കോവിഡ് ‑19 മഹാമാരിയെ തുടർന്ന് നേരത്തെ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആരോഗ്യപരിപാലന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) ഏണസ്റ്റ് ആൻഡ് യങ്ങും നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കോവിഡ്-19 ഭീതിയെ തുടർന്ന് സ്വകാര്യാശുപത്രികളിൽ രോഗികളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്തെ ആശുപത്രികളിലെ മൊത്തം 60%-ലേറെ ബെഡ്ഡുകളും അത്ര തന്നെ ഇൻ‑പേഷ്യന്റുകളും 80% ഡോക്ടർമാരുമുള്ള സ്വകാര്യാശുപത്രികൾ അടിയന്തര സാഹചര്യങ്ങൾ നേരിടാനായി കഴിഞ്ഞ മാസങ്ങളിൽ മാനവശേഷിയിലും ഉപകരണങ്ങളിലും അടക്കം വൻതുകയാണ് നിക്ഷേപിച്ചിട്ടുള്ളത്.
കോവിഡിന് മുമ്പ് സ്വകാര്യാശുപത്രികളിലെ കിടപ്പുരോഗികളുടെ തോത് 65 മുതൽ 70 ശതമാനമായിരുന്നുവെങ്കിൽ മാർച്ച് അവസാനത്തോടെ ഇത് 40 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതായി ഫിക്കി — ഇവൈ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നില തുടർന്നാൽ ഇത് ഇനിയും കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡയഗ്നോസ്റ്റിക് ലാബുകൾക്കുണ്ടായ ആഘാതം ഇതിലും വലുതാണ്. ലാബുകളിലേക്ക് വരുന്ന രോഗികളുടെ എണ്ണത്തിലും വരുമാനത്തിലും ഏകദേശം 80% കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ധനസഹായമായി 14,000 ‑24,000 കോടി രൂപ വരെയുള്ള ഹ്രസ്വകാല പലിശരഹിത വായ്പകൾ അനുവദിച്ച് സർക്കാർ പിന്തുണയ്ക്കണമെന്ന് ഫിക്കി — ഇവൈ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
സിജിഎച്ച്എസ്, ഇസിഎച്ച്എസ് പദ്ധതികൾ പ്രകാരമുള്ള സർക്കാർ കുടിശ്ശികയായ 1700–2000 കോടി രൂപ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, തുക ഇതുവരെ ലഭ്യമായിട്ടില്ല. അത്തരം കുടിശ്ശിക ഉടൻ നൽകുന്നത് ഈ അവസരത്തിൽ ഏറെ നിർണായകമാണ്.
പരോക്ഷ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് അടിയന്തിര സാമ്പത്തിക ഉത്തേജനം നൽകുന്നതിനുള്ള മറ്റ് ശുപാർശകളിൽ പെടുന്നു. നിശ്ചിത കാലയളവിലേക്ക് സംഭരണത്തിന് നൽകിയ യോഗ്യതയില്ലാത്ത ജിഎസ്ടി ക്രെഡിറ്റുകൾക്ക് തുല്യമായ തുക തിരിച്ചുപിടിക്കുക; കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി അവശ്യ മരുന്നുകൾ, ഉപഭോഗവസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയിൽ കസ്റ്റംസ് തീരുവ/ജിഎസ്ടി ഇളവ്; മെഡിക്കൽ ഉപകരണങ്ങളിലെ ആരോഗ്യ സെസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, ഇപിസിജി സ്കീമിന് കീഴിലുള്ള സമയം നീട്ടുക തുടങ്ങിയവയും ശുപാർശകളിൽപ്പെടുന്നു. ആദായനികുതി ആനുകൂല്യങ്ങളും പലിശയില്ലാതെ നിയമപരമായ ബാധ്യതാ പേയ്മെന്റുകൾ മാറ്റിവയ്ക്കൽ, നിശ്ചിത കാലയളവിനുള്ള പിഴ (3–6 മാസം), കാലയളവിലേക്കുള്ള വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കുക എന്നിവയുമാണ് മറ്റു പ്രധാന ശുപാർശകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.