കിഫ്ബിയുടെ ചിറകിൽ കുതിപ്പിനൊരുങ്ങുന്ന കോട്ടയം

Web Desk
Posted on September 23, 2020, 12:49 pm

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലയിലുണ്ടായ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് കിഫ്ബി വഴിയൊരുക്കിയത്. കോട്ടയത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുളള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലവികസനം, വിവിധ കുടിവെള്ള പദ്ധതികൾ അടക്കം നിരവധി പ്രധാന പദ്ധതികളാണ് ജില്ലയിൽ പ്രാവർത്തികമാകാനൊരുങ്ങുന്നത്. വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലേക്കെത്തുമ്പോൾ, പശ്ചാത്തലമേഖലയിലെയും ആരോഗ്യമേഖലയിലെയും പദ്ധതികൾ പാതിവഴിയിലാണ്. ഇനിയും ചിലത് അനുമതി കാത്ത് നിൽക്കുന്നുണ്ട്. ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യ വികസനങ്ങൾ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ കിഫ്ബി പുനസംഘടിപ്പിച്ചപ്പോൾ എതിർപ്പുമായി എത്തിയവർക്ക് ഉള്ള മറുപടി കൂടിയാണ് ഈ വികസനങ്ങളത്രയും.

ജില്ലയിൽ പലയിടത്തും പൂർത്തിയാക്കിയ പ്രധാന പദ്ധതികൾ എന്ന നിലയിൽ ആദ്യപരിഗണന വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെയാണ്. സംസ്ഥാനത്ത് ഹൈടെക് ക്ലാസ് റൂം പദ്ധതി 45,000 ക്ലാസ്റൂമുകളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചപ്പോൾ അതിന്റെ മികച്ച പങ്ക് കോട്ടയത്തെ വിവിധ വിദ്യാലയങ്ങൾക്കും ലഭിച്ചു. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാവുകയാണ്.

അടുത്ത അദ്ധ്യയന വർഷത്തോടെ മിക്കവാറും സ്കൂളുകളെല്ലാം ആധുനിക നിലവാരത്തിലേക്കെത്തും വിധമാണ് പ്രവർത്തനങ്ങൾ. റോഡുകളുടെ വികസനം പൂർത്തിയാവുന്നതോടെ വിനോദസഞ്ചാര രംഗത്തും ജില്ലയിൽ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ശബരിമല മാസ്റ്റർപ്ലാനിനായി കിഫ്ബി അനുവദിച്ചത് 142 കോടി രൂപയുടെ പദ്ധതികളാണ്. ഇതിന്റെ ഭാഗമെന്നോണം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നേട്ടമുണ്ടാവും. കൂടാതെ വരാനിരിക്കുന്ന പദ്ധതിയായ ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം പദ്ധതിയും പ്രതീക്ഷയേകുന്നുണ്ട്.