Web Desk

പത്തനംതിട്ട

July 22, 2020, 9:51 am

മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കോവിഡ്; എട്ടു വൈദികരുൾപ്പെടെ എഴുപതോളം പേർ നിരീക്ഷണത്തിൽ

Janayugom Online

പത്തനംതിട്ടയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കോവിഡ്. ചടങ്ങിൽ പങ്കെടുത്ത എട്ടു വൈദികരുൾപ്പെടെ എഴുപതോളം പേർ നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയിൽ നടന്ന മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇയാൾ ചടങ്ങിൽ ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. ചടങ്ങിൽ സംബന്ധിച്ച വൈദികർ 12,19 തീയതികളിൽ വിവിധ ദേവാലയങ്ങളിൽ കുർബാന അർപ്പിച്ചു. മാമോദീസ കഴിഞ്ഞു പത്താംദിവസമാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വാര്യാപുരം സ്വദേശിയായ യുവാവ് ജോലി ചെയ്യുന്നത്. കേറ്ററിങ്ങുകാർക്കൊപ്പം ഭക്ഷണം വിളമ്പാൻ എത്തിയതായിരുന്നു. ഈ യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാൾക്ക് നേരത്തെ കോവിഡ് പോസിറ്റിവായിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിപ്പ് വന്നത്. പള്ളിയിൽ പങ്കെടുത്ത ചിലരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവാവുമായി സമ്ബർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അതേസമയം ക്വാറന്റീനിൽ കഴിയുന്നവരിൽ ചിലർ ക്വാറന്റീൻ ലംഘിച്ച് നാട്ടിലിറങ്ങുന്നതായും പരാതിയുണ്ട്. ക്വാറന്റീൻ ലംഘനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇലവുംതിട്ട പോലീസ് പ്രതികരിച്ചു.

you may also like this video