Web Desk

March 03, 2020, 4:00 am

കൊവിഡ്-19: ആഗോള സമ്പദ്ഘടന മാന്ദ്യത്തിലേക്ക്; ഇന്ത്യയും ആശങ്കയില്‍

Janayugom Online

കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകത്താകെ ഭീതിപരത്തുന്ന വൈദ്യശാസ്ത്ര അടിയന്തരാവസ്ഥയുടെ മാനം കൈവരിച്ചിരിക്കുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഏറ്റക്കുറച്ചിലുകളോടെ വ്യാപിച്ച കൊവിഡ്-19 ഇതിനകം മൂവായിരത്തിലധികം ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. രോഗപ്രതിരോധ പ്രാപ്തിയും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുമുള്ള വികസിത സമൂഹങ്ങള്‍പോലും പൊടുന്നനെയുള്ള രോഗബാധയേയും അതിന്റെ വ്യാപനത്തെയും തികഞ്ഞ ആശങ്കയോടെയാണ് നേരിടുന്നത്.

രോഗപ്രതിരോധത്തിനുള്ള പ്രാഥമിക നടപടിക്ക് ആവശ്യമായ മാസ്ക്കുകള്‍‍ക്കുപോലും യു എസ് അടക്കമുള്ള രാജ്യങ്ങളില്‍ ക്ഷാമം നേരിടുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ ഔഷധങ്ങള്‍ക്ക് ആവശ്യമായ അടിയന്തര-ഗവേഷണങ്ങള്‍ക്ക് മതിയായ ഫണ്ടും സൗകര്യങ്ങളും ഒരുക്കാന്‍ ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മ അനിവാര്യമായിരിക്കുന്നു. രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ പൊതുഇടപെടലുകള്‍ പരമാവധി ഒഴിവാക്കാനും രോഗബാധിതരെയും രോഗബാധ സംശയിക്കപ്പെടുന്നവരെയും പരിഭ്രാന്തി സൃഷ്ടിക്കാതെ വേര്‍പെടുത്തി ചികിത്സിക്കാനും നിരീക്ഷിക്കാനും എല്ലാ സമൂഹങ്ങളിലും അടിയന്തര സൗകര്യങ്ങള്‍ അനിവാര്യമായിരിക്കുന്നു. പ്രതിരോധ‑ചികിത്സാസൗകര്യങ്ങള്‍ പരിമിതമായ രാജ്യങ്ങള്‍ക്ക് അടിയന്തര ആഗോള സഹായം നല്കാന്‍ കാലവിളംബം വരുത്തുന്നതും അത്തരം സമൂഹങ്ങള്‍ അവഗണിക്കപ്പെടുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കായിരിക്കും വഴിതെളിക്കുക.

ആഗോള ഗ്രാമമെന്ന നിലയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് കൂട്ടായ, ഏകോപിത നടപടികള്‍, കൂടാതെ കൊവിഡ്-19 ദുരന്തത്തെ ഫലപ്രദമായി ചെറുക്കാനും നിയന്ത്രണ വിധേയമാക്കാനും കഴിയില്ല. കൊറോണ വൈറസ് മനുഷ്യജീവനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ കടുത്ത ഭീഷണിയാണ് രോഗപ്പകര്‍ച്ച ആഗോള സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്നത്. ആഗോള സാമ്പത്തിക വള‍ര്‍ച്ച പകുതികണ്ട് കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുകള്‍ ഇതിനകം വന്നു കഴിഞ്ഞു. രോഗബാധാ ഭീഷണി നിരവധി രാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചുകഴിഞ്ഞു. ആഗോള സമ്പദ്ഘടനയുടെ മുഖ്യ ചാലകശക്തിയായ യുഎസില്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്ന സാമ്പത്തിക രംഗം മറ്റൊരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈനയില്‍ വളര്‍ച്ചാ നിരക്ക് മുപ്പതു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തങ്ങളുടെ വ്യാവസായിക ഉല്പാദനത്തിന് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന വികസിത രാഷ്ട്രങ്ങളിലെല്ലാം വ്യവസായയന്ത്രം നിശ്ചലമാകുമെന്നതാണ് സ്ഥിതിവിശേഷം. യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്ഘടനയായ ഇറ്റലി ഏതാണ്ട് നിശ്ചലമായി. മലയാളികളടക്കം പ്രവാസി ഇന്ത്യക്കാര്‍ വന്‍തോതിലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അനുനിമിഷം തകരുന്നതായാണ് വാര്‍ത്ത. ഇറാനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധ അനിയന്ത്രിതമായാല്‍ അതിന്റെ ഏറ്റവും കനത്ത പ്രഹരത്തിന് ഇന്ത്യയും വിശിഷ്യാ കേരളവുമായിരിക്കും ഇരയാവുക. അഭൂതപൂര്‍വമായ ഈ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ഇന്ത്യ എത്രത്തോളം തയാറെടുത്തിട്ടുണ്ടെന്നത് ഇനിയും വ്യക്തമല്ല.

വര്‍ഗീയതയുടെ വൈറസുകളെ വിന്യസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോഡി ഭരണകൂടം അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടാന്‍ എന്തു തയാറെടുപ്പുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജനങ്ങളെ അറിയിച്ച് പരിഭ്രാന്തിയകറ്റാന്‍ ഇനി വൈകിക്കൂട. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഇന്നത്തെ അവസ്ഥ കൊവിഡ്-19ന്റെ ആവിര്‍ഭാവത്തോടെ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ചിന്ത അസ്വസ്ഥത ഉളവാക്കുന്നു. ഭരണകൂട നയങ്ങള്‍ താറുമാറാക്കിയ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നായിരുന്നു അവകാശവാദം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വളര്‍ച്ച നിരക്കില്‍ നേരിയ പുരോഗതി കൈവരിക്കാനായതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എന്നാല്‍ കൊവിഡ്-19 വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും. നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും ഓഹരി വിപണി തകര്‍ച്ചയും നല്കുന്നത് ശുഭസൂചനകളല്ല. ഇന്ത്യന്‍ വ്യവസായം വികസിത രാഷ്ട്രങ്ങളെപ്പോലെ ഏറെയൊന്നും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. രോഗബാധ എണ്ണവിലയില്‍ ഉണ്ടാക്കിയ ഇടിവും ഇന്ത്യയ്ക്ക് അനുകൂലമാണ്. എന്നാല്‍, തങ്ങളുടെ വര്‍ഗീയ അജണ്ട മാറ്റിവച്ച് ആഗോള പ്രതിസന്ധിയുടെ നടുവില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്താന്‍ മോഡി ഭരണകൂടത്തിന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.