Web Desk

പത്തനംതിട്ട

April 03, 2020, 2:23 pm

അതിഥി തൊഴിലാളിയുടെ മൃതദേഹത്തോട് കോട്ടയം നഗരസഭ അനാദരവ് കാട്ടി

Janayugom Online

കോട്ടയം നഗരസഭ അതിഥി തൊഴിലാളിയുടെ മൃതദേഹത്തോട് കാട്ടിയത് കൊടും ചൂഷണം. കഴിഞ്ഞ ദിവസം ഏനാത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ പശ്ചിമബംഗാൾ കുച്ച് ബീഹാർ സ്വദേശി നറെഷ് (37) മുങ്ങി മരിച്ചിരുന്നു. മൃതദേഹം എംബാം ചെയ്യുന്നതിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി.എന്നാൽ നാട്ടിലെത്തിച്ചാൽ സംസ്ക്കരിക്കാൻ ബുദ്ധിമുട്ടായതിനാൽ നിർധന കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹം കോട്ടയം നഗരസഭാ ശ്മശാനത്തിൽ സംസ്ക്കരിക്കാൻ തീരുമാനമെടുത്തു. ഇതു സബന്ധിച്ച് ഏനാത്ത് സിഐ സ്ഥലം എംഎൽഎ ചിറ്റയം ഗോപകുറിനെ ബന്ധപ്പെടുകയും ഉടൻ തന്നെ മൃതദേഹം സംസ്ക്കരിക്കാൻ നടപടിയെടുക്കണമെന്നും ഇവരിൽ നിന്നും ഈ പ്രത്യേക സാഹചര്യത്തിൽ സംസ്ക്കാരത്തിനുള്ള ഫീസ് ഈടാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നഗരസഭാ ചെയർപേഴ്സൺ ഫീസ് ഈടാക്കുകയില്ലെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നും എംഎൽഎക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മൃതദേഹം സംസ്ക്കരിക്കാനായി ശ്മശാനത്തിലെത്തിച്ചപ്പോൾ സംസ്ക്കാരത്തിനായി 4000 രൂപ അടയ്ക്കണമെന്ന് നഗരസഭാ അറിയിച്ചതോടെ മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ വെട്ടിലായി. സംസ്ക്കരിക്കാനുള്ള പണം തങ്ങളുടെ പക്കലില്ലെന്ന് ഇവർ കേണപേക്ഷിച്ചിട്ടും നഗരസഭ ഇത് കൂട്ടാക്കിയില്ല. പിന്നീട് കൂടെയുണ്ടായിരുന്നവരിൽ നിന്നും പിരിവെടുത്ത് പണം നൽകിയ ശേഷമാണ് മൃതദേഹം നഗരസഭ സംസ്ക്കരിച്ചത്.

Eng­lish Sum­ma­ry: Kot­tayam munic­i­pal coun­cil dis­re­spect­ed the body of a guest worker

You may also like this video