Web Desk

കോട്ടയം

June 03, 2020, 3:57 pm

കോട്ടയത്തെ നടുക്കിയ കൊടും കൊലപാതകത്തിന്റെ ചുരുളഴിയുന്നു

Janayugom Online

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടമ്മയുടെ മരണത്തിനടയാക്കിയത് തലയ്‌ക്കേറ്റ അടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. കോട്ടയം പാറപ്പാടം ഷീബ മൻസിലിൽ എം.എ.അബ്ദുൽ സാലിയുടെ ഭാര്യ ഷീബയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലയ്‌ക്കേറ്റ അടിയാണ് ഷീബയുടെ മരണകാരണമെന്ന് വ്യക്തമാകുന്നു. തലയ്‌ക്കേറ്റ അടിയിൽ ഷീബയുടെ തലയോട്ടി തകരുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തതായാണ് വിലയിരുത്തൽ. മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാക്കി.

പൊലീസ് നിഗമനം അനുസരിച്ചു പ്രതിയുടെ കൈയിൽ ആയുധം ഉണ്ടായിരുന്നില്ല. വീട്ടിലെ ടീപോയ് എടുത്ത് ഷീബയെ അടിച്ചെന്നാണ് സൂചന. ഷീബയുടെയും സാലിയുടെയും കൈകാലുകൾ കെട്ടിയ നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ഷീബയുടെ കൈകളിൽ ഇലക്ട്രിക്ക് വയർ കെട്ടിവെച്ചതിന്റെ പാടുകളുണ്ട്. അതെ സമയം വൈദ്യുതാഘാതമേറ്റതിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനയ്ക്ക് കൈകളിലെ തൊലി ശേഖരിച്ചിട്ടുണ്ട്.

ഷീബയുടെ മരണകാരണം വൈദ്യുതാഘാതമേറ്റാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. എങ്കിലും ശരീര ഭാഗങ്ങൾ കൂടുതൽ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. വയറുകൾ വൈദ്യുതിയുമായി കണക്ട് ചെയ്തിരുന്നതിനാലാണ് വൈദ്യുതാഘാതത്തിന്റെ സാധ്യത കൂടി അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഗ്യാസ് സിലിണ്ടർ തുറന്നുവച്ചത് വീടിനു തീയിട്ട് തെളിവു നശിപ്പിക്കാനാണോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.

വീടുനുള്ളിൽ മോക്ഷണം നടന്നിട്ടുണ്ടെന്നുള്ള കാര്യം പൊലീസ് സ്ഥിരീകരിച്ചു. ഷീബ അണിഞ്ഞിരുന്ന സ്വർണ്ണ വള, മോതിരം, മാല, കമ്മൽ എന്നിവയും അലമാരയിൽ സൂക്ഷിച്ചു വെച്ചിരുന്നു സ്വർണ്ണാഭരങ്ങളും മോഷണം പോയിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.കവർച്ച, പണമിടപാടു സംബന്ധിച്ച തർക്കം, വ്യക്തിവൈരാഗ്യം എന്നിവയാണ് കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്. സംഭവശേഷം സ്ഥലത്ത് നിന്ന് പ്രതിയെന്നു സംശയിക്കുന്നയാൾ കാറിൽ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കൊലപാതകം നടന്ന വീട്ടിൽ നിന്നു രക്തം പുരണ്ട കയ്യുറകളും കണ്ടെത്തി. കുമരകം, വെച്ചൂർ വഴി കാർ കടന്നുപോയ ദൃശ്യങ്ങൾ പലയിടത്തു നിന്നായി ലഭിച്ചെങ്കിലും കാർ കണ്ടെത്താനായിട്ടില്ല.

ENGLISH SUMMARY: kot­tayam mur­der updates

YOU MAY ALSO LIKE THIS VIDEO