കിഫ്ബിയിൽ ഏറെ പ്രതീക്ഷയോടെ കോട്ടയവും

Web Desk
Posted on September 23, 2020, 1:18 pm

കിഫ്ബിയുടെ അനുമതി കാത്തിരിക്കുന്ന പദ്ധതികളിൽ കോട്ടയത്തിനും ഏറെ പ്രതീക്ഷ. നിലവിൽ വിവിധ സർക്കാർ സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കോട്ടയത്ത് പുരോഗമിക്കുന്നത്. കാരാപ്പുഴ ഗവ ഹയർസെക്കന്ററി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ജില്ലാ ആശുപത്രി വികസനം, ചിങ്ങവനത്ത് സ്പോർട്സ് കോംപ്ലക്സിനായി 11 കോടി, അയ്മനം പഞ്ചായത്ത് സ്റ്റേഡിയം തുടങ്ങി ഇനിയും പ്രാവർത്തികമാകാനുളള പദ്ധതികൾ ഏറെ. ജില്ലാ ആശുപത്രിക്കായി 10 നിലകളിലുള്ള കെട്ടിടം അടക്കമാണ് കിഫ്ബിയിൽ അനുമതി കാത്തുകിടക്കുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിനും ഏറെ തുക കോട്ടയത്തിനായി കരുതി വയ്ക്കുന്നുണ്ട് കിഫ്ബി. ബോർമ്മകവല മുതൽ വെള്ളൂത്തുരുത്തി പാലം വരെയുള്ള റോഡ് വികസനത്തിനായി 16 കോടി, കോടിമത ‑പുതുപ്പള്ളി റോഡ് വികസനത്തിന് 140 കോടി, വിവിധ കുടിവെള്ള വിതരണ പദ്ധതികൾക്കായി 22 കോടി രൂപ എന്നിവയും കോട്ടയത്തിനായി കിഫ്ബിയുടെ പരിഗണനയിലുണ്ട്.

കാഞ്ഞിരപ്പള്ളി വികസന പാതയിൽ

നിയമക്കുരുക്കിൽ ചുരുണ്ട കാഞ്ഞിരപ്പള്ളി ബൈപാസ്സ് പുതുജീവൻ നേടിയതു തുടങ്ങി ജനറൽ ആശുപത്രിയിലെ കാത്ത് ലാബും വെള്ളാവൂർ ഫോക് ലോർ സാംസ്കാരിക കേന്ദ്രവും കരുമ്പുകയംകുടിവെള്ള പദ്ധതിയും ഉൾപ്പെടെ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സമഗ്രവികസനത്തിന് വഴിയുറപ്പിച്ചുള്ള കിഫ്ബി പദ്ധതികൾ അനവധി. കാഞ്ഞിരപ്പള്ളി, ചിറക്കടവ് ഗ്രാമപഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നീട്ടുന്നതിനും പമ്പിങ് ശേഷി വർദ്ധിപ്പിക്കുന്നതിനുമായി 68.66 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നൽകിയത്.

കാഞ്ഞിരപ്പള്ളി ബൈപാസിനായി 78.69 കോടി രൂപയുടെ കിഫ്ബി അംഗീകാരമാണുള്ളത്. പദ്ധതിക്ക് ഏറ്റെടുക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സർവേ നമ്പറുകളിൽപ്പെട്ട 308.13 ആർ സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണ് തുക അനുവദിച്ചിരിക്കുന്നത്.

ഏറ്റുമാനൂരിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാവുന്നു

ഏറ്റുമാനൂർ മണ്ഡലത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയാണ്. ഒരിറ്റ് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥ. വേനലായാൽ വെള്ളം തേടിയുള്ള പരക്കംപാച്ചിൽ തന്നെയാണ്. ഏറെ ദൂരം താണ്ടി തലച്ചുമടായി വെള്ളം എത്തിക്കുന്നതാണ് വർഷങ്ങളായി ഏറ്റുമാനൂർ നിവാസികളുടെ ശീലം. ഈ ശീലത്തിന് മാറ്റവുമായി പ്രദേശത്ത് കുടിവെള്ള പദ്ധതിയുമായി കിഫ്ബി എത്തുന്നു. 93 കോടി രൂപയുള്ള പദ്ധതി ഏറ്റുമാനൂരിൽ നടപ്പാക്കുന്നതോടെ ഏറ്റുമാനൂർ നഗരസഭയിലെ മുഴുവൻ ആളുകൾക്കും കുടിവെള്ളം ലഭ്യമാകും.