കോഴിക്കോടന്‍ പെരുമയില്‍ മയങ്ങി കേരളബ്ലോഗ് എക്‌സ്പ്രസ് സംഘം

Web Desk
Posted on March 26, 2018, 10:44 pm

കോഴിക്കോട്: കടത്തനാടിന്‍റെ സമ്പന്നമായ കളരി പാരമ്പര്യം, ലോകമെങ്ങും കേള്‍വികേട്ട മലബാറിന്‍റെ രുചിവൈവിധ്യം, ചരിത്ര പൈതൃകസ്മാരകങ്ങള്‍ അതിവിശാലമായ കടല്‍ത്തീരം, മാനാഞ്ചിറയും മിഠായിത്തെരുവും പക്ഷിസങ്കേതവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോഴിക്കോടന്‍ പെരുമ ആസ്വദിച്ച് കേരളബ്ലോഗ് എക്‌സ്പ്രസ്സ് സംഘം. കോഴിക്കോട്ടെത്തിയ സംഘത്തെ ജില്ലാ കളക്ടര്‍ യു വി ജോസിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഫ്രാന്‍സ്, അമേരിക്ക, യു കെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്ന് കേരളം കാണാന്‍ ഇറങ്ങിത്തിരിച്ച ലോകപ്രശസ്തരായ 30 ബ്ലോഗര്‍മാരാണ് എക്‌സ്പ്രസ് സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ചവരെയാണ് കേരളബ്ലോഗ് എക്‌സ്പ്രസ്സിന്‍റെ അഞ്ചാമത് എഡിഷനിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

മാര്‍ച്ച് 18 ന് തിരുവനന്തപുരത്തുനിന്നാണ് ഇത്തവണത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ഏപ്രില്‍ ഒന്നിന് കൊച്ചിയിലാണ് സമാപനം. കൈറ്റ്ബീച്ചിലെ തുറന്ന വേദിക്ക് സമീപമായി ബ്ലോഗര്‍മാര്‍ക്കായി പട്ടം പറത്തല്‍ പരിശീലനം നടത്തി.
‘ട്രിപ്പ് ഓഫ് എ ലൈഫ്‌ടൈം’ എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസ്സിന്‍റെ കേരള പര്യടനം നടക്കുന്നത്. രണ്ടാഴ്ചകൊണ്ട് മനോഹരമായ മലനിരകളും പ്രശാന്തസുന്ദരമായ കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പടെയുള്ള കേരളീയ പ്രകൃതിദൃശ്യങ്ങളും നഗര ജീവിതകാഴ്ചകളും ആസ്വദിക്കുന്ന സംഘം തങ്ങള്‍ അനുഭവിച്ചറിഞ്ഞ കേരളീയാനുഭവങ്ങള്‍ പിന്നീട് സഞ്ചാരകുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കും. ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവവിവരണം വിദേശവിനോദസഞ്ചാരികളെ വലിയതോതില്‍ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുമെന്നാണ് ടൂറിസംവകുപ്പ് വിലയിരുത്തുന്നത്.