Web Desk

Kottayam

December 27, 2020, 8:50 pm

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാതെ സ്വകാര്യ ബസ് മേഖല

Janayugom Online

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാതെ സ്വകാര്യ ബസ് മേഖല. ജില്ലയില്‍ ഇനിയും സര്‍വീസ്‌ പുനരാരംഭിക്കാതെ വഴിയരുകിലും വീട്ടുമുറ്റങ്ങളിലുമായി കിടക്കുന്നത്‌ 250 ലേറെ സ്വകാര്യ ബസുകളാണ്. മാസങ്ങളായി കട്ടപ്പുറത്ത് കിടക്കുന്ന ഈ ബസുകള്‍ ഇനി നിരത്തിലിറക്കണമെങ്കില്‍ കുറഞ്ഞത്‌ അരലക്ഷം രൂപ വീതമെങ്കിലും വേണ്ടി വരും. ജില്ലയില്‍ ആയിരത്തോളം സ്വകാര്യ ബസുകളാണ്‌ ലോക്‌ഡൗണിനു മുമ്പ്‌ സര്‍വീസ്‌ നടത്തിയിരുന്നത്‌. ഇപ്പോള്‍ ഓടുന്നത്‌ പരമാവധി 750 എണ്ണം മാത്രമാണ്. തിരക്കുള്ള സമയത്തു മാത്രം സര്‍വീസ്‌ നടത്തുന്ന ബസുകളില്‍ ഭൂരിഭാഗവും ഞായറാഴ്‌ച സര്‍വീസ്‌ നടത്തുന്നുമില്ല. സന്ധ്യകഴിഞ്ഞ്, നഗരത്തില്‍ നിന്നും തൊഴിലാളികള്‍ മടങ്ങുന്നതോടെ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ് ബസുകള്‍ അധികവും. ഉച്ചസമയങ്ങളില്‍ പല സര്‍വ്വീസുകളും ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. വരുമാനം കുറഞ്ഞതും, ഇന്ധന ചിലവ് ഏറുന്നതും തന്നെയാണ് പല സര്‍വ്വീസുകളും മുടക്കാന്‍ കാരണമെന്ന് ജീവനക്കാരും പറയുന്നു. കോട്ടയം താലൂക്കിലും കോട്ടയം ‑എറണാകുളം റൂട്ടിലുമാണ്‌ ഏറ്റവും കൂടുതല്‍ സര്‍വീസ്‌ പുനരാരംഭിച്ചത്‌. ഇവയില്‍ പലതും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചും മറ്റും അവരുടെ സഹകരണത്തോടെയാണ് നിലനിര്‍ത്തുന്നതെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടിലേറെ ജീവനക്കാരുണ്ടായിരുന്ന സര്‍വ്വീസുകളില്‍ ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. കട്ടപ്പന, കുമളി തുടങ്ങി കിഴക്കന്‍ റൂട്ടുകളില്‍ സര്‍വീസുകള്‍ പൂര്‍ണമായി പുനരരാംഭിച്ചിട്ടില്ല. പാലാ, വൈക്കം താലൂക്കുകളിലാണ്‌ കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ളതെന്ന്‌ ഉടമകള്‍ പറയുന്നു. ജി ഫോം നല്‍കി സര്‍വീസ്‌ നടത്തിയ ബസുകളില്‍ കുറെയെണ്ണം കൂടി അടുത്ത മാസം ഓടിത്തുടങ്ങുമെങ്കിലും പ്രസന്ധിഘട്ടം മറികടക്കാനാവാത്തത് ഉടമകളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്. നിലവില്‍ സര്‍വീസ്‌ നടത്തുന്ന ഹ്രസ്വദൂര സര്‍വീസുകളുടെ വരുമാനം 5000 — 7000 രൂപ വരെയാണ്‌. ലോക്‌ഡൗണ്‍ ആരംഭത്തിനു ശേഷം ഡീസലിനു മാത്രം 10 രൂപയ്ക്ക് മുകളില്‍ വര്‍ധനയുണ്ടായെന്ന്‌ ഉടമകള്‍ പറയുന്നു. ജനുവരി ഒന്നിനു ബസുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ നികുതി, ക്ഷേമനിധി, ജി.പി.എസ്‌. എന്നിവയ്‌ക്കായി പണം മുടക്കണം. ത്രൈമാസ നികുതി പകുതിയായി കുറച്ചെങ്കിലും കുറഞ്ഞത്‌ ഒരു ബസിനു 15000 രൂപ വേണ്ടി വരും, ക്ഷേമനിധിയിലേക്കു 4500 രൂപയും ജി.പി.എസ്‌. ഘടിപ്പിക്കുന്നതിനു 10000 രൂപയും ആവശ്യമാണ്‌. പെര്‍മിറ്റ്‌ പുതുക്കുന്നത്‌, ടെസ്‌റ്റിങ്ങ്‌ ഉള്‍പ്പെടെയുള്ള പണച്ചെലവ്‌ വേറെയെന്ന്‌ ഉടമകള്‍ പറയുന്നു. ഓടാതെ കിടക്കുന്ന ബസുകള്‍ സര്‍വീസ്‌ പുനരാരംഭിക്കണമെങ്കില്‍ വന്‍ പണച്ചെലവ് വേണ്ടി വരും. മിക്ക ബസുകളുടെയും ബാറ്ററികള്‍ നശിച്ചു. ടയര്‍, എന്‍ജിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന റബര്‍ ബുഷുകള്‍ എന്നിവ ഉറഞ്ഞു നശിച്ചു.സീറ്റുകളിലും ഉള്‍വശത്തും പൂപ്പല്‍ ബാധിച്ചു. ഇവയെല്ലാം മാറ്റി പെയ്‌ന്റ്‌ ചെയ്‌തു സര്‍വീസ്‌ നടത്തിയാല്‍ മാത്രമേ പുറത്തിറക്കാനാകൂ. എന്നാല്‍, ആവശ്യത്തിനു യാത്രക്കാരില്ലെങ്കില്‍ കടം പിന്നെയും വര്‍ധിക്കുമെന്നും ഉടമകള്‍ പറയുന്നു.