July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

ഇന്ന് ലോക ജലദിനം; പുഴ പുനരുജ്ജീവനത്തിന്റെ ഇതിഹാസം രചിച്ച് കോട്ടയം

By Janayugom Webdesk
March 22, 2020

പുഴകൾ ഇല്ലാതാവുന്ന കാലത്ത് പുഴകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഇതിഹാസം രചിക്കുകയാണ് കോട്ടയം. കോട്ടയത്തെ പച്ചപുതപ്പിച്ച മൂന്ന് നദികളും, നീർച്ചാലുകളും ഇല്ലാതാവുന്നതിന്റെ വേദനയിൽ നിന്നാണ് ഒരു പറ്റമാളുകൾ ചേർന്ന് രണ്ട് വർഷം മുമ്പ് ഒരു കൂട്ടായ്മയൊരുക്കിയത്. നദികളെ വീണ്ടെടുക്കണമെങ്കിൽ ഉറവ മുതൽ അതിന്റെ അവസാനം വരെയുള്ള കൈവഴികളെയും വീണ്ടെടുക്കണമെന്ന തിരിച്ചറിവായിരുന്നു അതിന്റെ വിജയം. അഡ്വ. കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ മീനച്ചിലാർ‑മീനന്തറയാർ‑കൊടൂരാർ നദീ സംരക്ഷണ പദ്ധതിയൊരുങ്ങുമ്പോൾ അതൊരു ചെറിയ കൂട്ടായ്മ മാത്രമായിരുന്നു. 2017ൽ സിഎംഎസിലെ റിട്ട. പ്രഫ. ഡോ. ജേക്കബ് ജോർജ്ജ് രൂപീകരിച്ച ഗ്രീൻ ഫ്രട്ടേണിറ്റിയുടെ ചുവട് പിടിച്ചൊരു യാത്ര. മീനച്ചിലാറും, മീനന്തറയാറും, കൊടൂരാറും അവയുടെ കൈവഴികളും പിന്നിട്ട് ആ യാത്ര തുടരുകയാണ്.

തോടുകൾ മാത്രമല്ല ആ യാത്രയിൽ വീണ്ടെടുക്കാനാവുന്നത്, ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ, പച്ചപ്പാർന്ന നെൽപ്പാടങ്ങൾ, പ്രാദേശിക കൂട്ടായ്മയിൽ രൂപപ്പെട്ട ജല ടൂറിസം പദ്ധതികൾ അങ്ങനെ ആ കൂട്ടായ്മ സഞ്ചരിച്ചെത്തിയ പുതുവഴികൾ ഏറെയാണ്. മലരിക്കൽ, അമ്പാട്ട് കടവ് ആമ്പൽ ടൂറിസം ഫെസ്റ്റും, പടിയറക്കടവ് ഉല്ലാസതീരം ടൂറിസം മേളയുമൊക്കെ, പ്രാദേശിക തലവും കടന്ന് അന്താരാഷ്ട്ര തലത്തിലേക്കെത്തിയത് മീനച്ചിലാർ‑മീനന്തറയാർ‑കൊടൂരാർ പുനർസംയോജന പദ്ധതിയുടെ കൈ പിടിച്ചാണ്. കേരള സർക്കാർ മുന്നോട്ട് വച്ച ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങൾ ഫലപ്രദമാവുന്ന തരത്തിലാണ് ജനകീയ കൂട്ടായ്മ പ്രവർത്തിക്കുന്നത്.

സർക്കാർ ഇടപെടലും, പ്രാദേശിക കൂട്ടായ്മകളും ചേർന്നപ്പോൾ ആയിരത്തി മുന്നൂറിലേറെ കിലോമീറ്റർ നീളമുള്ള ജലവഴികൾക്കാണ് പദ്ധതി പുനർജീവൻ നൽകിയത്. ഒപ്പം അയ്യായിരം ഏക്കർ തരിശ് നില കൃഷിയും പ്രാവർത്തികമായി. പ്രാദേശികമായി നിലനിൽക്കുന്ന നീർച്ചാലുകൾ വീണ്ടെടുക്കാൻ അതത് പ്രദേശത്ത് ചെറു കൂട്ടായ്മകളൊരുക്കും. പ്രദേശത്തെ ജനങ്ങളും, ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും, സ്കൂൾ‑കോളജുകളും ചേർന്ന് വലിയ പങ്കാളിത്തത്തോടെ ഒരു ഉത്സവം പോലെ ആ നീർച്ചാൽ വീണ്ടെടുക്കുന്നിടത്താണ് പദ്ധതിയുടെ വിജയം.

പിന്നീട് പദ്ധതിയുടെ തുടർപ്രവർത്തനങ്ങളും, നാട്ടുചന്തകളും ഒരുക്കി സജീവമായി നിലനിർത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. തുടക്കത്തിൽ മൂന്നു പഞ്ചായത്തുകളിലും, കോട്ടയം നഗരസഭയിലുമായിരുന്നു പദ്ധതി ഒരുങ്ങിയതെങ്കിൽ ഇന്നത് നാല് നഗരസഭകളിലേക്കും 34 പഞ്ചായത്തുകളിലേക്കും വ്യാപിച്ച് കഴിഞ്ഞു. ജില്ലാ ഭരണകൂടവും ജലവിഭവ വകുപ്പിന്റെ മേജർ — മൈനർ വിഭാഗങ്ങളും ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ മീനന്തറയാർ ശുചീകരണ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഒപ്പം മീനച്ചിലാറ്റിൽ നിന്ന് മടയ്ക്കൽ തോട്ടിലൂടെ മീനന്തറയാറ്റിലേക്ക് വെള്ളമെത്തിക്കുവാനുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും നടന്നുവരുന്നുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.