വികസനനേട്ടത്തിൽ കോട്ടയം മെഡിക്കൽ കോളജ്

Web Desk
Posted on September 23, 2020, 1:12 pm

രോഗ്യമേഖലയിൽ വേറിട്ടൊരു വാക്കാണ് കോട്ടയം മെഡിക്കൽ കോളജ്. വികസനക്കുതിപ്പിൽ ഏറെ മുന്നിലായ ഈ ആതുരാലയം ഇപ്പോൾ കിഫ്ബിയുടെ ചിറകിൽ പറന്നുയരുകയാണ്. ആശുപത്രി അടിസ്ഥാനവികസനത്തിന്റെ കാര്യത്തിലാണെങ്കിലും ശസ്ത്രക്രിയാ വിജയം ഉൾപ്പെടെയുള്ള കാര്യത്തിലാണെങ്കിലും ആശുപത്രി ഏറെ മുന്നിലാണ്. കിഫ്ബി വഴി എൽഡിഎഫ് സർക്കാർ ആശുപത്രി വികസനത്തിന് ചുക്കാൻ പിടിക്കുകകൂടി ചെയ്യുന്നതോടെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറുകയാണ് മെഡിക്കൽ കോളജ്.

ആശുപത്രിയുടെ വികസനത്തിനായി കിഫ്ബി 564 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി അനുവദിച്ചത്. കിഫ്ബി പദ്ധതിയിലൂടെ പുതിയ സർജിക്കൽ ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയിലൂടെ ഏകദേശം 800 ഓളം കിടക്കകളാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇവയുടെ നിർമ്മാണത്തിനായി സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ടെണ്ടർ നടപടികൾ പൂർത്തിയായി. എച്ച്എൽഎൽ കരാർ ഏറ്റെടുത്തിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആശുപത്രി വികസനത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാകും. ദിനംപ്രതി അറുനൂറിലേറെ ആളുകളാണ് സർജറി വിഭാഗങ്ങളിൽ ചികിത്സ തേടി എത്തുന്നത്.

കൂടാതെ നിരവധി രോഗികൾ സർജറി വാർഡുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആശുപത്രി ആത്യാധുനിക നിലവാരത്തിലേക്ക് ഉയരും. പൂർത്തിയാക്കിയതും നടക്കുന്നതും ഇനിയും നടപ്പിലാക്കേണ്ടതുമായ നിരവധി പദ്ധതികൾ ഇവിടെയുണ്ട്.

20 കോടി രൂപ മുതൽ മുടക്കുള്ള 10 പുതിയ പദ്ധതികളും 80 കോടി രൂപ ചിലവ് പ്രതിക്ഷിക്കുന്ന 12 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും കഴിഞ്ഞു. കൂടാതെ 57 കോടി രൂപ മുതൽ മുടക്കിയുളള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസം തൊട്ട് രണ്ടു കൊല്ലം വരെയുള്ള കാലഘട്ടത്തിനുള്ളിൽ പൂർത്തിയാകുന്ന വിധത്തിൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഗവ അംഗീകരിച്ച 18.02 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പൂർത്തീകരിച്ചു കഴിഞ്ഞു.