ പുതിയ പാലം നിർമാണവും ചേർത്തല തണ്ണീർമുക്കം റോഡ് നിർമാണവുമെല്ലാം ഇതിനിടയിൽ പൂർത്തിയായി. എന്നിട്ടും കുമരകം റോഡ് നിർമ്മാണത്തിലെ അലംഭാവമാണ് സിപിഐയെ പ്രക്ഷോഭ രംഗത്തേക്കെത്തിച്ചിരിക്കുന്നത്.

പ്രക്ഷോഭത്തിന്റെ ഭാഗമായി 3ന് വൈകുന്നേരം 3ന് ചെങ്ങളം വായനശാല കവലയിൽ നിന്നും ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനാണ് സിപിഐ തീരുമാനം. തുടർന്ന് നാലു മണിക്ക് കുമരകത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.