ശക്​തമായ കാറ്റിൽ വീടിന്റെ മേൽകൂരയോടൊപ്പം കുഞ്ഞ്​ പറന്നുപോയി

Web Desk
Posted on June 10, 2018, 7:12 am

കോവളം : ശക്തമായി വീശിയടിച്ച കാറ്റിൽ വീടിന്റെ മേൽക്കൂരയോടൊപ്പം പറന്നുപോയ പിഞ്ചു കുഞ്ഞു അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂർ സ്​റ്റേഡിയത്തിന് സമീപം ചരുവിളയിൽ കുമാർ‑ഷീബ ദമ്പതികളുടെ മകൻ രണ്ടുമാസം പ്രായമുള്ള വിനായക് ആണ് അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ടോടെ ശക്‌തമായി വീശിയടിച്ച കാറ്റില്‍ ആണ് കുട്ടി പറന്നു പോയത്.

കാറ്റില്‍ ഷീറ്റ്‌ മേഞ്ഞ വീടിന്റെ മേല്‍ക്കൂര മൊത്തത്തില്‍ പറന്നുപൊങ്ങി. കൂട്ടത്തില്‍ മേല്‍കൂരയില്‍ കെട്ടിയിരുന്ന തൊട്ടിലിലുറങ്ങുകയായിരുന്ന കുഞ്ഞും തൊട്ടിലോടെ കാറ്റില്‍ പറന്നുപോവുകയായിരുന്നു. ഭാഗ്യത്തിന്‌ വീടോടു ചേര്‍ന്ന്‌ നിന്ന തെങ്ങില്‍ തട്ടി ഷീറ്റ്‌ നിന്നതിനാല്‍ അപകടം ഒഴിവായി. സംഭവ സമയം ഷീബയും മറ്റ്‌ രണ്ട്‌ മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മയുടെ കണ്‍മുന്നിലായിരുന്നു സംഭവം. കുഞ്ഞിനെ കിടത്തിയിരുന്ന തൊട്ടിലുമായി ശക്‌തമായ കാറ്റില്‍ വീടിന്റെ ഷീറ്റ്‌ മേഞ്ഞ മേല്‍കൂരയടക്കം പറന്നുപൊങ്ങുന്നതു നേരില്‍ കണ്ട്‌ ഷീബ പെട്ടെന്നു തന്നെ മനസാന്നിധ്യം വീണ്ടെടുത്തു. തെങ്ങില്‍ തട്ടിനിന്ന ഷീറ്റില്‍ തൂങ്ങിക്കിടന്ന തൊട്ടിലില്‍ നിന്നും ഏണി ഉപയോഗിച്ച്‌ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.