നാഗമ്പടം പാലം അടച്ചിടും

Web Desk
Posted on February 02, 2018, 9:31 pm

കോട്ടയം: നാഗമ്പടം പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ശനിയാഴ്ച രാത്രി 8.30 മുതല്‍ ഞായറാഴ്ച രാത്രി ഏഴ് വരെയാണ് ടാറിങ്ങിനായി ഗതാഗതം നിരോധിക്കുന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടും.
ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നുള്ള ഭാരവണ്ടികള്‍ മണര്‍കാട് കഞ്ഞിക്കുഴി വഴി പോകണം. ബസുകള്‍ ഗാന്ധിനഗര്‍ ചുങ്കം കോട്ടയത്തെത്തണം. ചെറുവാഹനങ്ങള്‍ക്ക് ചൂട്ടുവേലി വട്ടമൂട് പാലത്തിലൂടെ കഞ്ഞിക്കുഴിയിലേയ്‌ക്കെത്താം. കെ.കെ. റോഡില്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ മണര്‍കാട് നിന്ന് തിരിഞ്ഞ് ഏറ്റുമാനൂരിലേയ്ക്ക് പോകാം.
എം.സി. റോഡ് വികസനത്തിന്റെ ഭാഗമായാണ് നാഗമ്പടത്ത് മീനച്ചിലാറിന് കുറുകേയുള്ള പാലത്തില്‍ ആധുനിക രീതിയില്‍ ടാറിങ്ങ് നടത്തുന്നത്. നവീകരണത്തിന്റെ ഭാഗമായി പാലത്തിലെ നടപ്പാതയില്‍ പുതിയ സ്ലാബുകള്‍ സ്ഥാപിച്ചു. തകര്‍ന്നു തുടങ്ങിയ കൈവരികളില്‍ സിമന്റ് തേച്ച് വൃത്തിയാക്കി.
നിലവിലുള്ള പ്രതലം പൊളിച്ചുമാറ്റി മെറ്റലിടും. അതിന് മുകളിലാകും വീണ്ടും ടാറിങ്ങ് ചെയ്യുക.
ശനിയാഴ്ച രാത്രിയില്‍ റോഡ് പൊളിച്ചശേഷം മെറ്റല്‍ മിശ്രിതം നിരത്തും. ഉച്ചയോടെ ടാറിങ്ങ് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. മൂന്ന് മണിക്കൂര്‍ കൊണ്ട് പ്രതലം തണുത്ത് ടാറിങ് ഉറയ്ക്കുമെന്നാണ് കെ.എസ്.ടി.പി. അധികൃതരുടെ പ്രതീക്ഷ.