കോവിഡ് 19: സമ്പർക്ക രോഗികളുടെ തലസ്ഥാനമായി തിരുവനന്തപുരം ജില്ല

മനോജ് മാധവൻ

തിരുവനന്തപുരം

Posted on July 27, 2020, 9:30 pm

കോവിഡ് 19 സമ്പർക്ക രോഗികളുടെ തലസ്ഥാനമായി തിരുവനന്തപുരം ജില്ല. ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 90 ശതമാനത്തോളം പേർക്ക് രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ. ഉറവിടം അറിയാത്ത രോഗികൾ കൂടുതലുള്ളതും, ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതും തിരുവനന്തപുരത്താണ്. ജില്ലയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ച് 11 പേരാണ് മരിച്ചത്. കോവിഡ്19 സ്ഥിരീകരിച്ച് 2,788 പേർ നിലവിൽ ചികിത്സയിലുണ്ട്. 15,169 പേർ നിരീക്ഷണത്തിലും. 12,846 പേർ വീടുകളിലും, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും, 2,323 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമാണ്.

കേരളത്തിൽ ആദ്യമായി ജൂലൈ 17ന് സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്ത പൂന്തുറയിലും, പുല്ലുവിളയിലും കടുത്ത നടപടികളെ തുടർന്ന് രോഗ വ്യാപനത്തിന് അൽപ്പം അയവ് വന്നെങ്കിലും ജില്ലയുടെ തീരപ്രദേശവും, നഗര — ഗ്രാമ വ്യത്യാസമില്ലാതെ സമ്പർക്കത്തിലൂടെ കോവിഡ് 19 പിടിയിലമരുന്ന റിപ്പോർട്ടുകളാണ് അനുദിനം വരുന്നത്. ഇന്നലെ 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിൽ 164 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 290 പേരെ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ജൂലൈ ആറ് മുതൽ ഇന്നലെ വരെ 2,903 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ ഏഴ് തവണ പ്രതിദിന രോഗികളുടെ എണ്ണം 200ന് മുകളിലെത്തിയതിൽ, ആറു തവണയും സമ്പർക്ക രോഗികളുടെ എണ്ണവും 200 കവിഞ്ഞു. ജൂലൈ 17ന് ശേഷം തുടർച്ചയായ എല്ലാ ദിവസങ്ങളിൽ നൂറിലധികം പേർക്ക് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം റിപ്പോർട്ട് ചെയ്തു.

2020 മാർച്ച് 13നാണ് തിരവനന്തപുരത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് പേർക്കായിരുന്നു രോഗബാധ. ജൂലൈ 26 (ഇന്നലെ) വരെ 3,507 പേർക്ക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിന് 27 പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസം മുതലാണ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത്. അന്ന് 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ജൂലൈ ആറു മുതൽ നഗരസഭ പരിധിയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ പത്തിന് രോഗബാധിതരുടെ പ്രതിദിന എണ്ണം ആദ്യമായി നൂറ് കടന്നു. ഈ ഘട്ടത്തിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 90 ശതമാനത്തിൽ അധികവും സമ്പർത്തിലൂടെ ആയിരുന്നു. 13 മുതൽ ലോക്ഡൗൺ വീണ്ടും നീട്ടി. 14ന് പ്രതിധിന രോഗികളുടെ എണ്ണം 200 കവിഞ്ഞു. 16ന് 339 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 317 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു.

ജില്ലയിൽ ഇതുവരെ 739 പേർ രോഗമുക്തി നേടിയിട്ടുണ്ട്

കോവിഡ് രോഗികൾ അനുദിനം വർധിക്കുന്നതിൽ തലസ്ഥാന ജില്ലയിലെ ജനങ്ങളാകെ ഭീതിയുടെ മുൾമുനയിൽ. 22 ദിവസമായി തുടരുന്ന ജില്ലയിലെ ലോക്ഡൗൺ നാളെ അവസാനിക്കാനിരിക്കെ ജില്ല ഇനി കടുത്ത നടപടികളിലേക്കോ അതോ തുടർന്നും ലോക്ഡൗണിലേക്കോ എന്നും ആശങ്ക പടരുന്നുണ്ട്. രോഗ വ്യാപനം കൂടുന്ന പ്രദേശങ്ങളിലെല്ലാം പഴുതടച്ച നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈ മെയ്യ് മറന്ന് ആരോഗ്യ പ്രവർത്തകരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ജില്ലാ ഭരണകൂടവും, സന്നദ്ധ സേവകരും, പൊതുജനങ്ങളും, രാഷ്ട്രീയ പ്രവർത്തകരും വിശ്രമരഹിത പരിശ്രമത്തിലാണ്.

തിരുവനന്തപുരം കോർപ്പറേഷനിലെ ഏഴ് ജനപ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചു. മറ്റു കൗൺസിലർമാരിൽ ഏറിയപങ്കും നിരീക്ഷണത്തിലായി. ജില്ലയിലെ നിരവധി നിയമസഭാ സാമാജികരും, മുനിസിപ്പൽ- പഞ്ചായത്ത് അംഗങ്ങളും, ആരോഗ്യ പ്രവർത്തകരും, പൊതുപ്രവർത്തകരും നിരീക്ഷണത്തിൽ തുടരുന്നത് കോവിഡ് വ്യാപനത്തിന്റെ ഭീതി വർധിപ്പിക്കുന്നു.

you may also like this video