കോവിഡ്: വാക്‌സിന്റെ പകുതിയും സമ്പന്ന രാജ്യങ്ങള്‍ ഇപ്പോഴേ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ

Web Desk

ന്യൂഡല്‍ഹി

Posted on September 17, 2020, 12:49 pm

കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. അത് കൊണ്ട് തന്നെ വാക്സിൻ എന്ന പ്രതീക്ഷയിലേക്കാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് ഇതിനോടകം പലതരത്തിലുള്ള ചർച്ചകളും നടന്നു. ഇപ്പോഴിതാ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട്

‘ഓക്സ്ഫാം’ എന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോർട്ട് ചർച്ചയാവുകയാണ്. പ്രാരംഭഘട്ടത്തിൽ ആകെ ഉത്പാദിപ്പിച്ചെടുക്കാൻ സാധ്യതയുള്ള വാക്സിന്റെ പകുതിയും ഇപ്പോഴേ സമ്പന്ന രാജ്യങ്ങൾ സ്വന്തമാക്കിയെന്നാണ് ‘ഓക്സ്ഫാം’ ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ ഉത്പാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും വാക്സിൻ നിർമ്മാതാക്കളുമായാണ് രാജ്യങ്ങൾ ധാരണയിലെത്തിയിരിക്കുന്നത് എന്നും ‘ഓക്സ്ഫാം’ അവകാശപ്പെടുന്നു.

യുഎസ്, യുകെ, ഓസ്ട്രേലിയ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളാണ് വാക്സിന്റെ നല്ലൊരു പങ്കും ഇപ്പോഴേ സ്വന്തമാക്കിയിരിക്കുന്നതത്രേ. ബാക്കി വരുന്ന വാക്സിനിൽ ഒരു പങ്ക് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ബ്രസീൽ, ഇന്തോനേഷ്യ, മെക്സിക്കോ പോലുള്ള രാജ്യങ്ങളും സ്വന്തമാക്കിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു.

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളും തിരിച്ചടികളും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ രാജ്യങ്ങളും അനുഭവിച്ചുവെന്നും അതിനാൽ തന്നെ പക്ഷപാതമില്ലാതെ വാക്സിൻ വിതരണം നടക്കേണ്ടതുണ്ടെന്നും ‘ഓക്സ്ഫാം അമേരിക്ക’യുടെ വക്താവ് റോബർട്ട് സിൽവർമാൻ അഭിപ്രായപ്പെട്ടു.

you may also like this video