കോവിഡ് കാലമെത്തിയതോടെ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളിലെത്തുന്ന രക്തദാതാക്കളുടെ എണ്ണത്തില്‍ വലിയ കുറവ്. ഈ നില തുടർന്നാൽ രക്തത്തിനു കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സ്ഥിതിയിലേക്കെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
കോവിഡിനെ തുടർന്ന് രക്തദാനം കുറഞ്ഞതോടെയാണ് മെഡിക്കൽ കോളജടക്കമുള്ള ആശുപത്രികളില്‍ രക്തക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. നേരത്തേ വലിയതോതിൽ യുവാക്കളടക്കം ആശുപത്രിയിലെത്തി രക്തം ദാനം ചെയ്യുന്നത് പതിവായിരുന്നു. വിവിധ സംഘടനകളും രംഗത്ത് സജീവമായിരുന്നു. എന്നാൽ, ഇപ്പോൾ രക്ത ദാതാക്കളുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. ഇതോടെ മെഡിക്കൽ കോളജിലെ രക്തബാങ്കിൽ പല ഗ്രൂപ്പുകളിലുമുള്ള രക്തത്തിനും ഇപ്പോൾ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
വിവിധ ഡിപ്പാർട്മെൻറുകളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. അപകടങ്ങളിൽപെട്ടും മറ്റും എത്തുന്ന രോഗികൾക്ക് അടിയന്തര ശസ്ത്രക്രി യ നടത്തേണ്ടതായി വരും. ഇവക്കെല്ലാം രക്തവും ആവശ്യമായി വരും. നിലവിലുള്ള സ്റ്റോക്കിൽ നിന്നാണ് ഇപ്പോൾ ഇങ്ങനെയുള്ള ആവശ്യം നിറവേറ്റുന്നത്. ഈ നില തുടർന്നാൽ രക്തത്തിനു കടുത്ത ക്ഷാമം അനുഭവപ്പെടുകയും ശസ്ത്ര ക്രിയകൾ തന്നെ മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ഇത് രോഗികളുടെ ജീവ നുതന്നെ ഭീഷണിയാകും.
മെഡിക്കൽ കോളജിൽ സഞ്ചരിക്കുന്ന മെഡിക്കൽ ലാബുണ്ട്. ഈ വാഹനം പല സ്ഥ ലങ്ങളിൽ പോയി ക്യാമ്പുകൾ സംഘടിപ്പിച്ച് രക്തം ശേഖരിക്കാറുമുണ്ട്. എന്നാൽ, കോവിഡ് മൂലം ഇതിനും കഴിയുന്നില്ല. ഇപ്പോൾ രോഗികളുടെ ബന്ധു ക്കൾ സമൂഹമാധ്യമങ്ങൾ വഴി രക്തത്തിന്റെ ആവശ്യം ഉന്നയിച്ച് പോസ്റ്റുക ൾ ഇടുകയാണ് ചെയ്യുന്നത്. നെഗറ്റിവ് ഗ്രൂപ്പിൽപെട്ട രക്തം ലഭിക്കാനാണ് ഏറെ ബുദ്ധിമുട്ട് അനുഭവ പ്പെടുന്നത്.
കൊവിഡ് ഭീഷണി മൂലം കടുത്ത രക്തദൗര്‍ലഭ്യം നേരിടുന്ന കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രക്തദാതാക്കളെ എത്തിക്കുന്നതിന് വേണ്ടി സ്നേഹവാഹിനി മിഷന് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടത്തും ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളിലേക്ക് രക്തദാതാക്കളെ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണിത്. എങ്കിലും ആശുപത്രികളിലേക്കെത്തി രക്തം ദാനം ചെയ്യാന്‍ പലരും മടിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.