സരിത കൃഷ്ണൻ

കോട്ടയം:

January 31, 2021, 9:10 pm

കായലോളങ്ങളും പുളകമണിഞ്ഞു; രാജപ്പന്റെ നന്മകള്‍ നാടറിഞ്ഞു

Janayugom Online

രാവന്തിയോളം വേമ്പനാട്ട് കായലിലും കൈപ്പുഴയാറിലും വള്ളത്തിൽ തുഴഞ്ഞു നടന്ന രാജപ്പൻ എന്ന എഴുപതുകാരൻ ഇന്നലെ വരെ കുമരകംകാരുടെ രാജപ്പൻചേട്ടൻ മാത്രമായിരുന്നു. എന്നാൽ പ്ലാസ്റ്റിക് മാലിന്യത്താൽ വീർപ്പുമുട്ടുന്ന ആറുകൾക്കും പുഴകൾക്കും വീണ്ടെടുപ്പിന്റെ കൈത്താങ്ങൊരുക്കുന്ന രാജപ്പൻ ഇന്ന് മുതൽ രാജ്യമാകെ അറിയുന്ന, നാടിന് പ്രചോദനമെന്ന പ്രധാനമന്ത്രിയുടെ പരാമർശനത്തിന് അർഹനായി മാറി.

ജനിച്ച നാടിനപ്പുറത്ത് ആരുമറിയാതെ ഒതുങ്ങിക്കൂടിയ രാജപ്പനെക്കുറിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ പരാമർശമുണ്ടായതോടെ രാജ്യമാകെ അറിഞ്ഞു. പരിമിതികൾ ഏറെയുണ്ടെങ്കിലും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ശുചിത്വത്തിന് വേണ്ടി സാധ്യമാവുന്ന സംഭാവനകൾ ഏരോരുത്തരും നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം.

വേമ്പനാട്ട് കായലിനും കൈപ്പുഴയാറിനും രാജപ്പൻ വെറും ഒരു മനുഷ്യൻ മാത്രമല്ല, രക്ഷകൻ കൂടിയാണ്. കായലിൽ ഓളം തല്ലുന്ന ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് ഈ എഴുപതുകാരൻ പെറുക്കി കൂട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ അത്രയേറെയാണ്. ഓളപ്പരപ്പുകൾക്ക് മുകളിൽ പൊങ്ങി കിടക്കുന്ന ഈ പ്ലാസ്റ്റിക് കുപ്പികളാണ് രാജപ്പൻ ചേട്ടന്റെ ഏക ഉപജീവനമാർഗം. കുമരകം കൈപ്പുഴമുട്ട് സ്വദേശിയായ ഇദ്ദേഹത്തിന് ജന്മനാ കാലുകൾക്ക് ചലനശേഷിയില്ല. എങ്കിലും തന്റെ പരിമിതികളെ മറന്ന് നേരം പുലരുമ്പോൾ തന്നെ രാജപ്പൻ തോണിയുമായി കായലിലെത്തും.

സന്ധ്യയാകുമ്പോൾ വള്ളം നിറച്ച് കുപ്പികളുമായി തിരികെ കരയിലേക്ക്. ചില ദിവസങ്ങളിൽ ഏറെ ദൂരം സഞ്ചരിക്കും. അന്ന് ചിലപ്പോൾ ഇടിഞ്ഞു പൊളിഞ്ഞ് നിലം പൊത്താറായ തന്റെ വീട്ടിലേക്ക് എത്താൻ കഴിയുകയുമില്ല. പിന്നെ ഏതെങ്കിലും പാലത്തിനടിയിൽ വള്ളം കെട്ടി വള്ളത്തിൽ തന്നെ കിടന്നുറങ്ങി നേരം വെളുപ്പിക്കും. വള്ളം നിറയെ പെറുക്കി കൂട്ടുന്ന ഈ പ്ലാസ്റ്റിക് കുപ്പികൾ പലപ്പോഴും ഒരു കിലോ പോലും തികയാറില്ല. ഇനി ഒരു കിലോ തികഞ്ഞാൽ തന്നെ ഇദ്ദേഹത്തിന് കിട്ടുക വെറും 12 രൂപ മാത്രം. ജീവിതപ്രതിസന്ധികളെയും ശാരീരിക പരിമിതികളെയും മറികടന്ന് തുഴയെറിയുന്ന ഒരു മനുഷ്യന്റെ അധ്വാനത്തിന്റെ വിലയാണ് ഈ കിട്ടുന്ന പന്ത്രണ്ട് രൂപ. കഴിഞ്ഞ ആറു വർഷമായി വേമ്പനാട്ട് കായലിലെയും പുഴകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പിന്നാലെ രാജപ്പനുമുണ്ട്. കിട്ടുന്ന തുക ഒന്നിനും തികയില്ല എന്ന ബോധ്യമുണ്ടെങ്കിലും ശാരീരിക പരിമിതികൾ ഇദ്ദേഹത്തിന് വെല്ലുവിളിയാണ്. എന്നാലും ആരോടും പരാതിയോ പരിഭവമോ ഇല്ല ഇദ്ദേഹത്തിന്. ആദ്യമൊക്കെ വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചിരുന്നത്.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ സ്വന്തമായി ഒരു വള്ളം കിട്ടി. നാടാകെ കൊവിഡ് എന്ന മഹാമാരിയിലകപ്പെട്ടിരിക്കുകയാണെങ്കിലും രാജപ്പൻ എന്നും വള്ളവുമായി ഇറങ്ങും, തന്നെയറിയുന്ന കായലിലേക്ക്. കൈപ്പുഴയാറിന് തീരത്തെ കൊച്ചുവീട്ടിൽ പെറുക്കി കൂട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ രാജപ്പൻ ചാക്കിൽ കെട്ടി സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ആഴ്ചയിലോ ചിലപ്പോൾ മാസങ്ങളോ എടുത്തായിരിക്കും ഇത് വിൽക്കുക. ഇങ്ങനെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിഞ്ഞ പ്രളയത്തിന് മുഴുവനായും ഒഴുകി പോയത് രാജപ്പ ഇന്നും ഒരു വേദനയാണ്. വൈദ്യുതി എത്തിനോക്കാത്ത വീട്ടിലാണ് താമസം. തന്നെ കൊണ്ടാകാവുന്ന നന്മകൾ നാടിനും പ്രകൃതിക്കും വേണ്ടി ചെയ്യുകയാണ് ഇദ്ദേഹം.

ENGLISH SUMMARY:kottayam rajap­pan story

YOU MAY ALSO LIKE THIS VIDEO