Web Desk

Kottayam

December 13, 2020, 2:43 pm

കോവിഡ് തീര്‍ത്ത ആശങ്കകള്‍ക്കിടയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നാടും നഗരവും

Janayugom Online

കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ക്രിസ്മസിനെ വരവേല്ക്കാൻ ഒരുങ്ങുകയാണ് വിപണി. വിഷുവും ഓണവും കോവിഡ് കവര്‍ന്നെങ്കിലും നിയന്ത്രണങ്ങളില്‍ വന്ന ഇളവ് ഗുണകരമാവുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മുൻ വർഷങ്ങളിലേതു പോലെ ക്രിസ്മസ് വിപണിയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലേത് പോലെ നക്ഷത്രങ്ങളും പുൽക്കൂടും അലങ്കാര ലൈറ്റുകളും വാങ്ങാൻ ആളുകളുടെ തിക്കിത്തിരക്കില്ല. വിദേശത്തും സ്വദേശത്തുമുള്ളവര്‍ ഇത്തവണ വീടുകളില്‍തന്നെ കഴിയുന്നതിനാല്‍ പുല്‍ക്കൂടും നക്ഷത്രങ്ങളും വീട്ടില്‍തന്നെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് മിക്കവരും.

22 അടി ഉയരമുള്ള നക്ഷത്രമൊരുക്കിയാണ് അതിരമ്പുഴ മണ്ണാറുകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളി ക്രിസ്മസിനെ വരവേല്‍ക്കുന്നത്. പരിസ്ഥിതി സൗഹൃദമാതൃകയില്‍ മുളയും തുണിയും ഉപയോഗിച്ച് യുവദീപ്തി അംഗങ്ങളാണ് വലിയ നക്ഷത്രം ഒരുക്കിയത്. രണ്ട് ദിവസംകൊണ്ടാണ് നക്ഷത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിത്. എന്നാല്‍ വിപണിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് നഗര ഗ്രാമപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ ആളുകളെ ആകർഷിക്കുന്നതിനായി വിവിധ തരത്തിലുള്ള നക്ഷത്രങ്ങളും ലൈറ്റുകളും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണും കൊവിഡും കാരണം പുതു ട്രെൻഡുകള്‍ കാര്യമായി വിപണിയിലേക്ക് എത്തിത്തുടങ്ങിയില്ലെങ്കിലും വിപണി കളറാക്കാനുള്ള എല്ലാം ഉണ്ടെന്ന് വ്യാപാരികളും പറയുന്നു. വിവിധ നിറത്തിലും പേരിലും ഉള്ള നക്ഷത്രങ്ങളാണ് വിപണിയിലെ ആകര്‍ഷണീയത. ക്രിസ്മസ് ട്രീയും പുൽക്കൂടും രൂപങ്ങളും അലങ്കാര വസ്തുക്കളും എൽഇഡി ലൈറ്റും മുഖംമൂടിയും വാങ്ങാനാണ് ആളുകള്‍ പ്രധാനമായും കടകളില്‍ എത്തുന്നത്.

സാധാരണ പേപ്പര്‍ കൊണ്ടുള്ള നക്ഷത്രങ്ങള്‍ മുതല്‍ എൽഇഡി നക്ഷത്രങ്ങള്‍ വരെ വിപണിയിലുണ്ട്. എന്നാല്‍, പ്രകൃതിയുമായി ഇണങ്ങുന്ന പേപ്പർ നക്ഷത്രങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. എങ്കിലും തിളക്കമേറിയ എൽ.ഇ.ഡി സ്റ്റാറുകൾക്കാണ് ഡിമാൻഡ് കൂടുതൽ. വലിപ്പവും ടൈപ്പും അനുസരിച്ചാണ് ഇവയുടെ വില. ചെറുതും വലുതുമായ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ അലങ്കാര വസ്തുക്കൾ, അലങ്കാര ലൈറ്റുകൾ, ബലൂണുകൾ, തൊപ്പികൾ തുടങ്ങിയവയുമുണ്ട്. കൂടാതെ, പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഉണ്ട്. നക്ഷത്രങ്ങള്‍ക്ക് 70 രൂപ മുതൽ ആണ് വില. 450 വരെയുള്ള ബട്ടർ കോട്ടിംഗ് സ്റ്റാറുകൾ വരെ വിപണിയിലുണ്ട്. എൽ.ഇ.ഡി ലൈറ്റുകൾ 100 രൂപ മുതൽ 1250 വരെയുള്ളവയുണ്ട്. എട്ട് ഡിസൈൻ, 12 ഡിസൈൻ വരെ ലേസർ ടൈപ്പുകളും ഉണ്ട്. 170 മുതൽ 480 രൂപവരെയാണ് എൽ.ഇ.ഡി സ്റ്റാറുകളുടെ വില. 450 രൂപ മുതലാണ് പുൽക്കൂടുകളുടെ വില. ക്രിസ്മസ് ട്രീയുടെ വില 550ൽ ആരംഭിക്കുന്നു. 900 മുതൽ 4000 വരെ വലിപ്പമനുസരിച്ച് ട്രീയുടെ വിലയിലും വ്യത്യാസം വരും. വിവിധ തരത്തിലുള്ളതും വലിപ്പത്തിലുള്ളതും ലഭ്യമാണ്.

കൊവിഡ് മൂലം കരോൾ, ക്രിസ്മസ് മത്സരങ്ങൾ, പള്ളികളിലെ ആഘോഷങ്ങൾ തുടങ്ങിയവ ഇല്ലാത്തത് വിപണിയെ ബാധിക്കുമെന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്മസ് ഫാദർ മുഖംമൂടി കച്ചവടക്കാർ കടകളിലേക്ക് കൂടുതലായി എടുത്തിട്ടില്ല. കച്ചവടം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.